സൂപ്പര്‍ലീഗ്
കേരള കന്നിക്കിരീടം ലക്ഷ്യമിട്ട് മലപ്പുറം എഫ്സി


പി അഭിഷേക്
Published on Aug 19, 2026, 12:02 AM | 1 min read
മലപ്പുറം
സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ് കളമൊരുങ്ങുമ്പോള്‍ കന്നിക്കിരീടത്തിനായി മലപ്പുറം എഫ്സി (എംഎഫ്സി) തയ്യാറെടുക്കുകയാണ്. സെപ്തംബര്‍ 25ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ മികച്ച താരങ്ങളെ ഇറക്കുകയാണ് ലക്ഷ്യം. പ്രാദേശിക താരങ്ങളെ കണ്ടെത്തുന്നതിനായുള്ള "പ്രോജക്ട് ഗെയിം ചെയ്ഞ്ചര്‍' സെലക്ഷന്‍ ട്രയല്‍സ് കോട്ടപ്പടി സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായി. മുന്‍ സീസണിലുണ്ടായിരുന്ന നാലുപേരെമാത്രമാണ് ടീം നിലനിര്‍ത്തിയത്. പ്രതിരോധ താരം അബ്ദുൾ ഹക്കു, മുന്നേറ്റക്കാരായ അക്ബര്‍ സിദ്ദിഖ്, മുഹമ്മദ് റിസ്വാന്‍, റിഷാദ് അബ്ദുള്‍ ഗഫൂര്‍ എന്നിവരാണിത്. മുഖ്യപരിശീലകനായിരുന്ന മിഗ്വേൽ കോറലിനെ മാറ്റി മൊറോക്കക്കാരന്‍ കരീം ബെഞ്ചെറിഫയുമായി കരാറൊപ്പിട്ടു. ടൂര്‍ണമെന്റില്‍ ഏറ്റവുംകൂടുതല്‍ ആരാധക പിന്തുണയുള്ള ടീമായിട്ടും കഴിഞ്ഞ രണ്ട് സീസണുകളിലും സെമി കാണാതെ എംഎഫ്സി പുറത്തായി. കലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയത്തിലാണ് പരിശീലനം. താരങ്ങള്‍ ഹോസ്റ്റലില്‍ എത്തിത്തുടങ്ങി. വരുംദിവസങ്ങളില്‍ പരിശീലനം ആരംഭിക്കും. ഹോംഗ്രൗണ്ട് മഞ്ചേരി പയ്യനാട് സ്റ്റേഡിയംതന്നെയാണ്. ഇവിടെ സീറ്റുകളുടെ എണ്ണം പതിനഞ്ചായിരത്തില്‍നിന്ന് ഇരുപതിനായിരമാക്കി ഉയര്‍ത്താനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്. സെപ്തംബര്‍ 26ന് എംഫ്സിയുടെ ആദ്യമത്സരമുണ്ടാകുമെന്നാണ് വിവരം. ഫസലുറഹ്മാന്‍ ടീം വിട്ടു കഴിഞ്ഞ രണ്ട് സീസണിലും ടീമിന്റെ കുന്തമുനയായിരുന്ന മുന്നേറ്റക്കാരന്‍ ഫസലുറഹ്മാന്‍ ഒപ്പമില്ലെന്നതാണ് ആശങ്ക. നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ വാരിയേഴ്സിനായാണ് തിരൂര്‍ സ്വദേശി ബൂട്ടുകെട്ടുന്നത്. കഴിഞ്ഞ സീസണില്‍ എംഎഫ്സി ക്യാപ്റ്റനായിരുന്നു. എന്നാല്‍, മറ്റ് ടീമുകളില്‍നിന്ന് പ്രമുഖ താരങ്ങളെ എംഎഫ്സിയിലെത്തിച്ചിട്ടുണ്ട്. പ്രതിരോധക്കാരായ കലിക്കറ്റ് എഫ്സിയുടെ മുഹമ്മദ് ഷാലിം, തൃശൂര്‍ മാജിക് എഫ്സിയുടെ വിപിന്‍ അജയന്‍ എന്നിവര്‍ ഇത്തവണ എംഎഫ്സിയിലാണ്.










0 comments