ഭാരതപ്പുഴയും*വരളുന്നു

കടുത്ത വേനലിൽ വറ്റിയ ഭാരതപ്പുഴ. തിരുന്നാവായയിൽനിന്നുള്ള ദൃശ്യം
വിനോദ് തലപ്പള്ളി
Published on Apr 27, 2026, 12:26 AM | 1 min read
തിരൂർ
ചൂട് കനത്തതോടെ ഭാരതപ്പുഴയും വരളുന്നു. വേനൽമഴ കിട്ടിയില്ലെങ്കിൽ പുഴവറ്റി കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന് ആശങ്ക. വേനൽച്ചൂട് കനത്തതോടെയാണ് തിരൂർ താലൂക്കിന്റെ ഹൃദയധമനിയായ ഭാരതപ്പുഴ വരളുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ജലനിരപ്പ് വൻതോതിൽ കുറഞ്ഞു. കഴിഞ്ഞ ജനുവരിമുതൽ പുഴ ചെറിയ നീർച്ചാലുകളായി മാറി. കുറ്റിപ്പുറംമുതൽ ബന്ദർക്കടവ് വരെ പുഴയിൽ വെള്ളം കുറഞ്ഞ് മണൽത്തിട്ട രൂപപ്പെട്ടിട്ടുണ്ട്. വേനൽ ശക്തമാകുന്നതിനാൽ ഓരോ നിമിഷവും ജലം താഴ്‌ന്നുകൊണ്ടിരിക്കുകയാണ്. ഇത് ജലവിതരണത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്
ഭാരതപ്പുഴയിൽ കുറ്റിപ്പുറം, ചെമ്പിക്കൽ, രാങ്ങാട്ടൂർ, തിരുന്നാവായ, കൊടക്കൽ ബന്ദർക്കടവ് തുടങ്ങി വിവിധ പ്രദേശങ്ങളിലാണ് പുഴ വരളുന്നത്. ഇവിടെയുള്ള നീർച്ചാലുകൾമാത്രമാണ് നാട്ടുകാർക്ക് ആശ്രയം. പുഴയിൽ ജലനിരപ്പ് താഴ്ന്നതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളും വറ്റിത്തുടങ്ങി. ജലമുള്ള കിണറുകളാകട്ടെ ഉപയോഗിക്കാൻ കഴിയാത്ത മലിനവെള്ളമാണ് ലഭിക്കുന്നത്.
അണകളും *മണൽ കടത്തും
പുഴയിൽ വ്യാപകമായി അണകൾ കെട്ടുന്നതും മണൽ കടത്തും ജലനിരപ്പ് താഴാൻ ഇടയാക്കുന്നുണ്ട്. ജലസേചനത്തിനും മറ്റുമായി സ്വകാര്യ വ്യക്തികളടക്കം നിരവധി അണകളാണ് കെട്ടിയിരിക്കുന്നത്. ഇതുമൂലം പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നു. ഇതിനുപുറമേയാണ് വ്യാപകമായി മണൽ കടത്ത്. പുഴയോരങ്ങളിൽ മണൽ ശേഖരിച്ച് രാത്രികാലങ്ങളിലാണ് ഇവ വിതരണം നടത്തുന്നത്. തെരഞ്ഞെടുപ്പ് വന്നതോടെ റവന്യൂ,- പൊലീസ് അധികൃതർ തിരക്കിലായതും മണൽ കടത്ത് മാഫിയകൾക്ക് സഹായകരമായി.
പുഴ ആശ്വാസം
കനത്ത ചൂടിൽ നാട് ഉരുകുമ്പോൾ ലേശം കുളിരിനായി പുഴയെ ആശ്രയിക്കുന്നവരുടെ തിരക്കാണ്. അവധി ദിവസങ്ങളിൽ നൂറുകണക്കിന് പേരാണ് ഭാരതപ്പുഴയിലെത്തുന്നത്. കുട്ടികളെയടക്കംകൊണ്ടുവന്ന് കുടുംബങ്ങൾ മണിക്കൂറുകളോളമാണ് പുഴയിൽ ഇറങ്ങുന്നത്.









0 comments