ad
Deshabhimani

വന്യമൃഗശല്യം 
കൂടുതൽ 24 ഇടങ്ങളിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Aug 14, 2026, 02:17 AM | 1 min read

കൊല്ലം

ജില്ലയിൽ വന്യമൃഗശല്യം ഏറ്റവും കൂടുതലുള്ളത്‌ 24 ഇടങ്ങളിലെന്ന്‌ വനംവകുപ്പ്‌. എന്നാൽ, ഇവയെ പ്രതിരോധിക്കുന്നതിന്‌ പകരം കെണിയിലായ പുലിയെപ്പോലും ജനവാസമേഖലയിൽ തുറന്നുവിട്ട്‌ ജനത്തെ വെല്ലുവിളിക്കുകയാണ്‌ സർക്കാർ. അഞ്ചൽ റേഞ്ചിലെ മരുതിമൂട്, 16 ഏക്കർ, അയ്യൻപിള്ള വളവ്, പള്ളംവെട്ടി, കൂവക്കാട്, തെന്മല റേഞ്ചിലെ വില്ലുമല, പെരുവഴിക്കാല, രണ്ടാംമൈൽ, പെരാൻകോവിൽ എന്നിവിടങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അച്ചൻകോവിൽ റേഞ്ചിലെ മൂന്നുമുക്ക്, കുഴിഭാഗം, ഗിരിജൻ നഗർ, ശെന്തുരുണി വന്യജീവി സങ്കേതം പരിധിയിലുള്ള റോസ്‌മല, കട്ടിളപ്പാറ എന്നിവിടങ്ങളും ലിസ്റ്റിൽ ഉണ്ട്‌. ഏഴംകുളം വനം സ്റ്റേഷൻ പരിധിയിലുള്ള ഓന്തുപച്ച, തൊളിപച്ച, ചേർക്കടവ്‌, ചാങ്ങാപ്പാറ, മാന്പഴത്തറ, മൂലമൺ, ചെളിക്കുഴി, ചിതൽവെട്ടി, പുളിഞ്ചാൽ, ഞണ്ടുതോട്‌ എന്നിവിടങ്ങളും വന്യമൃഗ ഭീഷണി ഏറെയുള്ള സ്ഥലങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്‌. വെല്ലുവിളിച്ച്‌ വനം വകുപ്പ്‌ കൃഷിചെയ്‌തതൊക്കെ ആനയും കുരങ്ങും പന്നിയും ഒക്കെ സുഭിക്ഷമായി കഴിച്ചുകൊണ്ടിരിക്കുകയും കുത്തിമറിക്കുയും ചെയ്യുന്ന കാഴ്‌ചയാണ്‌ ഇവിടെങ്ങളിലെല്ലാം. നേരത്തെ വനാതിർത്തിയിൽ മാത്രം കണ്ടിരുന്ന വന്യമൃഗങ്ങൾ ഇപ്പോൾ കിലോമീറ്ററുക‍ൾ അകലെയുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലും വരെ എത്തുന്നുണ്ട്‌. വന്യമൃഗ ആക്രമണത്തിൽ ജീവൻ പൊലിയുന്നതിനും കാരണമാകുന്നു. എന്നിട്ടും സുരക്ഷ ഒരുക്കാൻ തയ്യാറാകാതെ ജനത്തെ വെല്ലുവിളിക്കുകയാണ്‌ വനം അധികൃതർ. കെണിയിൽ അകപ്പെട്ട പുലിയെ ജനവാസമേഖലയിൽ തന്നെ തുറന്നുവിട്ടാണ്‌ ജനത്തെ വെല്ലുവിളിച്ചത്‌. പത്തനാപുരം അലിമുക്കിൽ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങിയ പുലിയെയാണ്‌ അച്ചൻകോവിൽ ജനവാസമേഖലയോട് ചേർന്ന് വനത്തിൽ തുറന്നുവിട്ടത്‌. ആദിവാസികൾ അടക്കം വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതും ജനങ്ങളുടെ സാന്നിധ്യം ഉള്ളതുമായ മേഖലയിലാണിത്. ഈ പുലിയെ ഗവി വനമേഖലയിൽ തുറന്നുവിടാനായിരുന്നു തീരുമാനം. എന്നാൽ, അത്‌ അട്ടിമറിച്ച്‌ രാത്രി തന്നെ അച്ചൻകോവിൽ വനത്തിലേക്ക് കൊണ്ടുവരികയായിരുന്നു. അച്ചൻകോവിൽ വനത്തിലെ വാഴപ്പെരിയാർ ഉൾവനത്തിൽ വിടാനാണ് ഇവർ എത്തിയത്. എന്നാൽ, വഴി മധ്യേയുള്ള ആറ്റിലെയും ചപ്പാത്തുകളിലെയും വെള്ളം കാരണം ഈ മേഖലയിൽ തുറന്നുവിട്ടു. വനവുമായി ഏറെ ബന്ധമുള്ള ആദിവാസി വിഭാഗക്കാരുടെ സഹായം പോലും തേടാതെയാണ്‌ ഇവർ പുലിയെ ജനവാസമേഖലയിൽ തുറന്നുവിട്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home