പ്രാദേശിക എതിർപ്പ് വിജയിച്ചില്ല
കുഞ്ഞാലിക്കുട്ടിയുടെ ബന്ധു വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

പി കെ അബുത്വാഹിർ
വേങ്ങര
പ്രാദേശിക എതിർപ്പുകളെ മറികടന്ന് ഒടുവിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. കാരാത്തോട് ഡിവിഷൻ അംഗം പി കെ അബുത്വാഹിറാണ് തെരഞ്ഞെടുക്കപ്പെട്ടത്. ലീഗ് മണ്ഡലം കമ്മിറ്റി ഒറ്റക്കെട്ടായി പി കെ അബുത്വാഹിറിന്റെ പേര് തള്ളിക്കളഞ്ഞിട്ടും സംസ്ഥാന നേതൃത്വം ഇടപെടുകയായിരുന്നു. ഭരണസമിതി അധികാരമേറുന്ന സമയത്തുതന്നെ അബു ത്വാഹിനെ പ്രസിഡന്റാക്കാനായിരുന്നു ശ്രമം. എന്നാൽ പാർടിക്കകത്തും പുറത്തും കടുത്ത എതിർപ്പ് നേരിട്ടു. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായതിനാൽ ഒരേകുടുംബത്തിനുതന്നെ സ്ഥാനമാനങ്ങൾ നൽകുന്നെന്നായിരുന്നു വിമർശം. തുടർന്ന് കെ കെ മൻസൂർ കോയ തങ്ങളെ പ്രസിഡന്റാക്കി. കഴിഞ്ഞ 10ന് ഇദ്ദേഹത്തെ രാജിവയ്പ്പിച്ചാണ് അബുത്വാഹിറിനെ പ്രസിഡന്റാക്കിയത്. മണ്ഡലം കമ്മിറ്റിയോ സഹപ്രവർത്തകരോ അറിയാതെ പാണക്കാടുനിന്നുള്ള നിർദേശപ്രകാരമായിരുന്നു തങ്ങളുടെ രാജി. തുടർന്ന് ശരവേഗത്തിലാണ് തെരഞ്ഞടുപ്പ് നടപടി പൂർത്തീകരിച്ചത്. സ്ഥാനമൊഴിഞ്ഞ കെ കെ മൻസൂർ കോയ തങ്ങൾ, അബു ത്വാഹിറിന്റെ പേര് നിർദേശിച്ചു. എടരിക്കോടുനിന്നുള്ള വി ടി സുബൈർ പിന്താങ്ങി. ലീഗിലെ 13 ഉം കോൺഗ്രസിലെ അഞ്ചും അംഗങ്ങൾ ഹാജരായി.
വിരട്ടി ലീഗ് നേതൃത്വം
പാർടിക്കകത്തെ ജനാധിപത്യത്തിന് പുല്ലുവില കൽപ്പിച്ചാണ് മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം അബു ത്വാഹിറിനെ പ്രസിഡന്റാക്കിയത്. മണ്ഡലം കമ്മിറ്റിയിലോ പഞ്ചായത്ത് കമ്മിറ്റികളിലോ നിർദേശംപോലും വരാത്തയാൾക്ക് സാമ്പത്തിക ബലവും ബന്ധുബലവുംമാത്രം മുൻനിർത്തിയാണ് ലീഗ് സ്ഥാനം നൽകിയത്. കഴിഞ്ഞ 18ന് ചേർന്ന മണ്ഡലം കമ്മിറ്റി യോഗം പറപ്പൂർ പഞ്ചായത്തിൽനിന്നുള്ള ഇ കെ സുബൈറിനെ ഒറ്റക്കെട്ടായി പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ച് പ്രമേയം പാസാക്കിയിരുന്നു. പിന്നാലെ 13 അംഗങ്ങൾക്കും അബു ത്വാഹിറിനുവേണ്ടി വിപ്പ് നൽകിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം നേരിട്ട് ഇടപെട്ട് 13 ലീഗ് അംഗങ്ങളെയും തിരൂരങ്ങാടി വസതിയിലേക്ക് വിളിച്ചുവരുത്തി രേഖാമൂലം വിപ്പുനൽകുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട അബു ത്വാഹിറിനെ അനുമോദിക്കാനും സ്വീകരിക്കാനും ബ്ലോക്ക് പഞ്ചായത്ത് വളപ്പിലേക്ക് ലീഗ് നേതാക്കൾ എത്തിയില്ല.









0 comments