ad
Deshabhimani

വെൽക്കം വെൽക്കം വലിയ ചൂളൻ

a

വലിയ ചൂളൻ എരണ്ടകൾ ചെറുമുക്ക് വെഞ്ചാലി തണ്ണീർപ്പാടത്ത്

വെബ് ഡെസ്ക്

Published on Sep 02, 2026, 12:03 AM | 1 min read

തിരൂരങ്ങാടി

സംസ്ഥാനത്ത്‌ അപൂർവമായി എത്തുന്ന വലിയ ചൂളൻ എരണ്ടയെ ചെറുമുക്ക് -വെഞ്ചാലി തണ്ണീർത്തടത്തിൽ കണ്ടെത്തി. കൊല്ലത്ത് മുന്പ്‌ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെങ്കിലും ജില്ലയിൽ ആദ്യമായാണ് വലിയ ചൂളൻ എരണ്ടയെ കാണുന്നത്‌. തിരൂരങ്ങാടി പിഎസ്എംഒ കോളേജ് അധ്യാപകനും പക്ഷിനിരീക്ഷകനുമായ പി കബീറലിയും മലപ്പുറം ബേഡേഴ്സ് അംഗം ഫാത്തിമ സബീഹയും ചേർന്നാണ് പക്ഷിയെ കണ്ടെത്തിയത്. അസമിലും മറ്റ്‌ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ തണ്ണീർത്തടങ്ങളിലും കൂടുതലായി കാണപ്പെടുന്ന ഇവയുടെ മുപ്പതിലധികം പേരടങ്ങുന്ന കൂട്ടമാണ്‌ ചെറുമുക്കിൽ എത്തിയത്‌. കേരളത്തിൽ കാണുന്ന ചെറുചൂളൻ എരണ്ടയുമായി വലിയ സാമ്യമുള്ളതിനാൽ പരസ്പരം മാറിപ്പോകാൻ സാധ്യതയേറെയാണ്‌. കഴുത്തിന്റെ പിൻഭാഗത്ത് കറുത്ത വര, കഴുത്തിലെ വെളുത്ത പാട്, ക്രീം കലർന്ന വെളുത്ത നിറത്തിലുള്ള പിൻഭാഗം, താരതമ്യേന വലിയ ശരീരം എന്നിവയാണ് വലിയ ചൂളൻ എരണ്ടകളുടെ പ്രത്യേകത. ആകർഷകമായ രൂപത്തിനും വലിയ വിസിലടിപോലുള്ള ശബ്ദത്തിനും പേരുകേട്ടവയാണ്‌ വലിയ ചൂളൻ എരണ്ട. നീലകലർന്ന ചാരനിറത്തിലുള്ള നീണ്ടുതടിച്ച കാലുകളും അതിനോട് ചേരുന്ന ചാരനിറത്തിലുള്ള ചുണ്ടുമാണുള്ളത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന്‌ മൺസൂൺ ആരംഭത്തോടെ കേരളത്തിലെത്തുന്ന ഇവർ ഒക്ടോബറോടെ തിരിച്ചുപോവും. ഭൂമിത്രസേന ക്ലബ്ബിന്റെ നേതൃത്വത്തിൽ മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്‌മെന്റും മലപ്പുറം ബേർഡേഴ്സ്, ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ, ഫ്രണ്ട്സ് ഓഫ് നേച്ചർ, സിൻസിയർ ക്ലബ് ചെറുമുക്ക് എന്നിവയുമായി സഹകരിച്ച് നാല് വർഷമായി നടത്തിവരുന്ന സർവേകളിൽ എൺപതോളം പക്ഷി ഇനങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home