വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഭരണസ്തംഭനം

വേങ്ങര
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഭരണസ്തംഭനം. ഓഫീസർ ഫയലുകളിൽ ഒപ്പിടുന്നത് നിർത്തിവച്ചതായും ആരോപണം. കഴിഞ്ഞമാസം 26ന് നിലവിലെ എഇഒയെ പരപ്പനങ്ങാടിയിലേക്ക് സ്ഥലംമാറ്റി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയെങ്കിലും പാലിക്കാൻ തയ്യാറായിട്ടില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ ഉപജില്ലയായ വേങ്ങരയിൽ ഒരാഴ്‌ചയിൽ അധികമായി സൂപ്രണ്ട് ഇല്ല. ഉണ്ടായിരുന്ന സൂപ്രണ്ട് ഉദ്യോഗക്കയറ്റം ലഭിച്ച് സ്ഥലംമാറി. ഇതോടെ നിലവിലെ എഇഒ ഫയലുകൾ നോക്കുന്നത് നിർത്തിയെന്നാണ് ആരോപണം. വേങ്ങര എഇഒ ടി ഷർമിളയെ പരപ്പനങ്ങാടിയിലേക്കും പരപ്പനങ്ങാടി എഇഒയെ താനൂരിലേക്കും താനൂരിൽനിന്നുള്ളയാളെ വേങ്ങരയിലേക്കും മാറ്റിയാണ് ഉത്തരവ്. നിലവിലെ സാഹചര്യത്തിൽ പ്രധാനാധ്യാപകരില്ലാത്ത സ്‌കൂളുകളിലെയും ഉപജല്ലാ വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാരുടെയും ജൂൺ മാസത്തെ ശമ്പളം മുടങ്ങുന്ന സ്ഥിതിയാണ്. മെയ് 30ന് വിരമിച്ച മാനേജ്മെന്റ് സ്കൂളുകളിലെ പ്രധാനാധ്യാപകരുടെ സ്ഥാനത്തേക്ക് നിയമനം നടന്നെങ്കിലും ഇവർക്ക് അനുമതിയായിട്ടില്ല. ഇത്തരം സ്‌കൂളുകളിലെ ശമ്പളവും ജൂലൈ ആദ്യം ലഭിക്കാനിടയില്ല. 2025 ഏപ്രിൽ, മെയ് മാസങ്ങളിൽ വിരമിച്ച പ്രധാനാധ്യാപകരുടെ ആനുകൂല്യങ്ങൾപോലും ഇതുവരെ വിതരണംചെയ്തിട്ടില്ല. ഈ ഫയലുകളെല്ലാം പൂർത്തിയാക്കി പഴയ സൂപ്രണ്ട് എഇഒയെ ഏൽപ്പിച്ചിട്ടുണ്ടെങ്കിലും പുതിയ സൂപ്രണ്ട് എത്താതെ ഒപ്പിടില്ലെന്നാണ് നിലപാട്. പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്ന നിർദേശത്തോടെ ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് മൂന്ന് എഇഒമാരും പാലിക്കാത്തതിന്റെ കാരണം ദുരൂഹമാണ്.











0 comments