എടയൂർ വായനശാല റോഡിൽ ദുരിതയാത്ര

സ്വന്തം ലേഖകൻ
വളാഞ്ചേരി
മാവണ്ടിയൂർ കൂരിയാൽ- എടയൂർ വായനശാല റോഡിലെ ദുരിതയാത്രക്ക് അറുതിയായില്ല. എടയൂർ പഞ്ചായത്തിൽ നവീകരണത്തിനായി ഏറ്റവും കൂടുതൽ പ്രാവശ്യം തുക വകയിരുത്തിയ റോഡിലാണ് ദുരിതയാത്ര. വായനശാലമുതൽ മാവണ്ടിയൂർ കൂരിയാൽ ജങ്ഷൻവരെയുള്ള റോഡിന്റെ പല ഭാഗങ്ങളും കുഴിയും കുണ്ടുമായി തകർന്നുകിടക്കുകയാണ്. നാല് കിലോമീറ്ററിന് അടുത്ത് നീളമുള്ള വരുന്ന റോഡിൽ നവീകരണം നടത്തിയാൽ വൈകാതെതന്നെ പല ഭാഗങ്ങളും തകരുന്നതാണ് പതിവ്. കരിങ്കൽ, ചെങ്കൽ ലോറികൾ നിരന്തരം പോകുന്നതാണ് റോഡ് പെട്ടെന്ന് തകരാൻ കാരണം. മാവണ്ടിയൂർ ഹയർ സെക്കൻഡറി സ്കൂൾ, വിവിധ മദ്രസകൾ, വടക്കുംപുറം കെവിയു പി സ്കൂൾ തുടങ്ങിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ഒട്ടനവധി വിദ്യാർഥികൾ ആശ്രയിക്കുന്ന റോഡാണിത്. വളാഞ്ചേരിയിലും എടയൂരുമുള്ള ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ബസുകളും ഇതുവഴി സർവീസ് നടത്തുന്നുണ്ട്. എടയൂർ, വടക്കുംപ്പുറം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഇൗ റോഡ് പൊതുമാരാമത്ത് വകുപ്പിനുകീഴിലാണ്. റബറൈസ് ചെയ്യുകയോ വെള്ളക്കെട്ട് കാരണം സ്ഥിരം തകരുന്ന ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്യുകയോ ചെയ്താൽമാത്രമേ റോഡിന്റെ തകർച്ചയ്ക്ക് ശാശ്വതമായ പരിഹാരമാകൂ. റോഡ് ശാസ്ത്രീയമായി നവീകരിക്കാൻ ജനപ്രതിനിധികൾ ഇടപെടുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.







0 comments