മഞ്ചേരി മെഡിക്കൽ കോളേജ്
മലിനജല പൈപ്പ് പൊട്ടി, ഫാർമസി അടച്ചു

ഫാർമസി കൗണ്ടറിലെ ട്രേയിൽ സൂക്ഷിച്ച മരുന്ന് വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു
സ്വന്തം ലേഖകൻ
മഞ്ചേരി
മെഡിക്കൽ കോളേജ് ആശുപത്രി ബി ബ്ലോക്ക് കെട്ടിടത്തിലെ മലിനജല ടാങ്കിലേക്കുള്ള പൈപ്പ് പൊട്ടിയതിനെത്തുടർന്ന് ഫാർമസി അടച്ചു. ഫാർമസി കൗണ്ടറിലേക്ക് മലിനജലം ഒലിച്ചിറങ്ങി മരുന്നുകൾ ഉൾപ്പെടെ നശിച്ചു. ഇതോടൊപ്പം മേൽക്കൂരയിലെ തകർന്ന ഷീറ്റുകൾക്കിടയിലൂടെ മഴവെള്ളം ഒലിച്ചിറങ്ങിയതോടെ മരുന്നുവിതരണത്തിന് ക്രമീകരിച്ച പത്ത് കൗണ്ടറുകൾ അടച്ചു. പെട്ടികളിൽ സൂക്ഷിച്ച മരുന്നുകളും നശിച്ചിട്ടുണ്ട്. വെള്ളം കയറി കംപ്യൂട്ടർ താറുമാറായതോടെ ഇ- ഹെൽത്ത് സംവിധാനവും നിലച്ചു. ഒപികളിൽനിന്ന് ഡോക്ടർമാർ അയക്കുന്ന മരുന്ന് കുറിപ്പടി ഫാർമസി കൗണ്ടറുകളിൽ പ്രത്യേകം ലോഗിൻചെയ്താണ് മരുന്ന് വിതരണംചെയ്യുന്നത്. കൗണ്ടറുകൾ പൂട്ടിയതോടെ മരുന്ന് വിതരണം പഴയപടിയായി. ശാരീരിക വെല്ലുവിളി നേരിടുന്നവർ, കാൻസർ– കിഡ്നി രോഗികൾ, വൃദ്ധർ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകളാണ് ക്രമീകരിച്ചിരുന്നത്. എല്ലാം ഒറ്റ കൗണ്ടറിലായതോടെ ഇവരും ബുദ്ധിമുട്ടിലായി. അഞ്ചുനില കെട്ടിടത്തിലെ വിവിധ വാർഡുകളിലെ ശുചിമുറികളിൽനിന്നുള്ള കക്കൂസ് മാലിന്യങ്ങൾ പൈപ്പ് ലൈൻവഴിയാണ് സെപ്റ്റിക് ടാങ്കിലേക്ക് ഇറക്കുന്നത്. ഏറ്റവും താഴെ നിലയിലുള്ള ഫാർമസി കെട്ടിടത്തിനുമുകളിലെ ഈ പൈപ്പ്‌ലൈൻ പൊട്ടിയതാണ് പ്രശ്നമായത്. ഇടക്കിടെ പൈപ്പ്‌ലൈൻ പൊട്ടി ഫാർമസിയിലേക്ക് ദുർഗന്ധം വമിക്കുന്ന മലിനജലമൊഴുകിയിട്ടും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാതിരുന്നതാണ് ഫാർമസി പൂർണമായും അടച്ചിടേണ്ട സ്ഥിതിയിലാക്കിയത്. മൂവായിരത്തോളം രോഗികളാണ് പ്രതിദിനം മരുന്നിനായി ഫാർമസിയിൽ എത്തുന്നത്. ഇപ്പോൾ ഒപിക്കുമുന്നിൽ താൽക്കാലികമായി ക്രമീകരിച്ച ഒറ്റ കൗണ്ടറിലൂടെയാണ് 3000 പേർക്കുള്ള മരുന്നുവിതരണം. മരുന്നിനായി മണിക്കൂറുകളോളം ക്യൂനിൽക്കേണ്ട അവസ്ഥയാണ്. ചോർച്ച ശക്തമായതോടെയാണ് മരുന്ന് വിതരണത്തിനായി ക്രമീകരിച്ച പത്ത് കൗണ്ടറുകളും പൂർണമായും അടച്ചത്.










0 comments