ad
Deshabhimani

വീടുകൾക്ക്‌ മോദിയുടെ ചാപ്പകുത്തൽ

സംഘപരിവാർ അജൻഡ ഏറ്റെടുത്തത്‌ ലീഗെന്ന്‌ വ്യക്തമായി: സിപിഐ എം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 30, 2026, 12:00 AM | 2 min read

മലപ്പുറം

കേന്ദ്ര ഭവനപദ്ധതിയിലുൾപ്പെട്ട വീടുകൾക്ക്‌ മോദിയുടെ ചാപ്പ കുത്തുന്നതിൽ തെറ്റില്ലെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്‌താവനയിലൂടെ സംഘപരിവാർ അജൻഡ ഏറ്റെടുത്തത്‌ മുസ്ലിംലീഗ്‌ ആണെന്ന്‌ വ്യക്തമായതായി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ലെന്നാണ്‌ കെ എം ഷാജിയുടെ പ്രഖ്യാപനം. പിഎം ശ്രീയുമായി മുന്നോട്ടുപോകുന്നതും പിഎംഎവൈ വീടുകളിൽ മോദിയുടെ ചിത്രമുള്ള ലോഗോ വയ്‌ക്കാമെന്ന നിലപാടും ലീഗിന്റെ പൂർണസമ്മതത്തോടെയാണെന്നാണ്‌ പ്രതികരണത്തിൽനിന്ന്‌ വ്യക്തമാകുന്നത്‌. ഹിന്ദുത്വ വർഗീയതയെ അകറ്റിനിർത്തിയ മതനിരപേക്ഷ കേരളത്തോടുള്ള വെല്ലുവിളിയാണിത്‌. സംഘപരിവാർ അജൻഡയ്‌ക്ക്‌ കേരളത്തെ അടിയറവയ്ക്കുന്ന മുഖ്യമന്ത്രി വി ഡി സതീശനെ അവരോധിച്ചത്‌ തങ്ങളാണെന്നാണ്‌ ലീഗ്‌ അവകാശപ്പെടുന്നത്‌. സംഘപരിവാർ തെളിക്കുന്ന വഴിയിലൂടെ ഭരണം നടത്തുന്ന യുഡിഎഫ് സർക്കാരിൽനിന്ന്‌ മതനിരപേക്ഷ കേരളത്തിന് വലുതായൊന്നും പ്രതീക്ഷിക്കാനില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. ലീഗിനും ഇതിന്റെ ഉത്തരവാദിത്തത്തിൽനിന്ന്‌ മാറിനിൽക്കാനാവില്ല. എന്തിനും സമുദായസംരക്ഷണം പറയുന്ന ലീഗ്‌ ന്യൂനപക്ഷവേട്ട നടത്തുന്ന സംഘപരിവാറിനെ ചേർത്തുപിടിക്കുകയാണ്‌. സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണതോതിൽ ആലപിച്ചതോടെ സർക്കാർ എങ്ങോട്ടേക്കാണെന്ന്‌ വ്യക്തമായിരുന്നു. വന്ദേമാതരത്തിന്റെ ആദ്യഭാഗം ആലപിച്ചാൽ മതിയെന്ന രാഷ്‌ട്രശിൽപ്പികളുടെ പൊതുതീരുമാനം ആർഎസ്‌എസ്‌ അട്ടിമറിക്കുകയാണ്‌. അതിന്‌ കൂട്ടുനിൽക്കുകയായിരുന്നു യുഡിഎഫ്‌ സർക്കാർ. തുടക്കത്തിൽതന്നെ ആർഎസ്എസ്‌ അഭിനന്ദിച്ച ഇന്ത്യയിലെ ഏക എൻഡിഎ ഇതര മന്ത്രിസഭ കൂടിയായി കേരളത്തിലെ യുഡിഎഫിന്റേത്‌. മുസ്ലിംലീഗിനും കൂടിയുള്ളതാണ്‌ ഇ‍ൗ ക്രെഡിറ്റ്‌. ശബരിമല സ്വർണപ്പാളി കേസിൽ പ്രതിയുടെ വക്കീലിനെ ദേവസ്വം വകുപ്പിന്റെ വക്കീലാക്കി നിയമിച്ചതിലൂടെ സുപ്രധാന രേഖകളെല്ലാം പ്രതിഭാഗത്തിന് പരിശോധിക്കാനുള്ള അവസരമുണ്ടാക്കുകയായിരുന്നു. പുതിയ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലും കേന്ദ്രത്തിനെതിരെ ഒരു വിമർശമുണ്ടായില്ല. കേരളത്തിന് അർഹമായ പണം തടഞ്ഞുവച്ച്‌ ദ്രോഹിക്കുന്ന കേന്ദ്രസർക്കാരിനെതിരായ ഒരു വരിപോലും എഴുതാനാവാത്തത്‌ മുട്ടിലിഴയുന്നതിന്റെ പ്രത്യക്ഷ തെളിവായി. കേന്ദ്രവുമായി ഏറ്റുമുട്ടലില്ലെന്ന കെ എം ഷാജിയുടെ പ്രഖ്യാപനവും ഇതും കൂട്ടിവായിക്കുന്പോഴാണ്‌ മൂന്നുപേർ മാത്രമുള്ള ബിജെപിക്കുവേണ്ടി ആരാണ്‌ ഭരിക്കുന്നതെന്ന് വ്യക്തമാകുന്നത്‌. ​ വെളിവാകുന്നത്‌ 
കൃത്യമായ ഡീൽ ​മുഖ്യമന്ത്രി ചുമതലയേറ്റയുടൻ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് കടുത്ത സംഘപരിവാർ ആഭിമുഖ്യമുള്ളയാളെയാണ്‌. തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫീസ് ബിജെപി ഓഫീസാക്കിയ ഉദ്യോഗസ്ഥനെ പ്രൈവറ്റ് സെക്രട്ടറിയാക്കിയതിലും ഉദ്ദേശ്യം വ്യക്തം. ന്യൂനപക്ഷങ്ങളെ വോട്ടർ പട്ടികയിൽനിന്ന് വെട്ടിമാറ്റുന്നതിന്‌ കേന്ദ്രസർക്കാർകൊണ്ടുവന്ന എസ്‌ഐആർ നടപ്പാക്കിയത്‌ ഇ‍ൗ ഉദ്യോഗസ്ഥനാണ്‌. ബംഗാളിൽ അതിതീവ്രതയോടെ എസ്‌ഐആർ നടപ്പാക്കിയ തെരഞ്ഞെടുപ്പ്‌ കമീഷണറെയാണ്‌ ബിജെപി മുഖ്യമന്ത്രി പ്രൈവറ്റ്‌ സെക്രട്ടറിയാക്കിയത്‌. ലീഗ്‌ മുന്നിൽനിന്ന്‌ പ്രവർത്തിച്ച്‌ മുഖ്യമന്ത്രിയാക്കിയ വി ഡി സതീശൻ ഇങ്ങനെ നിയമിച്ചതും കൃത്യമായ ഡീലിന്റെ ഭാഗമാണ്‌. സംഘപരിവാര്‍ ബന്ധമുള്ള അഭിഭാഷകനെയാണ്‌ സർക്കാർ അഡ്വക്കറ്റ്‌ ജനറലായി നിയമിച്ചത്‌. എംജി സർവകലാശാലയിൽ ആർഎസ്‌എസ്‌ നേതാവിനെ വിസിയാക്കാൻ ഗവർണർക്ക്‌ കൂട്ടുനിന്നു. സെനറ്റിൽ 19 ആർഎസ്‌എസുകാരെ ഗവർണർ നാമനിർദേശംചെയ്‌തപ്പോഴും നോക്കിനിന്നു. ഗവർണർ ഉദ്യോഗസ്ഥരുടെ യോഗം നേരിട്ട്‌ വിളിച്ചപ്പോൾ ലീഗ്‌ മന്ത്രിമാരടക്കം മ‍ൗനംപാലിച്ചു. സർക്കാർ നൽകിയ പട്ടിക തള്ളി കാർഷിക സർവകലാശാലാ വിസിയായി അധ്യാപക പരിഷത്ത്‌ നേതാവിനെ ഗവർണർ നിയമിച്ചിട്ടും ലീഗടക്കം മ‍ൗനംപാലിച്ചു. പിഎം ശ്രീ പദ്ധതിയുമായും യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നു. എൽഡിഎഫ് സർക്കാർ നടപ്പാക്കേണ്ടെന്ന് തീരുമാനിച്ച പിഎം ശ്രീ പദ്ധതി, ആർഎസ്‌എസിനുവേണ്ടി പൊടിതട്ടി പുറത്തെടുക്കുകയാണ് സർക്കാർ. ലീഗാണിതിന്‌ മുന്നിൽനിൽക്കുന്നത്‌. എസ്‌ഐആർ നടപ്പാക്കുന്നത്‌ എൽഡിഎഫ്‌ സർക്കാരാണെന്ന കള്ളപ്രചാരണമാണ്‌ ലീഗിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ കേരളത്തിൽ നടന്നത്‌. എൽഡിഎഫും ബിജെപിയുമായി ഡീലെന്ന കള്ളക്കഥയും പ്രചരിപ്പിച്ചു. അധികാരമേറ്റ്‌ ഒരുമാസത്തിനുള്ളിൽ യുഡിഎഫ്‌ ഡീൽ ഒന്നൊന്നായി പുറത്തുവരികയാണ്‌. ഇതിന്‌ കൂട്ടുനിൽക്കുന്ന ലീഗ്‌ സമുദായത്തോടും പൊതുസമൂഹത്തോടും മാപ്പുപറയണമെന്നും ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home