മാനവേദൻ മിനി സ്റ്റേഡിയം നാശത്തിലേക്ക്
വിലയില്ലേ കളിക്കളത്തിന്?

മാനവേദൻ മിനി സ്റ്റേഡിയം സിന്തറ്റിക് ട്രാക്കിന്റെ അരികുവശം ഇടിയുന്ന ഭാഗം ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് മറച്ച നിലയില്‍
എം സനോജ്
Published on Aug 05, 2026, 12:59 AM | 1 min read
നിലമ്പൂർ
മലയോര മേഖലയുടെ കായികവികസനത്തിന് പ്രതീക്ഷയായി എല്‍ഡിഎഫ് സര്‍ക്കാര്‍ നിർമിച്ച നിലമ്പൂർ ഗവ. മാനവേദൻ സ്കൂളിലെ രാജ്യാന്തര നിലവാരമുള്ള മിനി സ്റ്റേഡിയം പരിപാലനമില്ലാതെ നാശത്തിന്റെ വക്കില്‍. അധികൃതരുടെ അനാസ്ഥയിൽ സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങൾ തകർന്നിട്ടും പരിഹാര നടപടി വൈകുകയാണ്. 18.29 കോടി രൂപ ചെലവിട്ട് നിർമിച്ച സ്റ്റേഡിയമാണ് നശിക്കുന്നത്. ചുറ്റിലും കാടും പുല്ലും പടർന്നുപിടിച്ചു. ഫിഫ നിലവാരത്തിൽ ഒരുക്കിയ ഫുട്ബോൾ ഗ്രൗണ്ടും ഗോൾപോസ്റ്റുകളും മൂന്ന് നിലകളുള്ള അമിനിറ്റി സെന്റർ പരിസരവും പരിപാലിക്കപ്പെടുന്നില്ല. പുല്ല് വെട്ടിയിട്ടും പരിസരം ശുചീകരിച്ചിട്ടും മാസങ്ങളായി. സിന്തറ്റിക് ട്രാക്കിനോടുചേർന്ന ഭാഗത്താണ് ഗുരുതര പ്രശ്നം. മാസങ്ങൾമുമ്പ് ആരംഭിച്ച ഡ്രെയിനേജ് നിർമാണത്തിലെ അശാസ്ത്രീയതമൂലം ട്രാക്കിന്റെ അരികുഭാഗം ഇടിഞ്ഞുതാഴുകയാണ്. കേടായ ഭാഗം ടാർപോളിൻ ഷീറ്റ് വിരിച്ച് മൂടിവച്ചിരിക്കുകയാണെന്നും ആക്ഷേപമുണ്ട്. അത്‌ലറ്റിക് പരിശീലനത്തിന് അനിവാര്യമായ ഹൈജംപ് പിറ്റും സംരക്ഷണമില്ലാതെ നശിക്കുകയാണ്. മഴവെള്ളംകെട്ടിനിൽക്കുന്നതിനാൽ പിറ്റ് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. കഴിഞ്ഞ മാസമാണ് സ്ഥലം എംഎൽഎ ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ഗവേണിങ് കമ്മിറ്റിക്ക് കൈമാറിയത്. എന്നാൽ അതിനുശേഷവും അടിസ്ഥാന പരിപാലന പ്രവർത്തനങ്ങളോ അറ്റകുറ്റപ്പണികളോ ആരംഭിച്ചിട്ടില്ലെന്നാണ് ആരോപണം. നിലമ്പൂർ താലൂക്കിൽ സിന്തറ്റിക് ട്രാക്കുള്ളത് മാനവേദൻ മിനി സ്റ്റേഡിയത്തില്‍മാത്രമാണ്. മൂന്ന് നിലകളുള്ള അമിനിറ്റി സെന്റർ, 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ഫിഫ നിലവാരത്തിലുള്ള ഫുട്ബോൾ ഗ്രൗണ്ട്, മിനി ഗാലറി എന്നിവ ഉൾപ്പെടുത്തി രാജ്യാന്തര നിലവാരത്തിലാണ് സ്റ്റേഡിയം ഒരുക്കിയത്. സീനിയർ പെൺകുട്ടികളുടെ സംസ്ഥാന ഫുട്ബോൾ ടൂർണമെന്റ് ഉൾപ്പെടെ നിരവധി പ്രധാന മത്സരങ്ങൾക്ക് വേദിയായ സ്റ്റേഡിയം പരിപാലനമില്ലാതെ നശിക്കുന്നത് മലയോര മേഖലയുടെ കായികരംഗത്തിന് വലിയ തിരിച്ചടിയാണെന്ന് വിമർശമുണ്ട്. സ്‌റ്റേഡിയം സംരക്ഷിക്കാൻ അടിയന്തരമായി അറ്റകുറ്റപ്പണികളും സ്ഥിരം പരിപാലന സംവിധാനവും ഏർപ്പെടുത്തണമെന്നാണ് കായികപ്രേമികളുടെയും നാട്ടുകാരുടെയും ആവശ്യം.










0 comments