നിറയും ഓർമകളുടെ ഗാലറി

കെ അസീം ഒഡിഷയിൽ നടന്ന സിവിൽ സർവീസ് ചാമ്പ്യൻഷിപ്പിൽ (വലത്)
എം റീജേഷ്
Published on Aug 14, 2026, 01:26 AM | 1 min read
അരീക്കോട്
ആർപ്പുവിളികൾ നിറഞ്ഞ ഗാലറികളെ ത്രസിപ്പിച്ച ആ കാലുകൾ ഇനി നിശ്ചലം. കളിമികവുകൊണ്ട് ഹൃദയം കവർന്ന ദേശിയ ഫുട്ബോൾ താരവും കസ്റ്റംസ് ഇൻസ്പെക്ടറുമായ കെ അസീം ഇനി ഓർമകളിൽ മാത്രം. പ്രിയ താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് ഫുട്‌ബോൾ ലോകം. ഫുട്ബോളിന്റെ മണ്ണായ അരീക്കോടുനിന്നാണ് അസീം കാൽപന്തു തട്ടിതുടങ്ങിയത്. കളിക്കളത്തിലെ വളർച്ച പെട്ടൊന്നായിരുന്നു. എം ഇ എസ് മമ്പാട് കോളേജ് ടീം വഴി കലിക്കറ്റ് സർവകലാശാല ടീമിലേക്കെത്തി. വൈകാതെ മലപ്പുറം ജില്ലാ ടീമിന്റെ അനിവാര്യ താരമായി. അണ്ടർ 21 കേരള ടീമിൽ പന്തു തട്ടിയ അസീം 2010ൽ മഹാരാഷ്ട്രക്ക് വേണ്ടിയും 2013ൽ തമിഴ്‌നാടിന് വേണ്ടിയും സന്തോഷ് ട്രാഫി കളിച്ചു. മറ്റു സംസ്ഥാനങ്ങൾ അസീമിനെ ടീമിലെത്തിച്ചത് കളിമിടുക്കിനുള്ള അംഗീകാരമായി. ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസമായ വി പി സത്യന്റെ കീഴിൽ ഇന്ത്യൻ ബാങ്ക് ടീമിൽ കളിക്കാനുള്ള അവസരം ലഭിച്ചതാണ് കരിയറിലെ വഴിത്തിരിവ്. 2005–-06ൽ വാസ്‌കോ ഗോവയ്ക്കു വേണ്ടിയാണ് ക്ലബിൽ ആദ്യമായി ദേശീയ തലത്തിൽ ബൂട്ടുകെട്ടിയത്. 2006–-07 സീസണിൽ സാൽഗോക്കർ ഗോവയുടെയും 2007–-09 ൽ മുംബൈ എഫ്‌സിയുടെയും ഭാഗമായി. 2009–-10 സീസണിൽ മഹീന്ദ്ര യുണൈറ്റഡിനായി ബൂട്ടണിഞ്ഞു. 2010–-11 സീസണിൽ ഇന്ത്യയിലെ പ്രമുഖ ക്ലബ്ബായ ഈസ്റ്റ് ബംഗാളിന്റെ താരമായി. ഗോളടിക്കുന്നതിൽ മാത്രമായിരുന്നില്ല അസീമിന്റെ മികവ്. ഓഫ് -ദി -ബോൾ റണ്ണുകളിലൂടെ എതിരാളികളെ സമ്മർദത്തിലാക്കുന്ന ശൈലി, കരുത്തുറ്റ ഷോട്ടുകൾ, ചെറിയ ഇടങ്ങളിലെ വേഗതയും കൃത്യതയും എന്നിവയും അസീമിനെ അപകടകാരിയായ താരമാക്കി. ഒൻപത് സീസണുകളിൽ ഐ ലീഗിലും, ഫെഡറേഷൻ കപ്പ്, ഡ്യൂറന്റ് കപ്പ്, ഐഎഫ്എ ഷീൽഡ് തുടങ്ങിയ പ്രധാന ടൂർണമെന്റുകളിലും കളിച്ചു. 2006–-07 സീസണിൽ ഗവർണേഴ്സ് ട്രാഫിയിൽ ടോപ്പ് സ്‌കോററായിരുന്നു. കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇൻസ്പെക്ടറായിരുന്നു അസീം. കോയമ്പത്തൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് അപ്രതീക്ഷിത വിടവാങ്ങൽ.









0 comments