നഗരസഭാ ചെയർപേഴ്‌സണെ തള്ളി മന്ത്രി

മലപ്പുറം
പാണക്കാട് മലയിടിച്ചിലുമായി ബന്ധപ്പെട്ട് മലപ്പുറം നഗരസഭാ ചെയർപേഴ്‌സന്റെ വാദങ്ങൾ തള്ളി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മണ്ണെടുപ്പ് നടന്ന സ്ഥലത്ത് അനധികൃതമായി പാറ പൊട്ടിക്കൽ നടന്നുവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇനിയിവിടെ ഒരുതരത്തിലുള്ള നിർമാണ പ്രവൃത്തികളും അനുവദിക്കില്ല. മണ്ണെടുപ്പിന് നഗരസഭ കൊടുത്ത അനുമതിയുടെ മറവിൽ ഉടമ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാറപൊട്ടിച്ചു. മണ്ണിടിച്ചിലുണ്ടായതിനുസമീപം പെട്രോൾ പമ്പ് നിർമിക്കുന്നതിനും പാറ പൊട്ടിച്ചിരുന്നു. വീട്ടിലുള്ളപ്പോഴാണ് പൊട്ടലിന്റെ ശബ്ദം കേട്ടത്. പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതനുസരിച്ച് അവിടെ പോയി നിർത്തിവയ്‌ക്കാൻ പറഞ്ഞിരുന്നു. ഇനി പൊട്ടിച്ചാൽ കേസെടുക്കുമെന്നും പറഞ്ഞതാണ്. പക്ഷെ അവർ നിർത്താതെ പിന്നെയും പൊട്ടിച്ചു. ഇതിന്റെയെല്ലാം പ്രതിഫലനമാകാം തൊട്ടടുത്ത് മണ്ണിടിച്ചിലിന്റെ കാരണമായതെന്നും മന്ത്രി പറഞ്ഞു. മേഖലയിൽ അനധികൃതമായി ഒന്നുംനടന്നിട്ടില്ലെന്ന നഗരസഭാ ചെയർപേഴ്‌സന്റെ നിലപാടിനെ തള്ളുന്നതാണ് മന്ത്രിയുടെ പ്രതികരണം.
ജിയോളജി ഉദ്യോഗസ്ഥർക്ക് ശകാരം
മലപ്പുറം
ജിയോളജി ഉദ്യോഗസ്ഥരെ പരസ്യമായി ശകാരിച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. പാറ പൊട്ടിച്ചതിൽ ജിയോളജി ഉദ്യോഗസ്ഥർക്കും തന്റെ വകുപ്പായ മൈനിങ് ആൻഡ് ജിയോളജിക്കും വീഴ്ചപറ്റിയിട്ടുണ്ട്. അവർ നോക്കേണ്ടതായിരുന്നു. ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാൻ അന്ന് തയ്യാറായില്ല. മണ്ണിടിച്ചിൽ സ്ഥലത്ത് പാറപൊട്ടിക്കാൻ അനുമതി നൽകിയിട്ടില്ല. വിഷയത്തിൽ മലപ്പുറം ജിയോളജിസ്റ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.










0 comments