ad
Deshabhimani

തപാൽ ഓഫീസുകൾക്ക്‌ മരണമണി

aa
avatar
സി പ്രജോഷ്‌ കുമാർ

Published on Jan 16, 2026, 12:21 AM | 1 min read

മലപ്പുറം

തപാൽ മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രനയങ്ങളെ തുടർന്ന്‌ ജില്ലയിലെ പോസ്റ്റ്‌ ഓഫീസുകൾക്ക്‌ മരണമണി. ആദ്യ ഘട്ടത്തിൽ നാല്‌ പോസ്റ്റ്‌ഓഫീസാണ്‌ പൂട്ടുന്നത്‌. ഇത്‌ സംബന്ധിച്ച്‌ ഉത്തരവ്‌ ഇറങ്ങി. അച്ചുപൂട്ടേണ്ടവയുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്‌. താമസിയാതെ ഇവയ്‌ക്കും താഴുവീഴും. തപാൽ ഓഫീസുകൾ അടച്ചുപൂട്ടാനുള്ള നീക്കം വർഷങ്ങൾക്ക്‌ മുന്നേ ആരംഭിച്ചെങ്കിലും ആദ്യമായാണ്‌ നടപ്പാക്കുന്നത്‌. തപാൽ സേവനങ്ങൾ സ്വകാര്യ കമ്പനികൾക്ക്‌ ഫ്രാഞ്ചൈസിയായി നൽകാനാണ്‌ നീക്കം. തിരൂർ ഡിവിഷനിൽ തിരൂർ ഇ‍ൗസ്റ്റ്‌ ബസാർ സബ്‌ ഒഫീസും താനൂർ നഗരം ബ്രാഞ്ച്‌ ഓഫീസും മഞ്ചേരി ഡിവിഷനിൽ മഞ്ചേരി ഇ‍ൗസ്റ്റ്‌ ഡിവിഷൻ ഓഫീസും മുള്ളൻപാറ വടക്കേത്തൊടി ബ്രാഞ്ച്‌ ഓഫീസുമാണ്‌ പൂ‍ട്ടുന്നത്‌. നാല്‌ ഓഫീസും അടുത്ത ആഴ്‌ചയോടെ പൂട്ടും. തിരൂർ ഈസ്റ്റ് ബസാർ പോസ്റ്റ്ഓഫീസ്‌ അടച്ചുപൂട്ടാൻ 2023ൽ തീരുമാനിച്ചിരുന്നു. തപാൽ ജീവനക്കാരുടെ സംഘടനയായ എൻഎഫ്‌പിഇയുടെയും പൊതുജനങ്ങളുടെയും പ്രതിഷേധത്തെ തുടർന്ന്‌ തീരുമാനം മരവിപ്പിച്ചു. തിരൂർ ബസ്‌ സ്റ്റാൻഡ്‌ സമീപത്തെ ഓഫീസ്‌ പയ്യനങ്ങാടിയിലേക്ക് മാറ്റിസ്ഥാപിച്ചു. ഇതാണ്‌ ഇപ്പോൾ വീണ്ടും പൂട്ടുന്നത്‌. മഞ്ചേരി ഇ‍ൗസ്റ്റ്‌ സബ്‌ ഓഫീസ്‌ ഡിവിഷനിലെ ഏക വനിതാ ഓഫീസാണ്‌. ഓഫീസ്‌ പൂട്ടുന്നതോടെ ഇവിടെയുള്ള വനിതാ ജീവനക്കാർ ഒഴിവുള്ള വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യേണ്ടിവരും. എല്ലാ ഓഫീസുകളിലും അഞ്ചും ആറും ആർഡി ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്‌. ഇവർ അംഗങ്ങളായി ചേർത്ത ആർഡി, സേവിങ്സ്‌ നിക്ഷേപകർ പണമടയ്‌ക്കാനും മറ്റു സേവനങ്ങൾക്കും ഇനി ദൂരെയുള്ള ഓഫീസുകളെ ആശ്രയിക്കണം. തപാൽ സേവനങ്ങൾക്ക്‌ ഫ്രാഞ്ചൈസികളെ ക്ഷണിച്ച്‌ തപാൽ വകുപ്പ്‌ ഉത്തരവ്‌ ഇറക്കിയിട്ടുണ്ട്‌. സ്വകാര്യ കൊറിയർ കമ്പനികൾ ഇ‍ൗ രംഗത്ത്‌ കടന്നുവരാൻ വഴിതുറക്കുന്നതാണ്‌ കേന്ദ്ര സർക്കാർ നീക്കം. തപാൽ വകുപ്പിലെ രജിസ്റ്റേഡ്‌ തപാൽ സംവിധാനം ഇതിനകം നിർത്തലാക്കി. സ്‌പീഡ്‌ പോസ്റ്റ്‌ ഉൾപ്പെടെ സേവനങ്ങൾക്ക്‌ ചാർജ്‌ വർധിപ്പിക്കുകയും ചെയ്‌തു. തപാൽ മേഖലയെ തകർത്ത്‌ പൂർണമായും സ്വകാര്യ കമ്പനികൾക്ക്‌ തീറെഴുതാനാണ്‌ നീക്കം. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home