ad
Deshabhimani

പുരസ്കാരത്തിളക്കം

a
വെബ് ഡെസ്ക്

Published on Sep 02, 2026, 12:07 AM | 3 min read

ശബ്ദമായെത്തി അറിവുപകരാൻ

അരീക്കോട്‌

കാഴ്ചപരിമിതിയനുഭവിക്കുന്നവരെ വിജ്ഞാന ദീപം പദ്ധതിയിലൂടെ അറിവുപകരുന്നതിന്‌ മുന്നിലുണ്ട്‌ ഡോ. ബിന്ദു സുഭാഷ്‌. ഓൺലൈനായി പുസ്തകങ്ങളും പത്രങ്ങളും വായിച്ചുകൊടുത്ത് ശബ്ദ ദാനം (ഓഡിയോ ലൈബ്രറി) പരിപാടിക്ക് നേതൃത്വംകൊടുത്തുകൊണ്ടിരിക്കുന്നു. സംസ്ഥാന ഹയർ സെക്കൻഡറി വിഭാഗം അധ്യാപക അവാർഡ് തേടിയെത്തുന്പോൾ അത്‌ പ്രവർത്തനമികവിനുള്ള അംഗീകാരമാണ്‌. മൂർക്കനാട് ഹയർ സെക്കൻഡറി സ്‌കൂളിലെ സോഷ്യോളജി വിഭാഗം അധ്യാപികയാണ്. അനാഥരായ വൃദ്ധജനങ്ങളുടെ പുനരധിവാസത്തിന് പദ്ധതികൾക്ക് നേതൃത്വംകൊടുക്കുകയും മെൻസ്ട്രറൽ ഹൈജീൻ ട്രെയിനിങ് അംബാസിഡറായി പ്രവർത്തിക്കുകയുംചെയ്യുന്നു.

സ്‌കൂൾ എൻഎസ്എസ് യൂണിറ്റ് ആദിവാസി കുടുംബങ്ങളുടെ ഉന്നമനത്തിനായി നടത്തുന്ന വൈദ്യുതീകരണ പദ്ധതിയായ സഹചാരിയുടെ സ്ഥിരം സ്പോൺസറാണ്‌. ബയോ ഡൈവേഴ്സിറ്റി ഗാർഡനിങ്ങിൽ ചെടികൾ സ്പോൺസർഷിപ്പ്, സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങളെ അധികരിച്ചുള്ള ഡോക്യുമെന്ററികൾ, ലഹരിക്കെതിരെ ഷോർട്ട് ഫിലിമുകൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയവയും ചെയ്യുന്നു. എച്ച്എസ്ടിഎയുടെ അധ്യാപക അവാർഡ്, സ്റ്റേറ്റ് പിടിഎ മാതൃകാ അധ്യാപക പുരസ്കാരം, സോൺ അംബാസിഡർ ദേശീയ പുരസ്കാരം എന്നിവ ലഭിച്ചു. വൃദ്ധസദനങ്ങളെ കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം തലവൻ ഡോ. ഇ കെ ജയകുമാറാണ് ഭർത്താവ്. മക്കൾ: അതുൽ, ഡോ. ഗൗരി.


മാഷിനറിയാം

കൃഷിപാഠവും

എടവണ്ണ

ഹൈസ്‌കൂൾ വിഭാഗത്തിൽ വി പി അലി അക്ബറിന് സംസ്ഥാന പുരസ്‌കാരം. എടവണ്ണ ഇസ്ലാഹിയ ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്‌കൂൾ വിഭാഗം സാമൂഹ്യശാസ്ത്ര അധ്യാപകനാണ്‌. കൃഷി, പരിസ്ഥിതി മേഖലകൾ നൂതനാശയങ്ങൾ വിദ്യാർഥികൾക്ക് പകർന്നുനൽകി സ്കൂളിനെ പരിസ്ഥിതി സൗഹൃദമാക്കാൻ അലി അക്ബറിന് കഴിഞ്ഞു. ഓയിസ്ക ഇന്റർനാഷണൽ ലവ് ഗ്രിൻ ക്ലബ്, ഇക്കോ ക്ലബ്, റൈൻ ക്ലബ് എന്നിവയുടെ കോ ഓർഡിനേറ്ററാണ്‌. മുന്പും നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.



പകരുന്നു മികവിന്റെ പാഠം

നിലമ്പൂർ

യുപി വിഭാഗം സംസ്ഥാന അധ്യാപക അവാർഡിന് നിലമ്പൂർ ഗവ. മോഡൽ യുപി സ്കൂൾ പ്രധാനാധ്യാപകൻ എ സിദ്ദിഖ് ഹസ്സൻ അർഹനായി. മികവാർന്ന പ്രവർത്തനങ്ങൾ, വിദ്യാർഥികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനുള്ള ഇടപെടലുകൾ, സ്കൂളിന്റെ സമഗ്ര വികസനത്തിനായി നടത്തിയ പ്രവർത്തനങ്ങൾ, രക്ഷിതാക്കളെയും പൊതുസമൂഹത്തെയും വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്നതിലെ മികവ് എന്നിവ അവാർഡിലേക്ക് അദ്ദേഹത്തെ അർഹനാക്കി.

പ്രധാനാധ്യാപകൻ എന്ന നിലയിൽ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം വിദ്യാർഥികളുടെ വ്യക്തിത്വ വികസനം, സാമൂഹികബോധം, സർഗാത്മകത, പഠനമികവ് എന്നിവയ്ക്കും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളാണ് നടത്തിവന്നത്.

അധ്യാപകരെയും രക്ഷിതാക്കളെയും വിദ്യാർഥികളെയും ഒരുമിച്ചുചേർത്ത് സ്കൂളിന്റെ മുന്നേറ്റത്തിനായി നേതൃത്വം നൽകി. പുതിയറ നുസ്രത്ത് ബീവിയാണ് ഭാര്യ. പ്രശസ്ത യുവഗായകന്‍ ഹനാന്‍ഷാ, റാപ്പർ ഈച്ചു, സോഷ്യൽ മീഡിയ താരം അഫീഫ് എന്നിവർ മക്കളാണ്.


‘മാജിക്‌ ടീച്ചർ’ക്കും പുരസ്കാരം

മഞ്ചേരി

കുട്ടികളുടെ മനംതൊടുന്ന ക്ലാസ്‌ മാത്രമല്ല വിപുലമായ പുരാവസ്തു ശേഖരത്തിനും ഉടമയാണ്‌ തൃപ്പനച്ചി എയുപി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ അബ്ദുൾ അലി. യുപി വിഭാഗം മികച്ച അധ്യാപകനുള്ള അവാർഡ് ഇത്തവണ അബ്ദുൾ അലിയെ തേടിയെത്തി.

‘മാജിക് ടീച്ചിങ്' ഉൾപ്പെടെ സംസ്ഥാനതല ശ്രദ്ധ നേടിയ പരിപാടികളിലൂടെ സജീവമാണ്‌. പഠനത്തിൽ പിന്നാക്കംനിൽക്കുന്ന കുട്ടികളെ മുൻനിരയിലെത്തിക്കാൻ നടപ്പാക്കിയ മാതൃകകളും സ്വയം നിർമിച്ച പഠനോപകരണങ്ങളും വലിയ മാറ്റം സൃഷ്ടിച്ചു. വിദ്യാർഥികളുടെ മാനസിക -വൈകാരിക പ്രയാസങ്ങൾ പരിഹരിക്കുന്നതിനായി ആവിഷ്കരിച്ച ‘ഫലാഷ ചിത്രശലഭ വിദ്യാലയം' പദ്ധതി ഏറെ ജനശ്രദ്ധനേടി.

സാമൂഹ്യശാസ്ത്ര പഠനം ലളിതമാക്കാൻ ഇദ്ദേഹം സ്വരൂപിച്ച പുരാവസ്തു ശേഖരം വീട്ടിലും സ്കൂളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. 15 വർഷമായി സാമൂഹ്യശാസ്ത്ര റിസോഴ്‌സ് പേഴ്‌സനാണ്‌. പഞ്ചായത്ത് വിദ്യാഭ്യാസ ആസൂത്രണ സമിതി അംഗവുമാണ്. ഐസിടി സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ബ്ലോഗിങ്, ലഹരിവിരുദ്ധ ബോധവല്‍ക്കരണം, പൈതൃക സംരക്ഷണ സെമിനാറുകൾ എന്നിവയിലൂടെയും സജീവമാണ്.

തൃപ്പനച്ചി എം എസ് അസ്സൻകുട്ടി ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. കൊട്ടുക്കര പിപിഎം ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക കെ എം ജസീലയാണ് ഭാര്യ. നൈഷ നെഹർ, നഷ ആയിഷ, നജ ഫാത്തിമ എന്നിവർ മക്കളാണ്.



നേതൃപാടവം, ദീർഘവീക്ഷണം

അരീക്കോട്‌

അടച്ചുപൂട്ടൽ ഭീഷണി നേരിട്ട വീട്ടികുത്ത് ഗവ. എൽപി സ്കൂളിനെ 115 കുട്ടികളിൽനിന്ന് 405 കുട്ടികളുള്ള വിദ്യാലയമാക്കി, ചെങ്ങര ഗവ. എൽപി സ്‌കൂളിനെ 172 കുട്ടികളിൽനിന്ന് 300-ലധികം കുട്ടികളുള്ള വിദ്യാലയമാക്കി വളർത്തി. അധ്യാപകൻ ഇല്ലക്കണ്ടി അബ്‌ദുൽ അസീസിന്റെ നേതൃപാടവവും ദീർഘവീക്ഷണവും അടയാളപ്പെടുത്തിയ മേഖലകളേറെ.

37 വർഷത്തെ നിസ്വാർഥ സേവനത്തിനും അർപ്പണത്തിനും ഉയർത്തിപ്പിടിച്ച മാനവികതയ്ക്കും ആദരവായി എൽപി വിഭാഗം മികച്ച അധ്യാപകനുള്ള അവാർഡ്‌ തേടിയെത്തി. തന്റെ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി. പഞ്ചായത്ത് വിദ്യാഭ്യാസ പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ എന്ന നിലയിലും തിളക്കമേറെ.

സർക്കാർ സ്കൂളിൽ ഗോത്രവർഗ മ്യൂസിയം, മൾട്ടിമീഡിയ ലൈബ്രറി, ഹൈടെക് ക്ലാസ് മുറികൾ, ജൈവവൈവിധ്യ പാർക്ക്, മികച്ച ഉച്ചഭക്ഷണ സംവിധാനം, കിഡ്സ് കമാൻഡോ തുടങ്ങിയ നൂതന സംരംഭങ്ങൾക്ക് നേതൃത്വം നൽകി. സംസ്ഥാന മാതൃകാധ്യാപക അവാർഡ്, എസ്‌സിഇആർടി മികവ് അംഗീകാരം, നിലമ്പൂർ നഗരസഭ മാതൃകാധ്യാപക അവാർഡ്, ജെസിഐയുടെ "സല്യൂട്ട് ദ ടീച്ചർ’ അവാർഡ് എന്നിവയും നേടി. ഈ വർഷം ചെങ്ങര ജിഎൽപി സ്‌കൂളിൽനിന്നാണ്‌ വിരമിച്ചത്‌. ചിറപ്പാലം പിഎംഎസ്എഎൽപി സ്കൂൾ പ്രധാനാധ്യാപിക സജീനയാണ് ഭാര്യ. മക്കൾ: അനസ് അലി, അമീൻ ബാസിൽ, ഹംന.



വിഎച്ച്‌എസ്‌സിയിൽ എ ജിനേഷ്‌

തേഞ്ഞിപ്പലം

ചേളാരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ ജിനേഷിന് സംസ്ഥാന അധ്യാപക അവാർഡ്. 2007ൽ ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വിഎച്ച്എസ്ഇയിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം അധ്യാപകനായാണ് തുടക്കം. 2012ൽ പ്രിൻസിപ്പലായി. 2017ൽ ചേളാരി ഗവ. വിഎച്ച്എസ്ഇയിലേക്ക് സ്ഥലമാറ്റം ലഭിച്ചു. ചേലേമ്പ്ര കൊളക്കുത്ത് സ്വദേശിയാണ്. പുല്ലിപ്പറമ്പ് എസ് വിഎയുപി സ്കൂളിൽനിന്ന്‌ വിരമിച്ച അധ്യാപകൻ എ നാരായണനാണ് അച്ഛന്‍. അമ്മ: വിലാസിനി. ഭാര്യ: സി അനുപമ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home