നിരത്തുകളിൽ വിഹരിക്കുന്നു കുട്ടിഡ്രൈവർമാർ
7 ദിവസം, പിടിയിലായത് 64പേർ

കൊല്ലം
ഏഴുദിവസം ജില്ലയിൽ പിടിയിലായത് 64 കുട്ടി ഡ്രൈവർമാർ. സ്വന്തം ജീവനൊപ്പം നിരപരാധികളുടെയും ജീവനെടുക്കുന്ന ഡ്രൈവിങ്ങിനെതിരെയുള്ള നടപടിയിൽ 64പേരും കുടുങ്ങിയത് കൊല്ലം സിറ്റി പൊലീസ് പരിധിയിൽ. ഡ്രൈവിങ് ലൈസൻസില്ലാത്ത കുട്ടികൾക്ക് വാഹനം നൽകിയ രക്ഷിതാക്കൾ ഉൾപ്പെടെ 64 പേർക്കെതിരെയാണ് നടപടി. വാഹനം ഉടമകൾക്ക് 25,000 രൂപ പിഴയും തുടർനടപടികളും. കുട്ടികൾക്കെതിരെ സോഷ്യൽ ബാക് ഗ്രൗണ്ട് റിപ്പോർട്ടും (എസ്ബിആർ) രക്ഷിതാക്കൾ ഉൾപ്പെടെയുള്ള വാഹനം ഉടമകൾക്കെതിരെ എഫ്ഐആറും രജിസ്റ്റർ ചെയ്തു. കുട്ടികളുടെ വിവരങ്ങൾ ജുവനൈൽ ജസ്റ്റിസ് ബോർഡിനു കൈമാറി. ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച കേസിൽ ജഡ്ജി പ്രതിയായിട്ടും പതിനാറുകാരൻ ഓടിച്ച സ്കൂട്ടർ ഇടിച്ച് മരിച്ച കാൽനടയാത്രക്കാരന്റെ കുടുംബത്തിന് രക്ഷിതാവ് 29ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചിട്ടും വിഹരിക്കുകയാണ് കുട്ടിഡ്രൈവർമാർ. നെടുമ്പാശേരിയിൽ പത്തൊന്പതുകാരൻ ഓടിച്ച കാറിടിച്ച് മൂന്നുപേർ മരിച്ചത് കോളിളക്കമായിട്ടും കുട്ടികളെ പിന്തിരിപ്പിക്കാൻ രക്ഷിതാക്കൾ തയ്യാറായിട്ടില്ല. ലൈസൻസില്ലാത്ത കുട്ടികൾ പ്രതികളായ കേസുകൾ ജില്ലയിൽ കൂടിവരികയാണെന്ന് പൊലീസും മോട്ടോർവാഹന വകുപ്പ് അധികൃതരും പറയുന്നു. വാഹനം അപകടത്തിൽപ്പെടുന്പോൾ മാത്രമാണ് പല രക്ഷിതാക്കളും വിവരമറിയുന്നത്. 10, 12 ക്ലാസുകളിലെ വിദ്യാർഥികളടക്കമുണ്ട് പിടിയിലായവരിൽ. ഹെൽമറ്റില്ലാതെയും മൂന്നുപേർ യാത്രചെയ്തും രാപ്പകൽ വ്യത്യാസമില്ലാതെ കറങ്ങുന്ന ഇൗ ഡ്രൈവർമാർ വാഹനം ഓടിക്കാൻ ഏറെയും തെരഞ്ഞെടുത്തത് പുലർച്ചെയും രാത്രിവൈകിയും. നിരീക്ഷണ കാമറയിൽ കുടുങ്ങാതിരിക്കാൻ നന്പർ പ്ലേറ്റുകൾ മറച്ചും അഴിച്ചുവച്ചുമാണ് സഞ്ചാരം. കൊല്ലം ഈസ്റ്റിൽ മാത്രം 12 കേസ് രജിസ്റ്റർ ചെയ്തു.
സൂക്ഷിക്കാം അകത്താകാതിരിക്കാൻ
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുകയോ നിയമലംഘനം നടത്തുകയോ ചെയ്‌താൽ വാഹനം നൽകിയ അച്ഛനമ്മമാർക്കോ വാഹനം ഉടമയ്‌ക്കോ ആണ് ശിക്ഷ. 25,000 രൂപ പിഴയും മൂന്നുവർഷം തടവും ലഭിക്കും. വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഒരുവർഷത്തേക്ക് റദ്ദാക്കും. വാഹനം ഓടിച്ച കുട്ടിക്ക് 25 വയസ്സായാൽ മാത്രമേ ലൈസൻസിന് അപേക്ഷിക്കാൻ കഴിയൂ. ലൈസൻസില്ലാത്ത മക്കൾക്ക് ഒരുകാരണവശാലും അച്ഛനമ്മമാർ വാഹനം നൽകരുത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതുകണ്ടാൽ പൊലീസിനെയോ മോട്ടോർവാഹന വകുപ്പിനെയോ അറിയിക്കണം.







0 comments