ജീവനക്കാരുടെ ജീവനെടുക്കുന്ന സ്ഥലംമാറ്റം
താളംതെറ്റി സർക്കാർ ഓഫീസുകൾ

അന്യായമായ സ്ഥലംമാറ്റത്തില്‍ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തില്‍ മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച്
സ്വന്തം ലേഖിക
മലപ്പുറം
ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതോടെ ജില്ലയിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താളംതെറ്റുന്നു. സർക്കാറിന്റെ അശാസ്ത്രീയമായ നടപടികൾ കാരണം പലയിടത്തും ഫയൽ നീക്കം തടസ്സപ്പെട്ടു. പൊതുജന സേവനവും താളംതെറ്റി. ഒരേസമയം നിരവധി ജീവനക്കാർ മാറിപ്പോവുക, പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ കൂട്ടത്തോടെയുള്ള മാറ്റം, പുതിയ ജീവനക്കാർക്ക് ഓഫീസ് പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ലഭിക്കുന്ന സമയക്കുറവ്, പുതിയതായി വരുന്നവർ ചുമതലയേൽക്കാൻ സമയം വൈകൽ എന്നിവയെല്ലാം പ്രതിസന്ധിയാണ്. ജില്ലയിൽതന്നെ ഇതുവരെ വിവിധ വകുപ്പുകളിൽനിന്നായി ആയിരത്തിലധികം ജീവനക്കാരെയാണ് വിവിധ ജില്ലകളിലേക്കും, ജില്ലയിലെ ദൂരസ്ഥലങ്ങളിലേക്കും സ്ഥലം മാറ്റിയത്. പല ഓഫീസുകളിൽനിന്നും പ്രധാന ചുമതലയുള്ള ഉദ്യോഗസ്ഥരെ ഒന്നിച്ച് മാറ്റിയ സാഹചര്യവുമുണ്ട്. ജില്ലയിൽ സഹകരണ വകുപ്പിൽനിന്ന് ജോയിന്റ് രജിസ്‌ട്രാർ, ഡെപ്യൂട്ടി രജിസ്‌ട്രാർ, അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിങ്), അസിസ്റ്റന്റ് രജിസ്ട്രാർ (എസ്‌സി/എസ്‌ടി) എന്നിവരെ ഒന്നിച്ചാണ് മാറ്റിയത്. ജോയിന്റ് രജിസ്‌ട്രാർ, ഡെപ്യൂട്ടി രജിസ്‌ട്രാർ, അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിങ്) എന്നീ തസ്‌തികയിലെ ജീവനക്കാരെ ജില്ലക്ക് പുറത്തേക്കും (തിരുവനന്തപുരം) അസിസ്റ്റന്റ് രജിസ്ട്രാർ (എസ്‌സി/എസ്‌ടി) തസ്‌തികയിലെ ജീവനക്കാരനെ ഓഡിറ്റ് വിഭാഗത്തിലേക്കും മാറ്റി. എൽഎസ്‌ജിഡി ഉൾപ്പെടെയുള്ള മറ്റ് വകുപ്പുകളിലും സമാനസാഹചര്യമാണുള്ളത്. ഒരു ഓഫീസിന്റെ ഏകോപന ചുമതലയുള്ള ജീവനക്കാരുടെ ഒന്നിച്ചുള്ള സ്ഥലമാറ്റം ദൈന്യംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ജ്വലിച്ചു പ്രതിഷേധം
മലപ്പുറം
ജീവനക്കാരുടെ ജീവനെടുക്കുന്ന സ്ഥലംമാറ്റം അവസാനിപ്പിക്കണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാർ ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ സരിത അധ്യക്ഷയായി. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി ആർ കെ ബിനു, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ വിജയകുമാർ, കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റംഗം എൻ പ്രദീപ്, കലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എൻ പി ജംഷീർ, പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ടി എം സിദ്ധാർഥ്, എകെപിസിടിഎ ജില്ലാ കൗൺസിൽ അംഗം എം നമീർ എന്നിവർ സംസാരിച്ചു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി വി കെ രാജേഷ് സ്വാഗതവും ജില്ലാ ട്രഷറർ എം വി വിനയൻ നന്ദിയും പറഞ്ഞു.









0 comments