വിനോദസഞ്ചാരികളെ നിയന്ത്രിക്കാൻ നീക്കം
കാടുകാണാന്‍ ഇനി കണക്കുണ്ടാകും

പഠനത്തിന് തെരഞ്ഞെടുത്ത കക്കാടംപൊയില്‍ കോഴിപ്പാറ വെള്ളച്ചാട്ടം
എം സനോജ്
Published on Sep 11, 2026, 12:02 AM | 1 min read
നിലമ്പൂർ
ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടോയെന്ന് പരിശോധിക്കാൻ വഹനശേഷി (സന്ദര്‍ശകശേഷി) പഠനവുമായി വനംവകുപ്പ്. സംസ്ഥാന വന വികസന ഏജൻസിയുടെ മേല്‍നോട്ടത്തിലാണ് പഠനം. തെരഞ്ഞെടുത്ത 20 ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് ആദ്യഘട്ടം പഠനം നടത്തുന്നത്. ഓരോ കേന്ദ്രത്തിനും പരിസ്ഥിതിക്കും അടിസ്ഥാന സൗകര്യങ്ങൾക്കും താങ്ങാനാകുന്ന സന്ദർശകരുടെ പരിധി കണ്ടെത്തുകയാണ് പഠനത്തിന്റെ പ്രധാന ലക്ഷ്യം. ഭൗതിക വഹനശേഷി, യഥാർഥ വഹനശേഷി, ഫലപ്രദമായ വഹനശേഷി എന്നിവ പഠനത്തിന്റെ ഭാഗമായി കണക്കാക്കും. ഇതിലൂടെ ഓരോ കേന്ദ്രത്തിലും ഒരുസമയത്ത് എത്രപേർക്ക് സുരക്ഷിതമായും പരിസ്ഥിതിക്ക് ആഘാതം കുറച്ചും പ്രവേശനം അനുവദിക്കാനാകുമെന്നതിൽ വ്യക്തത ലഭിക്കും. പഠനത്തിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്ക് വഴിയൊരുങ്ങുമോ എന്നതാണ് പ്രധാന ചോദ്യം. 2011 ജൂണിലെ കേന്ദ്ര മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് പഠനം. 15 വർഷത്തിനുശേഷമാണ് ഇത്രയും കേന്ദ്രങ്ങളെ ഉൾപ്പെടുത്തി വിപുലമായ പഠനത്തിന് നടപടിയാരംഭിക്കുന്നത്. മംഗയം, കുളത്തൂപ്പുഴ, അഭയാരണ്യം, പനംകുഴി, മംഗളവനം, സുവർണോദ്യാനം, ആനക്കോട്ടപ്പാറ, രാജീവ് ഗാന്ധി നേച്ചര്‍ പാര്‍ക്ക്, അനങ്ങന്‍മല, തോടുകാപ്പുകുന്ന്, കോഴിപ്പാറ, അലകാപുരി, ശശിപ്പാറ, കക്കവയൽ, കക്കാട്, പീച്ചി, വാഴാനി, ചൂലന്നൂർ, ഭൂതത്താൻകെട്ട്, അടവി തുടങ്ങി 20 കേന്ദ്രങ്ങളാണ് പഠനപരിധിയിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഭൂമിശാസ്ത്രപരമായി ഏറെ അകലെയുള്ള കേന്ദ്രങ്ങളെ ഒരൊറ്റ ഏജൻസി പഠനവിധേയമാക്കുമ്പോൾ ഓരോ പ്രദേശത്തിന്റെയും തനത് പരിസ്ഥിതി, സാമൂഹിക സാഹചര്യങ്ങൾ എന്നിവ ആഴത്തിൽ മനസ്സിലാക്കാൻ സാധിക്കുമോയെന്നും ചോദ്യമുയരുന്നുണ്ട്. പ്രത്യേകിച്ച് ഓരോ കേന്ദ്രത്തിന്റെയും പ്രാദേശിക സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ പഠനത്തിന്റെ ആഴവും പ്രാദേശിക പങ്കാളിത്തവും നിർണായകമാകും. നിലവിൽ സന്ദർശക നിയന്ത്രണം ഏർപ്പെടുത്തുമെന്ന് വനംവകുപ്പ് പറയുന്നില്ലെങ്കിലും വഹനശേഷി പഠനത്തിന്റെ പ്രധാന ലക്ഷ്യം ഓരോ കേന്ദ്രത്തിനും ഉൾക്കൊള്ളാനാകുന്ന പരമാവധി സന്ദർശകരുടെ എണ്ണം കണ്ടെത്തുകയാണ്.










0 comments