ad
Deshabhimani

 തടസ്സം മുൻ ഭരണസമിതിയുടെ വീഴ്ചകൾ

സദ്ഗമയ തുടരും; 10 ലക്ഷം അനുവദിച്ച്‌ 
എൽഡിഎഫ്‌ ഭരണസമിതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 23, 2026, 12:44 AM | 1 min read

പൊന്നാനി

ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ പഠനവും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താൻ വെളിയങ്കോട്‌ പഞ്ചായത്തിൽ നടപ്പാക്കിയ സദ്ഗമയ പദ്ധതി തുടരുമെന്ന്‌ ഭരണസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ പദ്ധതി താല്‍ക്കാലികമായി മുടങ്ങിയത് മുൻ ഭരണസമിതിയുടെ ഗുരുതരമായ വീഴ്ചകൊണ്ടാണെന്നും എൽഡിഎഫ്‌ ഭരണസമിതി അംഗങ്ങൾ പറഞ്ഞു. കൃത്യസമയത്ത് പദ്ധതി നിർവഹണത്തിന്റെ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ മുൻ യുഡിഎഫ് ഭരണസമിതി ഗുരുതര വീഴ്ചകളാണ് വരുത്തിയത്. അതിനാൽ മുൻ ഭരണസമിതിയുടെ കാലത്ത് 2025 ആഗസ്തുമുതൽതന്നെ പദ്ധതിക്ക് പണം ചെലവഴിക്കുന്നതിന് ജില്ലാ ആസൂത്രണ സമിതിയുടെ വിലക്കുണ്ടായിരുന്നു. ഗൗരവമായ ചട്ടലംഘനം ഓഡിറ്റ് വിഭാഗം ഉന്നയിച്ചതോടെ ജില്ലാ ആസൂത്രണ സമിതി സംസ്ഥാന കോ–ഓർഡിനേഷൻ കമ്മിറ്റിയുടെ അംഗീകാരം നേടാൻ നിർദേശിച്ചു. കഴിഞ്ഞ വർഷം ആഗസ്‌തിൽ ജില്ലാ ആസൂത്രണ സമിതി നിർദേശം ലഭിച്ചിട്ടും കോ–ഓർഡിനേഷൻ കമ്മിറ്റിക്ക്‌ അപേക്ഷ സമർപ്പിച്ചത് 2025 നവംബറിൽമാത്രമാണ്. ഇതിനിടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും വന്നു. തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാന കോ ഓർഡിനേഷൻ കമ്മിറ്റി യോഗം ചേർന്നിട്ടില്ല. കമ്മിറ്റി അംഗീകാരം നൽകിയാലേ പദ്ധതിയിൽ മുമ്പ് ചെലവഴിച്ച പണത്തിന് സാധൂകരണം ലഭിക്കൂ. മുൻ ഭരണസമിതിയുടെ അനാസ്ഥമൂലം കഴിഞ്ഞവർഷം ആഗസ്തുമുതൽതന്നെ പദ്ധതിയിലെ ജീവനക്കാരുടെ ശമ്പളം നിലച്ചതാണ്‌. പദ്ധതിക്ക്‌ അംഗീകാരം ലഭിച്ചാൽ 10 മാസത്തെ കുടിശ്ശികയും തുടർന്നുള്ള വേതനവും ഉറപ്പ് വരുത്തും. ഇതിനിടെ ജീവനക്കാർ ജോലി നിർത്തുകയും പദ്ധതി നിലച്ചെന്ന് രക്ഷിതാക്കൾക്ക് സന്ദേശം അയച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നതും ദൗർഭാഗ്യകരമാണ്. വിഷയം പരിഹരിക്കാൻ വകുപ്പ് മന്ത്രിയുമായും കലക്ടറുമായും പഞ്ചായത്ത് ഭരണസമിതി ഇടപെടുന്നുണ്ട്. ഈ വർഷവും പദ്ധതിക്കായി വെളിയങ്കോട് പഞ്ചായത്ത് ഭരണസമിതി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എന്തുവില കൊടുത്തും പദ്ധതി മുന്നോട്ടുകൊണ്ടുപോകുമെന്നും പ്രസിഡന്റ്‌ ബബിത നൗഫൽ, വൈസ് പ്രസിഡന്റ്‌ പ്രബിത പുല്ലൂണി, സ്ഥിരംസമിതി അധ്യക്ഷർ പി പ്രിയ, പ്രിൻസി നെല്ലിക്കൽ, ഭരണസമിതി അംഗം റിയാസ് പഴഞ്ഞി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home