ആർഎസ്‌എസ് അജൻഡയ്‌ക്ക് ദയനീയമായി കീഴടങ്ങി; പിണറായി വിജയൻ

തിരുവനന്തപുരം : സർവകലാശാലാ നിയമങ്ങൾ യുജിസി ചട്ടമനുസരിച്ച് ഭേദഗതിചെയ്യാമെന്ന് സുപ്രീംകോടതിയിൽ രേഖാമൂലം എഴുതിനൽകിയ യുഡിഎഫ് സർക്കാർ നടപടി ആർഎസ്എസ് അജൻഡയ്‌ക്ക് മുന്നിലുള്ള ദയനീയ കീഴടങ്ങലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗവർണറെ ഉപയോഗിച്ച് സർവകലാശാലകളെ വരുതിയിലാക്കാനുള്ള ശ്രമത്തിനാണ് സർക്കാർ കൂട്ടുനിന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
യുജിസി ചട്ടം സംസ്ഥാന നിയമത്തെ മറികടക്കുമെന്ന വാദം സർക്കാർ അംഗീകരിച്ചതോടെ, കഴിഞ്ഞ പത്ത് വർഷം ഫെഡറൽ തത്വങ്ങൾ ഉയർത്തിപ്പിടിച്ച് കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാൻ എൽഡിഎഫ് സർക്കാർ നടത്തിയ നിയമപോരാട്ടങ്ങൾ ഒറ്റയടിക്ക് ഇല്ലാതായി. സർവകലാശാലകളെ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽനിന്ന് പൂർണമായും പുറത്തുകൊണ്ടുപോകുന്ന ആത്മഹത്യാപരമായ തീരുമാനമാണിത്.
യുജിസി റെഗുലേഷൻ ആക്ട് പാർലമെന്റ് പാസാക്കിയ നിയമമല്ലെന്നും സംസ്ഥാന നിയമസഭ പാസാക്കിയ നിയമങ്ങൾക്കാണ് സർവകലാശാലകളിൽ പ്രാബല്യമെന്നുമുള്ള നിയമവാദം ഉയർത്തിയാണ് എൽഡിഎഫ് സർക്കാർ ഗവർണറുടെ അമിതാധികാര പ്രവണതയെ ചെറുത്തത്. സാങ്കേതിക സർവകലാശാല, ഡിജിറ്റൽ സർവകലാശാല വിസി നിയമനങ്ങളിൽ ഗവർണർ ഏകപക്ഷീയമായി മുന്നോട്ടുപോയപ്പോൾ എൽഡിഎഫ് സർക്കാർ നിയമപരമായി നേരിട്ടു.
സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സുധാംശു ധൂലിയാ കമ്മിറ്റിയിൽ വിഷയം എത്തിയപ്പോഴും എൽഡിഎഫ് സർക്കാർ യുജിസി ചട്ടങ്ങളുടെ മേൽക്കൈ അംഗീകരിച്ചില്ല. നിലവിലെ യുഡിഎഫ് സർക്കാർ യുജിസി ചട്ടമനുസരിച്ച് സർവകാലാശാല ആക്‌ടുകൾ ഭേദഗതി ചെയ്യാനുള്ള നയപരമായ തീരുമാനമെടുത്തു. ഒരാഴ്‌ച രഹസ്യമാക്കിവച്ച തീരുമാനം പുറത്തുവന്നപ്പോൾ, വകുപ്പ് മന്ത്രി മുൻ എൽഡിഎഫ് സർക്കാരിന്റെ തലയിലിടാനാണ് ശ്രമിച്ചത്. യുഡിഎഫ് സർക്കാരിന്റെ തീരുമാനം അവർക്കുപോലും ന്യായീകരിക്കാൻ കഴിയാത്തവിധം പരിഹാസ്യമായതിന്റെ ഉദാഹരണമാണിതെന്നും പിണറായി പ്രസ്‌താവനയിൽ പറഞ്ഞു.










0 comments