Deshabhimani

നാരങ്ങാപ്പൊട്ടിയിൽ വളർത്തുനായയെ പുലി പിടിച്ചു

A leopard snatched a pet dog.

നാരങ്ങാപ്പൊട്ടിയിൽ വളർത്തുനായയെ പുലി പിടികൂടിയ പ്രദേശത്ത് 
വനംവകുപ്പ് ഉദ്യോഗസ്ഥർ കാമറ സ്ഥാപിക്കുന്നു

വെബ് ഡെസ്ക്

Published on Oct 15, 2026, 12:58 AM | 1 min read

എടക്കര

മൂത്തേടം വട്ടപ്പാടം നാരങ്ങാപ്പൊട്ടിയിൽ വളർത്തുനായയെ പുലി പിടികൂടി പാതി ഭക്ഷിച്ചു. നാരങ്ങാപ്പൊട്ടി തളിയത്ത് ഷിബുവിന്റെ വീട്ടുമുറ്റത്ത് കെട്ടിയ നായയെയാണ് പുലി കൊന്നത്‌. ബുധൻ പുലർച്ചെ നോക്കിയപ്പോഴാണ് അടുക്കളയോട് ചേർന്ന ഭാഗത്ത് കെട്ടിയ നായ ചത്തുകിടക്കുന്നത് ഷിബുവിന്റെ ഭാര്യ കണ്ടത്. നായയുടെ വയറിന്റെ ഭാഗം മുഴുവൻ ഭക്ഷിച്ച നിലയിലായിരുന്നു. നിലമ്പൂർ റെയ്‌ഞ്ച്‌ ഓഫീസർ കെ പി ജിനേഷിന്റെ നിർദേശത്തെ തുടർന്ന് വള്ളുവശ്ശേരി സ്‌റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി എം ശ്രീജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിഷ്ണു, പ്രജിത്ത് എന്നിവരും നിലമ്പൂർ ആർആർടി സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണ രീതിയും കാൽപ്പാടുകളും പരിശോധിച്ചാണ്‌ ആക്രമിച്ചത് പുലിയാവാനാണ് സാധ്യതയെന്ന്‌ തിരിച്ചറിഞ്ഞത്‌. സമീപത്ത് ട്രാപ്പ് കാമറ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ചീനിക്കുന്നിൽ കോൽക്കാടൻ രവീന്ദ്രന്റെ വീട്ടിലെ വളർത്ത് നായയെ പുലി പിടിച്ചിരുന്നു. ഇരു സംഭവങ്ങളും നടന്നത് കിലോമീറ്ററുകളുടെ വ്യത്യാസത്തിലായതിനാൽ ആക്രമിച്ചത് ഒരു പുലിയാവാൻ സാധ്യത കുറവാണെന്നാണ്‌ കരുതുന്നത്‌. ഒന്നരമാസംമുമ്പ് നാരങ്ങാപ്പൊട്ടിക്ക് സമീപമുള്ള ചോളമുണ്ടയിൽ കടുവ പശുവിനെ കൊന്നിരുന്നു. ഉച്ചക്കുളം ഉന്നതിയിലെ നാല് പോത്തിൻകുട്ടികളെ പുലി പിടിച്ചതായി ആദിവാസികളും പറയുന്നു. എത്രയും വേഗം പ്രദേശത്ത് കൂടുസ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാമറയിൽ പുലിയുടെ സാന്നിധ്യം ഉറപ്പായാൽമാത്രമേ കൂട് അടക്കം സ്ഥാപിച്ച് തുടർ നടപടികൾ കൈക്കൊള്ളാനാവൂ എന്നാണ് വനപാലകർ പറയുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home