ad
Deshabhimani

ഇ‍താ മാതൃക; സർക്കാർ കരുതലിൽ തിരികെ ജീവിതത്തിലേക്ക്

a

ഉണ്ണിക്കൃഷ്ണൻ ‘ഉണ്ണ്യേട്ടൻസ് ഇടം’ ചായക്കടയിൽ

avatar
വിനോദ്​ തലപ്പള്ളി

Published on Nov 03, 2025, 01:17 AM | 1 min read


തിരൂർ

അതിദാരിദ്ര്യമുക്ത കേരളത്തിന്‌ എതിർപ്പുയർത്തുന്ന, യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ അതിദാരിദ്ര്യത്തില്‍നിന്ന് കരകയറിയ അറുപത്തിയഞ്ചുകാരൻ ഉണ്ണിക്കൃഷ്ണന്റെ മാതൃകാജീവിതം നാടകീയമാണ്‌. ജ്വല്ലറി ഉടമയായി പിന്നെ എല്ലാം നഷ്‌ടമായി അതിദാരിദ്ര്യത്തിന്റെ ദുരിതത്തിൽ, സർക്കാരിന്റെ കൈത്താങ്ങിൽ വീണ്ടും സമാധാന ജീവിതത്തിലേക്ക്‌. 25 വർഷം ഖത്തറിലും ദുബായിലുമായി ജോലിനോക്കിയ ഉണ്ണിക്കൃഷ്ണൻ 2002ലാണ് പ്രവാസം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയത്. നാട്ടിൽ വീടുവച്ചു. ബാക്കിയുള്ള സന്പത്തെല്ലാം ഉപയോഗിച്ച്‌ തിരുന്നാവായയിലെ കാദനങ്ങാടിയിൽ തൃപ്തി ജ്വല്ലറി തുടങ്ങി. ഇതിനിടെ വീടിന്റെയും 20 സെന്റ് പറമ്പിന്റെയും ഉടമസ്ഥാവകാശത്തിന് തർക്കമായി, തർക്കം കോടതിയിലെത്തി. തുടർന്ന്‌ 2006ൽ ഉണ്ണിക്കൃഷ്ണന് വീട്ടിൽനിന്ന് ഇറങ്ങേണ്ടി വന്നു. പുറത്തൂരിൽ അമ്മയുടെ പേരിലുള്ള വീട്ടിൽ തനിച്ച് താമസിക്കാൻ തുടങ്ങി. 13 വർഷം നടത്തിയ ജ്വല്ലറിയും അടച്ചുപൂട്ടി. ‘ജ്വല്ലറി കച്ചവടത്തിൽനിന്ന് മൂന്ന് ലക്ഷം രൂപ കിട്ടാനുണ്ട്, എല്ലാംപോയി’. തകർച്ചയുടെ കാലം ഉണ്ണിക്കൃഷ്ണൻ ഓർത്തെടുത്തു. സാമ്പത്തികമായുള്ള വൻ വീഴ്ച അയാളെ നാട്ടുകാരിൽനിന്നും അകറ്റി. ആളുകളെ അഭിമുഖീകരിക്കാൻ മടിയായി. വാർധക്യ പെൻഷൻമാത്രമായി ഏക സാമ്പത്തിക ആശ്രയം. പിന്നീട്, അതിദാരിദ്ര്യ പദ്ധതി രക്ഷക്കെത്തി. സർവേ നടത്തി അതിദാരിദ്ര്യ പദ്ധതിയിൽ ഉൾപ്പെട്ടതോടെ ഉണ്ണിക്കൃഷ്ണന്റെ ജീവിതം വീണ്ടും പച്ചതൊട്ടു. അയാൾ താമസിക്കുന്ന അമ്മയുടെ പേരിലുള്ള വീട് പുനർനിർമിച്ചു. കക്കൂസ് നിർമിച്ചുനൽകി. ശ്വാസംമുട്ടിനും നട്ടെല്ലിന് സംഭവിച്ച അപകടത്തെ തുടർന്നുമുള്ള നിരന്തര അസുഖങ്ങൾക്കും സൗജന്യമായി മരുന്ന് ലഭിച്ചുതുടങ്ങി. ഒരുഉപജീവനമാർഗം എന്ന നിലയിൽ കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി തിരുന്നാവായ പഞ്ചായത്ത് വളപ്പിൽ ചായക്കട ഇട്ടുനൽകി. ആറുമാസം മുമ്പ് തുടങ്ങിയ ‘ഉണ്ണ്യേട്ടൻസ് ഇടം' എന്ന് പേരിട്ട ആ ചായക്കടയുടെ മുന്നിലെ ആളുകളുടെ പൊട്ടിച്ചിരികളിലും കുശലഭാഷണങ്ങളിലും ഉണ്ണിക്കൃഷ്ണൻ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവന്നുതുടങ്ങി. ഇല്ലായ്മയുടെ ആഴത്തിൽ വീണ ഒരാളുടെ അവിശ്വസനീയമായ മടങ്ങിവരവായിരുന്നു ഇത്‌. "ഇപ്പൊ നല്ല സമാധാനമുണ്ട്. പഞ്ചായത്തിലെ ജീവനക്കാരാണ് ഇപ്പോൾ എന്റെ കുടുംബം. ജീവിതം തിരിച്ചുപിടിക്കാൻ സഹായിച്ച സർക്കാരിനെ മരിച്ചാലും മറക്കാൻ കഴിയില്ല. തൊണ്ടയിടറിക്കൊണ്ട്‌ ഉണ്ണിക്കൃഷ്ണൻ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home