സ്‌നേഹവഴിയിൽ ഹൃദയപ്പൂക്കൾ

സി പ്രജോഷ് കുമാർ
Published on Apr 05, 2026, 12:15 AM | 1 min read
മലപ്പുറം
എല്ലാ വഴികളും സുപരിചിതം, കാണുന്നവരെല്ലാം പരിചയക്കാർ. വികസന വസന്തം വിടർത്തിയ സ്‌നേഹപാതകൾ ഹൃദയപ്പൂക്കൾ നൽകിയാണ് എൽഡിഎഫ് സ്ഥാനാർഥി കെ ടി ജലീലിനെ തവനൂർ എതിരേൽക്കുന്നത്. ജനങ്ങളുമായുള്ള ഇഴടയടുപ്പം അത്രമേൽ ഹൃദ്യം. കാലടി പഞ്ചായത്തിലായിരുന്നു പര്യടനം. സ്ഥാനാർഥിയ്‌ക്ക് കൊന്നപ്പൂക്കൾ നൽകി കുരുന്നുകളുടെ വരവേൽപ്പ്. ‘മന്ത്രിയോ എംഎൽഎയോ ആയല്ല ഞാൻ നിങ്ങൾക്കുമുന്നിൽ നിൽക്കുന്നത്. സഹോദരനും സുഹൃത്തും മകനുമായാണ്. എന്നും ഞാൻ ഒപ്പമുണ്ടായിരുന്നു. അതാണ് എന്റെ കരുത്ത്’– ഹൃദയത്തിൽ തൊട്ട വാക്കുകൾ. കാലടി സെന്ററിൽ സ്ഥാനാർഥിക്കൊപ്പം സെൽഫിയെടുക്കാൻ കുട്ടിപ്പട. ഓരോ നാട്ടിലും തൊട്ടുകാണിക്കാവുന്ന വികസന നേട്ടങ്ങൾ അക്കമിട്ടുനിരത്തിയാണ് പ്രസംഗം. ‘വാടക ക്വാർട്ടേഴ്‌സുപോലെ പ്രവർത്തിച്ച കാലടി സർക്കാർ ആശുപത്രിയാണ് മൂന്ന് കോടി രൂപ ചെലവിൽ നവീകരിച്ചത്. 341 കോടി രൂപ ചെലവിൽ സമഗ്ര കുടിവെള്ള പദ്ധതി ആവിഷ്‌കരിച്ചു. ചമ്രവട്ടം റഗുലേറ്റർ പാലത്തിന്റെ ചോർച്ച അടച്ചു’– പത്തുവർഷത്തെ വികസന നേട്ടങ്ങൾ വോട്ടാകുമെന്ന് ജലീൽ ഉറപ്പിക്കുന്നു. ഒതവഞ്ചേരിയിൽ പടക്കം പൊട്ടിച്ചായിരുന്നു വരവേൽപ്പ്. കടന്നുപോകുന്ന വഴികളിലെല്ലാം പരിചയം പുതുക്കിയാണ് യാത്ര. കടകളിൽനിന്നും വാഹനങ്ങളിൽനിന്നും ഇറങ്ങിവന്ന് പരിചയം പുതുക്കുന്നു. തിരുത്തിയിൽ വോട്ടഭ്യർഥനക്കിടെ ജലീൽ സദസ്സിലേക്ക് ചോദ്യമെറിഞ്ഞു. ‘എത്രാമത്തേതാണ് നമ്മുടെ ചിഹ്നം’– മുന്നിലുണ്ടായിരുന്ന തിത്തുമ്മയുടെ മറുപടി ഉടൻ വന്നു. ‘അഞ്ചാമത്തെ’. സദസ്സിൽ നിറഞ്ഞ കൈയടി. മാങ്ങാട്ടൂർ സ്നേഹതീരത്തേക്കുള്ള യാത്രക്കിടെ വഴിയിൽ റോസാപ്പൂക്കളുമായി കാത്തുനിന്ന കുട്ടികളെ പ്രചാരണ വാഹനത്തിൽ കയറ്റി ഫോട്ടോ ഷൂട്ട്. വീണ് എല്ലുപൊട്ടിയ കൈയുമായാണ് മാധവിക്കുട്ടി സ്വീകരണത്തിനെത്തിയത്. തനിക്ക് ലഭിച്ച ഹാരങ്ങൾ ജലീൽ അവർക്ക് സമ്മാനിച്ചു. അസുഖബാധിതനായ നാലുവയസ്സുകാരൻ റിദുലിന് സഹായം അഭ്യർഥിച്ചാണ് കുടുംബമെത്തിയത്. അസുഖ വിവരങ്ങൾ ചോദിച്ചറിഞ്ഞ് അവർക്ക് സഹായം ഉറപ്പുനൽകി മടക്കം. കാടഞ്ചേരിയിൽ ഹയർ സെക്കൻഡറി സ്‌കൂൾ മൂന്നുകോടി രൂപ ചെലവിട്ട് പുതുക്കിപ്പണിതത് ചൂണ്ടിക്കാട്ടി വോട്ടഭ്യർഥന. എംഎൽഎ ഫണ്ടിൽ യാഥാർഥ്യമാക്കിയ ആനേംകുന്ന്– തൊണ്ടലിൽതാഴം റോഡിലൂടെയായിരുന്നു അടുത്ത സ്വീകരണ കേന്ദ്രത്തിലേക്കുള്ള യാത്ര. സ്‌ത്രീകൾക്കൊപ്പം സെൽഫിയെടുത്ത് മടക്കം. ‘കഴിഞ്ഞ തവണത്തേക്കാൾ വോട്ട് നമുക്ക് ഇത്തവണ ലഭിക്കും. അത് ലോഡാക്കി കൊണ്ടുപോകാൻ നമുക്ക് ലോറിതന്നെ വേണം– സ്ഥാനാർഥിയുടെ പ്രസംഗം കൈടയികളോടെ ജനം സ്വീകരിച്ചു.










0 comments