ad
Deshabhimani

 സ്വകാര്യ ക്ലിനിക്കിനെ ആശ്രയിക്കേണ്ട സ്ഥിതി

എംഎസ്‌പി ആശുപത്രിയില്‍ 
മാസങ്ങളായി ഡോക്ടറില്ല

a
വെബ് ഡെസ്ക്

Published on Sep 04, 2026, 12:12 AM | 1 min read

സ്വന്തം ലേഖകന്‍

മലപ്പുറം

യുഡിഎഫ് സര്‍ക്കാര്‍ നിയമനം നടത്താത്തതോടെ മാസങ്ങളായി മലപ്പുറം എംഎസ്‌പി ആശുപത്രിയില്‍ ഡോക്ടറില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞ് പോയതോടെയാണ് ആശുപത്രി അനാഥമായത്. എംഎസ്‍പി ക്യാമ്പിനകത്തുള്ള ആശുപത്രി, ആഭ്യന്തരവകുപ്പിനുകീഴിലാണ്. ആരോഗ്യവകുപ്പില്‍നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് ഇവിടെ ഡോക്ടര്‍മാരെ നിയമിക്കാറുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അവധി ദിവസങ്ങളിലൊഴികെ രാവിലെ എട്ടുമുതല്‍ പകല്‍ രണ്ടുവരെ ഡോക്ടറുടെ സേവനം ലഭിക്കുമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്താണ് ഡോക്ടറുടെ ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞത്. തുടര്‍ന്ന് പുതിയ പാനലിന് അപേക്ഷ ക്ഷണിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേക്ക് കടന്നതിനാല്‍ നിയമനം നടത്താനായില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ വീണ്ടും അപേക്ഷ ക്ഷണിച്ചെങ്കിലും മൂന്നരമാസമായി നിയമനം നടത്തിയിട്ടില്ല. കണ്ണൂരിലെ ആശുപത്രിയില്‍ ജോലിചെയ്യുന്ന കോട്ടക്കല്‍ സ്വദേശിനിയുടെ അപേക്ഷ പരിഗണിച്ചില്ല. ഇതോടെ ആശുപത്രിയിലെത്തുന്ന സാധാരണക്കാരും പൊലീസ് ഉദ്യോഗസ്ഥരും പ്രതിസന്ധിയിലായി. നേരത്തെ പ്രതിദിനം ശരാശരി എഴുപതോളംപേര്‍ ആശുപത്രിയില്‍ ചികിത്സതേടി എത്തിയിരുന്നു. എന്നാല്‍, ഡോക്ടറില്ലാതായതോടെ രോഗികള്‍ എത്താതായി. സമീപത്തെ സ്വകാര്യ ക്ലിനിക്കിനെ ആശ്രയിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി എത്തുന്നവരും നിരാശയോടെയാണ് മടങ്ങുന്നത്. ഡോക്ടറില്ലാത്തതിനാല്‍ ആശുപത്രിയിലെ ഫാര്‍മസിസ്റ്റിനും രണ്ട് നഴ്സിങ് ഓഫീസര്‍മാര്‍ക്കും ജോലിയില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home