Deshabhimani

കൊല്ലം– പുനലൂർ– ചെങ്കോട്ട പാത

മീറ്റർഗേജ് കാലത്തെ
3 ട്രെയിൻ പുനഃസ്ഥാപിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2026, 12:20 AM | 1 min read

കൊല്ലം

കൊല്ലം– പുനലൂർ– ചെങ്കോട്ട പാതയിൽ മീറ്റർഗേജ് കാലത്ത് കൊല്ലത്തുനിന്ന് സർവീസ് നടത്തിയിരുന്ന പോത്തന്നൂർ, തിരുനെൽവേലി, തിരുച്ചെന്തൂർ റൂട്ടുകളിലെ ട്രെയിനുകൾ പുനഃസ്ഥാപിക്കുമെന്ന്‌ സൂചന. യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യമാണിത്. ജനപ്രതിനിധികൾ പങ്കെടുത്ത്‌ നടന്ന മധുര റെയിൽവേ ഡിവിഷൻ അധികൃതരുടെ യോഗത്തിൽ ഇതുസംബന്ധിച്ച്‌ ധാരണയുണ്ടായി. പുനലൂർ– ഗുരുവായൂർ എക്സ്പ്രസ് നാഗപട്ടണത്തേക്ക് നീട്ടുന്നതിനും പുനലൂർ– കന്യാകുമാരി പാസഞ്ചറിന് കുരിയിൽ സ്റ്റോപ്പ് അനുവദിക്കുന്നതിനും തീരുമാനമായി. പുനലൂർ– ഗുരുവായൂർ എക്സ്പ്രസ് നാഗപട്ടണത്തേക്ക് നീട്ടുന്നത് കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രധാന തീർഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിക്കും. ഗുരുവായൂർ, വേളാങ്കണ്ണി, നാഗപട്ടണം തുടങ്ങിയ തീർഥാടനകേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാമാർഗം ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും. ഏഴുകോൺ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുന്നതോടെ ചെന്നൈ എഗ്മോർ എക്സ്പ്രസിനും വേളാങ്കണ്ണി എക്സ്പ്രസിനും സ്റ്റോപ്പ് അനുവദിക്കാനും ധാരണയായി. പുനലൂർ– മധുര– ഗുരുവായൂർ റൂട്ടിലെ വിസ്റ്റാഡം കോച്ച് സർവീസ് തുടരും. പുനലൂർ– ചെങ്കോട്ട റെയിൽവേ പാതയിൽ ട്രെയിനുകൾക്ക് നിലവിൽ ആവശ്യമായി വരുന്ന ബങ്കർ എൻജിൻ സംവിധാനം ഒഴിവാക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും. പാതയുടെ ചരിവ്, സുരക്ഷാ മാനദണ്ഡങ്ങൾ, എൻജിൻ ശേഷി തുടങ്ങിയ സാങ്കേതിക വശങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. തെങ്കാശി– ഭഗവതിപുരം റൂട്ടിൽ നിലവിലുള്ള മണിക്കൂറിൽ 60കിലോമീറ്റർ വേഗപരിധി 90കിലോമീറ്ററായി ഉയർത്തും. പാതയുടെ സാങ്കേതികശേഷിയും സുരക്ഷാ മാനദണ്ഡങ്ങളും പരിഗണിച്ച് വേഗപരിധി വർധിപ്പിക്കും. ശബരിമല തീർഥാടനകാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊട്ടാരക്കര വഴി കൊല്ലം– കോട്ടയം മേഖലയെ ബന്ധിപ്പിക്കുന്ന പ്രത്യേക ശബരിമല ട്രെയിൻ ഈ തീർഥാടനകാലത്ത് ഏർപ്പെടുത്തും. കൊടിക്കുന്നിൽ സുരേഷ് എംപി പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home