വില്ലനാണ് വേഗം

സി പ്രജോഷ് കുമാർ
Published on Jan 23, 2026, 12:38 AM | 2 min read
മലപ്പുറം
കഴിഞ്ഞ ജനുവരിയിൽ കോട്ടക്കൽ പുത്തൂർ ബൈപാസിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേരാണ് മരിച്ചത്. സെപ്‌തംബറിൽ വണ്ടൂരിൽനിന്ന് കൂരാട് ഭാഗത്തേക്കുള്ള വരമ്പൻകല്ല് പാലത്തിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് മൂന്നുപേർ മരിച്ചു. നാലുപേർക്ക് ഗുരുതര പരിക്കേറ്റു. ഭൂരിഭാഗം റോഡപകടങ്ങൾക്കും അമിത വേഗവും അശ്രദ്ധയുമാണ് കാരണമെന്ന് കണക്കുകൾ പറയുന്നു. അപകടം വിതയ്‌ക്കുന്ന മറ്റൊരു കൂട്ടർ ഫ്രീക്കന്മാരാണ്. അവർക്ക് റോഡ് നിയമങ്ങളൊന്നും ബാധകമല്ല. ആഡംബര ബൈക്കുകളിൽ വിലസുന്ന അവർ റോഡിലാകെ ഭീതിവിതച്ചാണ് കടന്നുപോവുക. മദ്യപിച്ചും രാസലഹരി ഉപയോഗിച്ചും വാഹനമോടിക്കുന്നവരും നമ്മുടെ ജീവിതം പന്താടുന്നു. കഴിഞ്ഞ വർഷമുണ്ടായ അപകടങ്ങളിൽ 284 ഉം അമിത വേഗമാണ് കാരണം. ഇതിൽ 37 അപകടങ്ങൾക്കും കാരണം വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടമായതാണ്. മറ്റു വാഹനങ്ങളുടെ പിറകിലിടിച്ച് 68 അപകടങ്ങളുണ്ടായി. റോഡ് മറികടക്കുമ്പോഴാണ് 70 അപകടം. ഇതിൽ 34 എണ്ണം സീബ്രാലൈനിലാണ്. വളവിൽ 17 അപകടമുണ്ടായി. 47 സംഭവങ്ങളിൽ ഇടിച്ച വാഹനം നിർത്താതെ പോയി. വാഹനാപകടങ്ങളിൽ ഭൂരിഭാഗവും സ്‌കൂട്ടറുകളും മോട്ടോർ ബൈക്കുകളുമാണ്. 1152 എണ്ണമാണ് അപകടത്തിൽപ്പെട്ടത്. വാഹനമോടിച്ചവരും പിറകിലിരുന്നവരുമായി അപകടത്തിൽ 183 പേർ മരിച്ചു. 2291 പേർക്ക് പരിക്കേറ്റു. കാറുകളാണ് തൊട്ടുപിറകിൽ. 1365 കാറുകൾ അപകടത്തിൽപ്പെട്ടതിൽ 24 പേർ മരിച്ചു. ഇതിൽ അഞ്ചുപേർ വാഹനമോടിച്ചവരും 19 പേർ യാത്രക്കാരുമാണ്. 1365 കാറുകളാണ് അപകടത്തിൽപ്പെട്ടത്. 319 പേർക്ക് പരിക്കേറ്റു. അശ്രദ്ധയാണ് കാറപകടങ്ങളിൽ വില്ലൻ. ഡ്രൈവിങ് പൂർണമായി വശമാകുംമുമ്പ് നിരത്തിലിറങ്ങുന്നവരാണ് ഏറെയും. മദ്യപിച്ച് 25 അപകടമാണുണ്ടായത്.
ശ്രദ്ധവേണം, നടക്കുമ്പോഴും
വാഹനയാത്രക്കാർമാത്രമാണ് അപകടങ്ങളിൽപ്പെടുന്നതെന്ന് കരുതണ്ട. നിങ്ങൾ നടന്നുപോകുമ്പോഴും മരണം പിറകെ കൂടാം. കഴിഞ്ഞ വർഷം 74 പേർക്കാണ് ജില്ലയിൽ കാൽനട യാത്രക്കിടെ ജീവൻ നഷ്ടമായത്. 663 കാൽനട യാത്രക്കാർക്ക് വാഹനമിടിച്ച് ഗുരുതര പരിക്കേറ്റു. 135 പേർക്ക് നിസ്സാര പരിക്കുണ്ട്. വാഹനമോടിക്കുന്നവർക്കുമാത്രമല്ല, കാൽനട യാത്രക്കാർക്കും ബോധവൽക്കരണം ആവശ്യമാണെന്ന് കണക്കുകൾ പറയുന്നു. അപകടത്തിൽ മരിച്ചവരിൽ 58 പേർ 50 വയസ്സിനുമുകളിലുള്ളവരാണ്. റോഡ് നിയമങ്ങൾ അറിയാത്തതും അശ്രദ്ധയുമാണ് പലപ്പോഴും അപകടത്തിന് കാരണമായത്. റോഡുകൾ വീതികൂടുന്നത് മനസ്സിലാക്കാതെയും വാഹനപ്പെരുപ്പം അറിയാതെയുമാണ് പലരും പഴയ ശീലത്തിൽ റോഡ് മറികടക്കുന്നത്.
ഇരകൾ യുവാക്കൾ
അപകടങ്ങളിൽപ്പെടുന്നവരിൽ ബഹുഭൂരിപക്ഷവും യുവാക്കളാണ്. കഴിഞ്ഞവർഷം വാഹനാപകടങ്ങളിൽ പരിക്കേറ്റ 4442 പേരിൽ 2258 പേർ 18നും 45നും ഇടയിൽ പ്രായമുള്ളവരാണ്. പുരുഷന്മാർ 1686, സ്‌ത്രീകൾ 572. പ്രായപൂർത്തിയാകാത്ത 527 പേരും അപകടത്തിൽപ്പെട്ടു. ഇതിൽ വാഹനമോടിച്ചവരും ഉൾപ്പെടും. 45–60 വയസ്സിനിടയിലുള്ള 1636 പേരാണ് അപകടത്തിൽപ്പെട്ടത്. ജില്ലയിൽ വാഹനമോടിക്കുന്നവരിൽ സ്‌ത്രീകൾ കുറവാണെങ്കിലും അപകടത്തിന് ഇരയാകുന്നവരിൽ ഇവർ കുറവല്ല (1231).










0 comments