ad
Deshabhimani

 ആകെ വരുമാനം 6.71 കോടി

ടൂറടിച്ച്‌ കോളടിച്ച്‌ 
കെഎസ്‌ആർടിസി

A
avatar
സി പ്രജോഷ്‌ കുമാർ

Published on Jan 14, 2026, 12:15 AM | 1 min read

മലപ്പുറം

കാഴ്‌ചകളുടെ ഹരംപകർന്ന്‌ കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം സെൽ കഴിഞ്ഞ നാല്‌ വർഷം നേടിയത്‌ 6.71 കോടി രൂപയുടെ വരുമാനം. ഇതിൽ 3.07 കോടി രൂപയും കഴിഞ്ഞ വർഷമാണ്‌. മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ വരുമാനത്തിൽ വൻ കുതിപ്പാണ്‌ ജില്ലയിലെ നാല്‌ ഡിപ്പോകളും സ്വന്തമാക്കിയത്‌. മലപ്പുറം ഡിപ്പോ ഒരുകോടി ക്ലബ്ബിലും ഇടം നേടി. മലപ്പുറത്ത്‌ 2021 ആഗസ്‌തിലാണ്‌ സംസ്ഥാനത്ത്‌ ആദ്യമായി കെഎസ്‌ആർടിസി പ്രത്യേക പാക്കേജിന്‌ തുടക്കം കുറിച്ചത്‌. ചാലക്കുടി ഡിപ്പോയിൽനിന്നുള്ള മലക്കപ്പാറ ട്രിപ്പിന്‌ ആവശ്യക്കാർ വർധിച്ചതോടെയാണ്‌ വിനോദസഞ്ചാര സാധ്യതകളിലേക്ക്‌ കെഎസ്‌ആർടിസി തിരിഞ്ഞത്‌. അന്ന്‌ സാധാരണ ട്രിപ്പായാണ്‌ ഓടിയിരുന്നത്‌. മൂന്നാറിൽ രാത്രി തങ്ങാൻ സ്ലീപ്പർ സംവിധാനം ഒരുക്കി. ഇതിനിടയിൽ കോവിഡ്‌ വ്യാപിച്ചതോടെ കെഎസ്‌ആർടിസി സർവീസുകൾ പലതും നിലച്ചു. മലപ്പുറം ഡിപ്പോയിലെ ജീവനക്കാർ തിരുവനന്തപുരത്തേക്കുള്ള സൂപ്പർ ഫാസ്‌റ്റ്‌ ബസ്‌ ഉപയോഗിച്ച്‌ മൂന്നാർ ട്രിപ്പ്‌ നടത്താനുള്ള ആശയം മുന്നോട്ടുവച്ചു. ട്രിപ്പിന്‌ അനുമതി തേടി സ്‌റ്റേഷൻ ഓഫീസർ ജോഷി ജോൺ അന്നത്തെ എംഡി ബിജു പ്രഭാകറിന്‌ കത്തയച്ചു. പദ്ധതിക്ക്‌ എംഡി പൂർണ പിന്തുണ അറിയിച്ചു. കെഎസ്‌ആർടിസിയുടെ ഫേസ്‌ബുക്ക്‌ പേജിൽ വിവരം പങ്കുവച്ചതോടെ മലപ്പുറം ഡിപ്പോയിലെ ഫോൺ നമ്പറിൽ അന്വേഷണ പ്രവാഹം. തുടർന്ന്‌ ഏഴ്‌ ജീവനക്കാരുടെ മൊബൈൽ നമ്പർകൂടി നൽകി. ഇതിലും കോളുകൾ പ്രവഹിച്ചു. മൂന്നാറിലേക്ക്‌ പ്രത്യേക പാക്കേജ്‌ പ്രഖ്യാപിച്ചു. സൂപ്പർ ഫാസ്‌റ്റിന്‌ 1000, ഡീലക്‌സ്‌ 1200, ലോഫ്‌ളോർ 1500 എന്നിങ്ങനെയായിരുന്നു പാക്കേജ്‌. ആഗസ്‌തിൽ ട്രിപ്പ്‌ തുടങ്ങി. ഇത്‌ വൻ വിജയമായതോടെ അടുത്ത മാസംതന്നെ കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം സെൽ പദ്ധതി പ്രഖ്യാപിച്ചു. ഇതോടെ പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു. നിലവിൽ ജില്ലയിൽ നാല് ഡിപ്പോകളിൽനിന്നായി കേരളത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ സർവീസുണ്ട്‌. മൂന്നാർ, ഗവി, കമ്പം, ആതിരപ്പള്ളി, മലക്കപ്പാറ, ആലപ്പുഴ, മൈസൂർ എന്നിവിടങ്ങളിലേക്കാണ്‌ യാത്രക്കാർ കൂടുതൽ. ശബരിമല, നാലമ്പല ദർശനം, ആറന്മുള വള്ളസദ്യ, മഹാഭാരത ചരിത്ര യാത്ര തുടങ്ങിയ തീർഥാടന യാത്രകളും നടത്തുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home