ad
Deshabhimani

കെ പി ന‍ൗഷാദലി എംഎൽഎയുടെ നീക്കം ദുരൂഹം

പൊന്നാനി ഷിപ്പ്‌യാർഡ്‌ അട്ടിമറിക്കുന്നത്‌ ആർക്കുവേണ്ടി: സിപിഐ എം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 08, 2026, 12:46 AM | 2 min read

മലപ്പുറം

പൊന്നാനിയിലെ ആധുനിക ഷിപ്പ്‌യാർഡ് പ്രവർത്തനങ്ങളെ കെ പി നൗഷാദലി എംഎൽഎ തടസ്സപ്പെടുത്തുന്നത്‌ ആർക്കുവേണ്ടിയാണെന്ന്‌ വ്യക്തമാക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ. മലബാറിന്റെ തീരപ്രദേശത്തിന്റെ ഭാവി വികസനത്തിന് ഏറ്റവും ഗുണമാകുന്ന പദ്ധതിക്ക്‌ എംഎൽഎ തുരങ്കംവയ്ക്കുന്നത് വിചിത്രമാണ്. പദ്ധതി അട്ടിമറിക്കാനുള്ള എംഎൽഎയുടെ നീക്കത്തെക്കുറിച്ച് യുഡിഎഫ്‌ നിലപാട്‌ വ്യക്തമാക്കണമെന്നും സിപിഐ എം നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാരിടൈം ബോർഡിന്റെ ഭൂമി ഉപയോഗപ്പെടുത്തി രൂപംകൊടുത്തതാണ്‌ പൊന്നാനിയിലെ ഷിപ്പ്‌യാർഡ് പദ്ധതി. ഏകദേശം 2500 പേർക്ക് പ്രത്യക്ഷമായും അതിലേറെ പേർക്ക് പരോക്ഷമായും തൊഴിൽ കിട്ടുന്ന ഈ പദ്ധതി മത്സ്യത്തൊഴിലാളി മേഖലയിലെ പുതിയ തലമുറയ്ക്ക് പ്രതീക്ഷ നൽകുന്നതാണ്. 30 വർഷക്കാലത്തേക്ക് പിപിപി മോഡലിൽ നിർമാണം നടത്തി അതിൽനിന്ന് വാടക ഇനത്തിൽ പ്രതിവർഷം ഒന്നരക്കോടിയോളം രൂപ സർക്കാരിന് ലഭ്യമാകുന്ന തരത്തിലാണ് കരാർ. എൽഡിഎഫ് സർക്കാർ നിയമപരമായ നടപടികൾ പൂർത്തീകരിച്ച്, മാരിടൈം ബോർഡും കമ്പനിയും തമ്മിൽ ഒപ്പിട്ട കരാറും, അതിനുശേഷം സ്ഥലം വിട്ടുകൊടുത്ത്‌ പുറപ്പെടുവിച്ച ഉത്തരവും മുന്നിലിരിക്കെയാണ് സ്വകാര്യ സംരംഭമാണെന്നും സർക്കാർ അറിയില്ലെന്നും പൊന്നാനി എംഎൽഎ പറയുന്നത്‌. തന്റെ താൽപ്പര്യത്തിന് വഴങ്ങുന്ന രീതിയിൽ അല്ലാത്തതിനാലാണ്‌ പദ്ധതിക്ക്‌ എംഎൽഎ തുരങ്കംവയ്ക്കുന്നത്‌. കൊച്ചിക്കുശേഷം കേരളത്തിലെ കപ്പൽ നിർമാണരംഗത്ത് രണ്ടാമത്തെ കേന്ദ്രമായാണ്‌ പൊന്നാനിയിലെ പദ്ധതി വിഭാവനംചെയ്‌തത്‌. ആദ്യഘട്ടത്തിൽ 20മുതൽ 60 മീറ്റർവരെയുള്ള യാനങ്ങളും തുടർന്ന് കപ്പലുകളും നിർമിക്കാനുദ്ദേശിച്ചുള്ളതാണ് പദ്ധതി. ക്രൂയിസർ യാത്രാ കപ്പലുകൾക്കുള്ള സൗകര്യങ്ങളും ഒരുക്കാൻ തയ്യാറാണെന്ന് വ്യവസായ വകുപ്പ് പൊന്നാനിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ കമ്പനി അറിയിച്ചിരുന്നു. പൊതു സ്വകാര്യ പങ്കാളിത്തം സംബന്ധിച്ച് യുഡിഎഫ്‌ സർക്കാരിന്റെ നിലപാട്‌ തള്ളുകയാണ്‌ എംഎൽഎ. ഇ- ടെന്‍ഡർ മുഖേന യോഗ്യത നേടിയ കമ്പനിയായ ട്രാവൻകൂർ പ്രിസിഷൻ കമ്പോണൻസുമായി 2026 മെയ് 18നാണ്‌ മാരിടൈം ബോർഡ്‌ കൺസഷൻ എഗ്രിമെന്റ് ഒപ്പുവച്ചത്‌. ജൂലൈ 26-ന് കണ്ടെയ്‌നർ ബേസ്ഡ് താൽക്കാലിക ഓഫീസ് നിർമിക്കാനും വൈദ്യുതി, വെള്ളം എന്നിവയുടെ കണക്‌ഷനെടുക്കാനും മാരിടൈം ബോർഡ് കമ്പനിക്ക് അനുമതി നൽകി. യുഡിഎഫ്‌ സർക്കാരാണ്‌ ഇ‍ൗ അനുമതി നൽകിയതെന്ന വസ്‌തുത മറച്ചുവച്ചാണ്‌ പദ്ധതി നടപ്പാക്കില്ലെന്ന്‌ എംഎൽഎ പ്രഖ്യാപിക്കുന്നത്‌. താനുൾപ്പെടെയുള്ള നിയമസഭ പാസാക്കിയ ഗവർണറുടെ നയപ്രഖ്യാപനം, ധവളപത്രം, ബജറ്റ് എന്നിവയുടെ നിലപാടുകൾക്ക് വിരുദ്ധമായ നിലപാടാണ് എംഎൽഎയുടേത്. മുഖ്യമന്ത്രിയോടൊപ്പം എംഎൽഎ നടത്തിയ ഹെലികോപ്റ്റർ യാത്രപോലും പദ്ധതിക്കെതിരായ ഡീൽ ഉറപ്പിക്കാനായിരുന്നോയെന്ന്‌ സംശയമുയർന്ന സാഹചര്യത്തിൽ ജില്ലയിലെ മന്ത്രിമാരടക്കം നിലപാട്‌ വ്യക്തമാക്കണമെന്ന്‌ സിപിഐ എം ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ പി നന്ദകുമാർ, കെ പി അനിൽ, ടി എം സിദ്ദീഖ്‌ എന്നിവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home