കേന്ദ്രീകൃത സ്പോട്ട് അഡ്മിഷനില്ല, വലഞ്ഞ് വിദ്യാർഥകൾ; നേട്ടം സ്വാശ്രയ കോളേജുകൾക്ക്

തിരുവനന്തപുരം: എഞ്ചിനീയറിങ് പ്രവേശനത്തിനായി കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ ഒഴിവാക്കിയതിലൂടെ അഡ്മിഷൻ നേടാനായി വിദ്യാർഥികൾ അനുഭവിക്കേണ്ടി വരുന്നത് വലിയ പ്രയാസം. സർക്കാർ -എയ്ഡഡ് എൻജിനീയറിങ് കോളേജുകളിലെ സ്പോട്ട് അഡ്മിഷൻ നടപടിക്രമങ്ങൾ മാറ്റിയതാണ് വിദ്യാർഥികളെ ദുരിതത്തിൽ ആക്കുന്നത്. ഒഴിവുള്ള കോളേജുകളിലെ കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. വിദ്യാർഥികൾക്ക് അർഹിക്കുന്ന കോളേജുകളിൽ പഠനം തുടരാനുള്ള അവസരം നിഷേധിക്കപ്പെടുമെന്നടക്കം വിമർശനമുയർന്നിരുന്നു. എന്നാല്‍ സ്വാശ്രയ കോളേജുകൾക്കായി നീക്കങ്ങള്‍ തുടരുകയായിരുന്നു സർക്കാർ
ആദ്യ സ്പോട്ട് അഡ്മിഷൻ ഇന്ന് സി ഇ ടി കോളേജിൽ നടക്കുകയാണ്. എന്നാൽ പതിമൂന്നാം തീയതി സ്പോട്ട് അഡ്മിഷൻ വെച്ചിരിക്കുന്നത് ഏഴ് കോളേജുകളിലാണ്. ഒരുമിച്ച് ഇത്രയും കോളേജിൽ സ്പോട്ട് അഡ്മിഷൻ വെച്ചതോടെ മികച്ച കോളേജുകളിൽ പ്രവേശം നേടാനുള്ള വിദ്യാർഥികളുടെ അവസരം നഷ്ടമാകുകയാണ്.കഴിഞ്ഞവർഷം വരെ തൃശ്ശൂർ എൻജിനീയറിങ് കോളേജിൽ വെച്ചായിരുന്നു എല്ലാ കോളേജുകളുടെയും സ്പോട്ട് അഡ്മിഷൻ നടത്തിയിരുന്നത്. അതിൽ നിന്നും വിഭിന്നമായി വന്ന പുതിയ നടപടികൾ കൊണ്ടാണ് വിദ്യാർഥികൾ വലഞ്ഞിരിക്കുന്നത്.
സർക്കാർ എൻജിനിയറിങ് കോളേജുകളിൽ എൻട്രൻസ് കമീഷണറുടെ അലോട്ട്മെന്റുകൾ കഴിഞ്ഞതിന് ശേഷം ബാക്കിയുള്ള സീറ്റുകളിൽ സെൻട്രലൈസ്ഡ് സ്പോട്ട് അഡ്മിഷൻ നടത്തുന്ന രീതിയാണ് നിലവിൽ പിന്തുടർന്നിരുന്നത്. എന്നാൽ സെൻട്രലൈസ്ഡ് അല്ലാതെ അതത് സർക്കാർ എൻജിനിയറിങ് കോളേജുകൾ പ്രത്യേകം സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ് സർക്കാർ ഫീസിൽ വിദ്യാർഥികൾക്ക് പഠിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുന്നത്.
മുൻപന്തിയിലുള്ള എൻജിനിയറിങ് കോളേജുകളിൽ ഒഴിവുള്ള സീറ്റിനേക്കാൾ വളരെയധികം വിദ്യാർഥികൾ സ്പോട്ട് അഡ്മിഷന് എത്തും. അതിൽ ഭൂരിപക്ഷം വിദ്യാർഥികൾക്കും പ്രവേശനം ലഭിക്കാറില്ല. മറുവശത്ത് മറ്റ് സർക്കാർ എഞ്ചിനീയറിങ് കോളേജുകളിൽ ആവശ്യത്തിന് വിദ്യാർഥികൾ എത്തിച്ചേരാതെ പല സീറ്റുകളും ഒഴിഞ്ഞ് കിടക്കും.
ഇതിന് പരിഹാരമായാണ് സാങ്കേതികവിദ്യാഭ്യാസവകുപ്പ് അതിന്റെ കീഴിലുള്ള എല്ലാ സർക്കാർ എൻജിനിയറിങ് കോളേജിലേയ്ക്കും വേണ്ടി ഒരു കേന്ദ്രത്തിൽ വച്ച് സെൻട്രലൈസ്ഡ് സ്പോട്ട് അഡ്മിഷൻ നടത്തി വന്നിരുന്നത്. എൽഡിഎഫ് സർക്കാർ ഭരിച്ച പത്ത് വർഷവും സെൻട്രലൈസ്ഡ് സ്പോട്ട് അഡ്മിഷനാണ് നടന്നത്. ഇതുവഴി എല്ലാ സർക്കാർ എൻജിനിയറിങ് കോളേജുകളിലെയും മുഴുവൻ സീറ്റുകളിലും വിദ്യാർഥികൾ പ്രവേശനം നേടിയിരുന്നു.
എന്നാൽ, ഈ വർഷം സെൻട്രലൈസ്ഡ് സ്പോട്ട് അഡ്മിഷൻ നടത്തേണ്ടതില്ല എന്നാണ് ഉന്നതവിദ്യാഭ്യാസപകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ സർക്കാർ എൻജിനിയറിങ് കോളേജുകളിലെ സീറ്റുകൾ ലഭിക്കാനുള്ള പല വിദ്യാർഥികളുടെയും അവസരം നഷ്ടപ്പെടും.









0 comments