നിയമന അട്ടിമറി
മുണ്ടേരി ഫാമിലേക്ക് സിപിഐ എം മാർച്ച്

സിപിഐ എം എടക്കര ഏരിയാ കമ്മിറ്റി മുണ്ടേരി ഫാമിലേക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി വി പി അനിൽ ഉദ്ഘാടനംചെയ്യുന്നു
എടക്കര
മുണ്ടേരി ഫാമിലെ തൊഴിലാളി നിയമനം അട്ടിമറിക്കുന്നതിനെതിരെ സിപിഐ എം പ്രതിഷേധം. എടക്കര ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ഫാമിലേക്ക് മാർച്ച് നടത്തി. നിയമന ഉത്തരവ് ലഭിച്ച 51 തൊഴിലാളികളെയാണ് യുഡിഎഫ് സർക്കാർ നിയമനം അട്ടിമറിച്ച് ജോലിയിൽ പ്രവേശിപ്പിക്കാതിരിക്കുന്നത്. നിലമ്പൂർ എംപ്ലേയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമന നടപടിക്രമങ്ങൾ പാലിച്ച് കായികശേഷി പരിശോധിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതും നിയമനം ഉത്തരവ് നൽകിയതും. എന്നാൽ ഭരണമാറ്റമുണ്ടായതോടെ സർക്കാർ നിയമനം അട്ടിമറിക്കുകയായിരുന്നു. 365. 29 ഹെക്ടർ സ്ഥലത്താണ് ഫാമിൽ കൃഷിയുള്ളത്. 356 തൊഴിലാളികളെ ഇവിടെ ആവശ്യമുണ്ട്. 302 പുരുഷൻമാരും 54 സ്ത്രീകളും. നിലവിൽ 296 പേരാണുള്ളത്. തൊഴിലാളികളുടെ കുറവ് ഫാമിനെ തകർച്ചയിലേക്ക് നയിക്കുന്ന ഘട്ടത്തിലാണ് സർക്കാർ നിയമനം അട്ടിമറിക്കുന്നത്. തമ്പുരാട്ടിക്കല്ലിൽനിന്നാരംഭിച്ച പ്രതിഷേധ മാർച്ച് മുണ്ടേരി ഫാം ഗേറ്റിൽ പൊലീസ് തടഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ സമരം ഉദ്ഘാടനംചെയ്തു. ഏരിയാ കമ്മിറ്റി അംഗം പി സെഹീർ അധ്യക്ഷനായി. ഗവ. ഫാം വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ് സി എ വേലായുധൻ, സംസ്ഥാന ജോ. സെക്രട്ടറി വി ഷിബു, സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ എ ടി റെജി, എം സുകുമാരൻ എന്നിവർ സംസാരിച്ചു. സിപിഐ എം എടക്കര ഏരിയാ സെക്രട്ടറി ടി രവീന്ദ്രൻ സ്വാഗതവും പോത്തുകല്ല് ലോക്കൽ സെക്രട്ടറി മുസ്തഫ പാക്കട നന്ദിയും പറഞ്ഞു.










0 comments