ചൂടിന് അകത്തുകയറാൻ അനുവാദല്ല്യാ...

പൊന്നാനി
കേരളത്തിന്റെ കാലാവസ്ഥയ്ക്കനുയോജ്യമായ പുതിയ സ്മാർട്ട് വിൻഡോ ടെക്‌നോളജിയുമായി പൊന്നാനി എംഇഎസ് കോളേജിലെ ഗവേഷക സംഘം. താപനിലയ്ക്കനുസരിച്ച് പ്രകാശത്തിന്റെയും ചൂടിന്റെയും കടന്നുപോക്ക് സ്വയം നിയന്ത്രിക്കാൻ കഴിവുള്ള അത്യാധുനിക ഗ്ലാസ് സാങ്കേതികവിദ്യയാണ് ഗവേഷക സംഘം വികസിപ്പിച്ചത്. അന്തരീക്ഷത്തിലെ താപനിലയ്ക്കനുസരിച്ച് ചൂടും വെളിച്ചവും നിയന്ത്രിക്കാൻ ഇത്തരം വിൻഡോകൾക്ക് സാധിക്കും. മനുഷ്യ ഇടപെടലുകളില്ലാതെ സൂര്യന്റെ ഇൻഫ്രാറെഡ്, അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കാനും മുറിക്കുള്ളിലേക്കുള്ള പ്രകാശം ക്രമീകരിക്കാനും ഇവയ്ക്ക് കഴിയും. എംഇഎസ് പൊന്നാനി കോളേജ് ഫിസിക്‌സ് വിഭാഗത്തിലെ ‘മെറ്റീരിയൽസ് ആൻഡ് അഡ്വാൻസ്ഡ് കണ്ടൻസ്ഡ് മാറ്റർ ഫിസിക്സ് ലബോറട്ടറി'യാണ് പരീക്ഷണം വിജയകരമായി നടത്തിയത്. വ്യത്യസ്ത കാലാവസ്ഥകളിൽ പരീക്ഷണം നടത്തിയാണ് ടെക്‌നോളജി വികസിപ്പിച്ചത്. ഫിസിക്സ് വിഭാഗം ഗവേഷക എസ് ശ്രീദേവിയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണങ്ങൾ. ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി ജയറാമും നോർവേ ഐഎഫ്ഇയിലെ ഡോ. സ്മാഗുൽ കരാഷോനോവും സഹായം നൽകി. പരീക്ഷണവും ടെക്‌നോളജിയും അന്താരാഷ്ട്ര ജേണലായ ‘ജേണൽ ഓഫ് സോളാർ എനർജി മെറ്റീരിയൽസ് ആൻഡ് സോളാർ സെൽസി’ന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.










0 comments