ad
Deshabhimani

പെരുമ്പടപ്പ്‌ പെരുമ

a

പെരുമ്പടപ്പ് പഞ്ചായത്ത് കെട്ടിടം

avatar
പി എ സജീഷ്

Published on Oct 04, 2025, 12:56 AM | 2 min read

പൊന്നാനി

ചരിത്രമുറങ്ങുന്ന പ്രദേശമാണ് പെരുമ്പടപ്പ്. രാജവംശ ചരിത്രം മുതൽ കർഷകരുടെ കൊയ്ത്തുപാട്ടുകൾ വരെ ഉയർന്നുകേൾക്കുന്ന ഗ്രാമഭംഗിയുടെ നാട്. വികസനത്തോടൊപ്പം ചരിത്രത്തെയും പ്രകൃതിയെയും ചേർത്തുപിടിച്ച് ആധുനിക കാഴ്ചപ്പാടോടെ നാടിനെ നവകേരള സൃഷ്ടിക്കൊപ്പം കൈപിടിച്ചുയർത്തിയ കഥയാണ് പെരുമ്പടപ്പ് പഞ്ചായത്ത് അഞ്ച് വർഷത്തെ ഭരണത്തിലൂടെ മുന്നോട്ടുവയ്‌ക്കുന്നത്. ഇക്കാലയളവിൽ രണ്ട് ദേശീയ പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങളും പഞ്ചായത്തിനെ തേടിയെത്തി. അസൗകര്യങ്ങളാൽ വിർപ്പുമുട്ടിയിരുന്ന പഞ്ചായത്ത് ഓഫീസിന് അത്യാധുനിക സൗകര്യങ്ങളോടെ നാലുനില കെട്ടിടമായി. തനത് ഫണ്ടുൾപ്പെടെ വിവിധ ഫണ്ടുകൾ ഏകോപിപ്പിച്ച് 3.19 കോടി ചെലവിലാണ് നിർമാണം. സേവനംതേടി പഞ്ചായത്തിലേക്ക് എത്തുന്ന ജനങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുക, പഞ്ചായത്ത് പരിധിയിലെ വിവിധ സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിൽ എത്തിക്കുക എന്നീ ഉദ്ദേശ്യത്തോടെയാണ്‌ പെരുമ്പടപ്പ് ഗ്രാമ സെക്രട്ടറിയറ്റ് എന്ന രീതിയിൽ കെട്ടിടം നിർമിച്ചത്. വില്ലേജ് എക്സ്റ്റൻഷൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എൻആർഇജിഎസ്), കുടുംബശ്രീ, ഹരിതകർമസേന ഓഫീസ്, എ ഇ ഓഫീസ്, സംയോജിത ശിശുവികസന സേവന പദ്ധതി (ഐസിഡിഎസ്), വിഭാഗങ്ങൾക്കുള്ള ഓഫീസുകളും പുതിയ കെട്ടിടത്തിലേക്ക് മാറി.



വലിയകുളം സുന്ദരമായി

മാലിന്യം നിറഞ്ഞ് നാശോന്മുഖമായി കിടന്ന വലിയ കുളത്തെ 52 ലക്ഷം ചെലവിൽ നവീകരിച്ചാണ് നാടിന്റെ മനോഹരമായ നീന്തൽകുളമാക്കിയത്. ജലസംരക്ഷണത്തിനൊപ്പം മൂടിക്കിടന്ന ചരിത്രത്തെ മിനുക്കിയെടുക്കുക കൂടിയാണ് പഞ്ചായത്ത് ചെയ്തത്. കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന പെരുമ്പടപ്പ് സ്വരൂപത്തിന്റെ ഭാഗമായ വലിയകുളമാണ് വീണ്ടെടുത്തത്. നീന്തിക്കുളിക്കുന്നതോടൊപ്പം നീന്തൽ പരിശീലന കേന്ദ്രമായും വലിയകുളത്തെ മാറ്റി. കുളത്തിന്റെ നാല് ഭാഗം ഭിത്തികെട്ടി സംരക്ഷിച്ച് സാംസ്കാരിക ഇരിപ്പിടം ഒരുക്കി. ഭൂഗർഭജലനിരപ്പ് ഉയർത്താനും കൃഷി വികസനത്തിനും കായിക മേഖലയിലെ പുരോഗതിക്കും വലിയ മുതൽക്കൂട്ടെന്ന നിലയ്‌ക്കാണ് പഞ്ചായത്ത് വലിയകുളത്തെ നവീകരിച്ചത്. ചരിത്രമുറങ്ങുന്ന വന്നേരി നാടിന്റെ പൈതൃകപ്പെരുമകൾ സംരക്ഷിക്കാൻ പുരാവസ്‌തു വകുപ്പ് നടത്തിയ അന്വേഷണത്തിൽ പതിമൂന്നാം നൂറ്റാണ്ടിൽ പണിതീർത്ത വലിയ കിണറും കുളവും രാജവംശത്തിന്റെ ശേഷിപ്പാണെന്ന് കണ്ടെത്തിയിരുന്നു.


മനോഹരം ആനറകുളം

പെരുമ്പടപ്പിലെ ആനറകുളം നവീകരിച്ചത് 75 ലക്ഷം ചെലവിലാണ്. നാട്ടുകാരുടെയും പ്രദേശത്തെ കർഷകരുടെയും ഏറെക്കാലത്തെ ആവശ്യമാണ് പഞ്ചായത്ത് യാഥാർഥ്യമാക്കിയത്. നാട്ടുകാർക്ക് കൽപ്പടവുകളിറങ്ങി നീന്തിക്കുളിക്കാം. അയിരൂർ പാടശേഖരത്തിലെ കർഷകർക്ക് കൃഷിക്കാവശ്യമായ വെള്ളം പമ്പ് ചെയ്തെടുക്കാം. ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ലക്ഷ്യമിട്ട് ഹരിതകേരള മിഷന്റെ നേതൃത്വത്തിലാണ് ചരിത്രമുറങ്ങുന്ന ആനറകുളത്തെ ജലസമൃദ്ധമാക്കിയത്. ​


അംഗീകാര നിറവിൽ

കുളവും കായലും കടൽത്തീരവും തുടങ്ങി പ്രകൃതിയെ സംരക്ഷിക്കാൻ പഞ്ചായത്ത് മുന്നിട്ടിറങ്ങിയതോടെ 2021– -22ൽ ദേശീയ പുരസ്‌കാരവും പഞ്ചായത്തിനെ തേടിയെത്തി. ജലസംരക്ഷണ രംഗത്ത് പഞ്ചായത്തിനെ സ്വയംപര്യാപ്തതയിലേക്ക് നയിക്കാനാവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയതാണ് ദേശീയ അവാർഡിന് പെരുമ്പടപ്പിനെ അർഹമാക്കിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്തുകൾക്കായി കേന്ദ്രസർക്കാർ എല്ലാ വർഷവും നൽകുന്ന ദീൻ ദയാൽ ഉപാധ്യായ സതത് വികാസ് പുരസ്‌കാരമാണ് ലഭിച്ചത്. 2022– -23ൽ ദാരിദ്ര്യ നിവാരണ സ്വയംതൊഴിൽ സംരംഭങ്ങളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തോടെ മികച്ച പഞ്ചായത്തിനുള്ള ദേശീയ പുരസ്കാരവും പെരുമ്പടപ്പിനെ തേടിയെത്തി. മികച്ച പച്ചത്തുരുത്തുകൾക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരവും പഞ്ചായത്തിന്‌ ലഭിച്ചു. ജില്ലയിൽ രണ്ടാം സ്ഥാനത്തിനാണ് അർഹതനേടിയത്.


​​ജൈവവൈവിധ്യ പാർക്ക്

മൂന്നുവർഷത്തെ വിവിധ പ്രവർത്തനങ്ങളുടെ ഫലമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽനിന്ന് ലഭിച്ച അഞ്ച്‌ ലക്ഷം ഉപയോഗിച്ചാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ പുത്തൻ മാതൃക സൃഷ്ടിച്ച് ചെറുവല്ലൂരിൽ ജൈവവൈവിധ്യ പാർക്ക് ഒരുക്കിയത്. വിദ്യാർഥികൾക്ക് പ്രകൃതിയെ കുറിച്ച് അറിയുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിൽ പ്രധാന പങ്ക് നിർണയിക്കുന്നതിനും നഷ്ടപ്പെട്ടുപോകുന്ന ഔഷധസസ്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് പദ്ധതിയൊരുക്കിയത്. കുടുംബവുമൊത്ത് കോൾപാടത്തിന്റെ ദൃശ്യാവിഷ്കാരം കണ്ട് സമയം ചെലവഴിക്കാനും സംവിധാനം ഒരുക്കി. പഞ്ചായത്തിലെ പൊതുശ്മശാനം ആധുനിക സംവിധാനത്തോടെ പ്രവർത്തനസജ്ജമാക്കി.


a
അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ചരിത്ര ശേഷിപ്പുകളെയും പ്രകൃതിയെയും സംരക്ഷിച്ചുള്ള വിവിധങ്ങളായ പദ്ധതികളാണ് പഞ്ചായത്ത് നടപ്പിലാക്കിയത്. പഞ്ചായത്തിന് ആധുനിക സൗകര്യത്തോടെ നാല് നിലകളുള്ള കെട്ടിടം നിർമിച്ചു. രണ്ട് ദേശീയ പുരസ്കാരവും മികച്ച പച്ചത്തുരുത്തിനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരവും ലഭിച്ചു.
​ബിനീഷ മുസ്തഫ പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home