ad
Deshabhimani

ഓർമകളിലേക്ക് പാറിയെത്തുന്ന ഓണത്തുമ്പികൾ

a
വെബ് ഡെസ്ക്

Published on Aug 22, 2026, 12:19 AM | 1 min read

നിലമ്പൂർ

പച്ചവിരിച്ച പാടങ്ങളും പൂത്തുനിൽക്കുന്ന പറമ്പുകളും. ഇതിനിടയിൽ മഴവില്ലഴകുള്ള ചിറകുകൾ വീശി പറന്നുനടക്കുന്ന ഓണത്തുമ്പികൾ. മലയാളികളുടെ മനോഹരമായ ആ ഓണക്കാഴ്ച എങ്ങും പോയിമറഞ്ഞിട്ടില്ല. പച്ചപ്പിനിടയിലൂടെ വർണച്ചിറകുകൾ വിടർത്തി വിലസുന്ന ഗൃഹാതുരത്വമുണർത്തുന്ന കാഴ്‌ച ഇത്തവണയും സജീവം. മഴക്കാലത്ത് തണ്ണീർത്തടങ്ങളിലും പാടങ്ങളിലും തോടുകളിലുമായി ജീവിതചക്രം പൂർത്തിയാക്കി ചിങ്ങമാസത്തോടെ വിരിഞ്ഞിറങ്ങുന്നവയാണ് ഓണത്തുമ്പികൾ. സാധാരണ തുമ്പികളിൽനിന്ന് വ്യത്യസ്തമായി മഞ്ഞയും കറുപ്പും കലർന്ന മനോഹരമായ ചിറകുകളാണ് ഇവയുടെ പ്രത്യേകത. ചിറകുകളുടെ രൂപഭംഗി ശലഭത്തോട് സാമ്യമുള്ളതിനാൽ ശലഭത്തുമ്പി എന്നും അറിയപ്പെടുന്നു. റയോതെമിസ് വേരിഗേറ്റ എന്നാണ് ശാസ്ത്രനാമം. ആൺതുമ്പികളെ അപേക്ഷിച്ച് പെൺതുമ്പികളുടെ ചിറകുകളില്‍ കറുപ്പും മഞ്ഞയും കൂടുതൽ പ്രകടമാണ്. ആകാശത്തേക്ക് ഉയർന്ന് പൂമ്പാറ്റയെപ്പോലെ ഒരിടത്ത് ചിറകടിച്ചുനിൽക്കുന്ന സ്വഭാവവും ഇവയ്ക്കുണ്ട്. വെയിലേറ്റ ചിറകുകൾ തിളങ്ങുമ്പോൾ ദൂരെനിന്നുപോലും ഓണത്തുമ്പികളെ തിരിച്ചറിയാനാകും. പൂക്കളിലും പുല്ലുകളിലും ജലാശയങ്ങളുടെ പരിസരങ്ങളിലും വിശ്രമിക്കുന്ന ഇവയുടെ കാഴ്ചയും ഏറെ മനോഹരം. പാടങ്ങൾ, കുളങ്ങൾ, തോടുകൾ, ചതുപ്പുനിലങ്ങൾ തുടങ്ങിയ ജലസാന്നിധ്യമുള്ള പ്രദേശങ്ങളാണ് പ്രധാന ആവാസകേന്ദ്രങ്ങൾ. ഒരുകാലത്ത് പ്രമുഖ ദേശാടകനായ തുലാത്തുമ്പിയെയും ഓണത്തുമ്പിയെന്ന് തെറ്റായി വിളിച്ചിരുന്നു. തുലാമാസത്തിൽ വൻകൂട്ടങ്ങളായി ദേശാടനം നടത്തുന്ന തുലാത്തുമ്പി പിന്നീട് ആഫ്രിക്കയിലേക്കുവരെ സഞ്ചരിക്കുന്നതായി തിരിച്ചറിഞ്ഞതോടെയാണ് ഈ തെറ്റിദ്ധാരണ തിരുത്തിയത്. ശലഭത്തുമ്പിയെയാണ് യഥാർഥ ഓണത്തുമ്പിയായി പരിഗണിക്കുന്നത്. നാടൻപാട്ടുകളിലും ഓണപ്പാട്ടുകളിലും ഓണത്തുമ്പിക്ക് പ്രത്യേക സ്ഥാനമുണ്ട്. ​ ആവാസവ്യവസ്ഥ 
സംരക്ഷിക്കണം ഇത്തരം കാഴ്ചകൾ നിലനിൽക്കണമെങ്കിൽ തുമ്പികളുടെ ആവാസവ്യവസ്ഥകളും സംരക്ഷിക്കപ്പെടണം. തോടുകളും കുളങ്ങളും വയലുകളും പാടശേഖരങ്ങളുമില്ലാതാകുമ്പോൾ നഷ്ടമാകുന്നത് ഒരു ചെറുജീവിയുടെ ആവാസംമാത്രമല്ല, നാട്ടിൻപുറത്തിന്റെ പ്രകൃതിസ്മരണകൾകൂടിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home