നെടുങ്കയത്ത് പുലി

എടക്കര
നെടുങ്കയം വനം ഡിപ്പോക്കുസമീപം പുലിയിറങ്ങി. നെടുങ്കയം ആദിവാസി നഗറിലെ കോഴിക്കോട് ഗവ. ഐടിഐയിലെ ജീവനക്കാരൻ രതീഷാണ് ബുധൻ രാവിലെ 6.30ന് പുലിയെ കണ്ടത്. നെടുങ്കയം ആദിവാസി നഗറിലെ 100ഓളം കുടുംബങ്ങൾ കഴിയുന്ന വനപ്രദേശമാണിത്. നെടുങ്കയം നഗറിലെ വീട്ടിൽനിന്ന് കരുളായി ചെറുപുഴയിലേക്ക് ഓട്ടോയിൽ വരുമ്പോഴാണ് രതീഷ് റോഡിനുസമീപം പാറപ്പുറത്ത് പുലിയെ കണ്ടത്. ഓട്ടോറിക്ഷയുടെ ശബ്ദം കേട്ടതോടെ പുലി ഉൾക്കാട്ടിലേക്ക് കയറിപ്പോയി. നെടുങ്കയം വനം ഡിപ്പോക്കുസമീപമുള്ള കരടിമല പാറയുടെ സമീപത്തേക്കാണ് പുലി പോയതെന്ന് രതീഷ് പറഞ്ഞു. ഏറെക്കാലമായി നെടുങ്കയം നഗറിൽനിന്ന് മേയാൻവിടുന്ന ആടുകളെ കാണാതാവുന്നത് പതിവാണ്. പുലിസാന്നിധ്യം ഉറപ്പായതോടെ ആദിവാസികൾ ആശങ്കയിലാണ്. വനവിഭവങ്ങൾ ശേഖരിക്കാനും മറ്റ് ആവശ്യങ്ങൾക്കും പോകുന്നവരും വളർത്തുമൃഗങ്ങളെ മേയ്ക്കുന്നവരും ഭീതിയിലാണ്. ഉൾക്കാട്ടിൽ സ്വന്തമായി ഇരയെ പിടിക്കാൻ കഴിയാതെ വരുമ്പോഴാണ് ജനവാസ മേഖലയോട് ചേർന്ന പ്രദേശത്തേക്ക് പുലി താവളം മാറ്റുന്നത്. പുലിയെ കെണിവച്ച് പിടികൂടി ഉൾക്കാട്ടിൽ വിടണമെന്ന് ആദിവാസി കുടുംബങ്ങൾ ആവശ്യപ്പെട്ടു. വിവിധ പ്രദേശങ്ങളിൽനിന്നും ദിനംപ്രതി ധാരാളം വിനോദസഞ്ചാരികൾ എത്തുന്ന പ്രദേശംകൂടിയാണിത്.











0 comments