പൂരപ്പുഴ കണ്ണീരണിഞ്ഞിട്ട് രണ്ടാണ്ട്

a
മനു വിശ്വനാഥ്
Published on May 06, 2025, 12:15 AM | 2 min read
താനൂർ
മൂന്നുതവണ വള്ളംകളിയുടെ ആരവങ്ങൾക്ക് സാക്ഷിയായ പൂരപ്പുഴ കണ്ണീരണിഞ്ഞിട്ട് ബുധനാഴ്‌ച രണ്ടാണ്ട്. 2023 മെയ് ഏഴിന് രാത്രി ഏഴരയോടെയാണ് അറ്റ്‌ലാന്റിക് ബോട്ട് തലകീഴായി മറിഞ്ഞത്. പിഞ്ചുകുഞ്ഞുങ്ങളടക്കം 22 പേരെയാണ് പുഴ കവർന്നത്. ഞായറാഴ്ചയിലെ അവധി ആഘോഷിക്കാൻ ഒട്ടുംപുറം തൂവൽത്തീരത്ത് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് ആറിന് അവസാനിപ്പിക്കേണ്ട വിനോദസഞ്ചാര ബോട്ട് രാത്രി ഏഴ് കഴിഞ്ഞും സർവീസ് നടത്തി. കരയിൽനിന്ന് 500 മീറ്റർ അകലെ പുഴയുടെ ആഴങ്ങളിലേക്ക് കൂപ്പുകുത്തുകയായിരുന്നു. മത്സ്യബന്ധത്തിനായി ഉപയോഗിക്കുന്ന ബോട്ട് രൂപമാറ്റംവരുത്തിയാണ് വിനോദസഞ്ചാര ബോട്ടായി ഉപയോഗിച്ചത്. ബോട്ടിന്റെ കാലപ്പഴക്കവും ബോട്ട് ഓടിക്കാൻ ലൈസൻസില്ലാത്ത സ്രാങ്കിന്റെ ശ്രദ്ധക്കുറവും അപകടം വരുത്തിവച്ചു. ഉൾക്കൊള്ളാവുന്നതിലും അധികം ആളുകളാണ് ബോട്ടിലുണ്ടായിരുന്നത്. താനൂർ സ്വദേശി പാട്ടരകത്ത് നാസറിന്റെ ഉടമസ്ഥതയിലുള്ള ബോട്ട് അനധികൃതമായാണ് സർവീസ് നടത്തിയത്. ഒട്ടുംപുറത്ത് ബോട്ട് മറിഞ്ഞെന്ന വാർത്തയാണ് ആദ്യം പുറത്തുവന്നത്. മത്സ്യബന്ധന ബോട്ടാണെന്നായിരുന്നു നാട്ടുകാർ കരുതിയത്. എന്നാൽ പൂരപ്പുഴയിൽ വിനോദസഞ്ചാരം നടത്തുന്ന ബോട്ടാണ് മറിഞ്ഞതെന്നും, മരണം സംഭവിച്ചെന്നുമുള്ള വാർത്ത പരന്നതോടെ നാടൊന്നാകെ രക്ഷാപ്രവർത്തനത്തിനിറങ്ങി. മത്സ്യത്തൊഴിലാളികൾ വള്ളങ്ങളും കയറുമായി എത്തി ബോട്ട് കരയ്ക്കെത്തിക്കാനുള്ള ശ്രമംനടത്തി. നാട്ടുകാരിൽ പലരും വെള്ളത്തിലേക്ക് എടുത്തുചാടി രക്ഷാപ്രവർത്തനം നടത്തി. ജെസിബി അടക്കമുള്ളവ എത്തിച്ചും രക്ഷാപ്രവർത്തനം നടന്നു. ഇതുവഴി പലർക്കും ജീവിതം തിരിച്ചുകിട്ടി. രണ്ടുവർഷം പിന്നിടുമ്പോഴും കണ്ണീരോർമയായി ഒഴുകുകയാണ് പൂരപ്പുഴ.
ജുഡീഷ്യൽ കമീഷൻ അന്വേഷണം അന്തിമഘട്ടത്തിൽ
താനൂർ
പൂരപ്പുഴ ബോട്ട് ദുരന്തം അന്വേഷിക്കുന്ന ജുഡീഷ്യൽ കമീഷൻ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്. സാക്ഷിവിസ്താരത്തിന്റെ അവസാന സിറ്റിങ് അടുത്തയാഴ്ച നടക്കുന്നതോടെ കമീഷന്റെ രണ്ട് ഘട്ട അന്വേഷണം പൂർത്തിയാകും. 2023 മെയ് ഏഴിനാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. ദുരന്തത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മന്ത്രിസഭയൊന്നടങ്കം താനൂരിലെത്തിയിരുന്നു. തുടർന്ന് താനൂരിൽ പ്രത്യേക മന്ത്രിസഭായോഗം ചേർന്ന് അപകടത്തെ കുറിച്ചന്വേഷിക്കാൻ റിട്ട. ഹൈക്കോടതി ജഡ്‌ജി വി കെ മോഹനന്റെ നേതൃത്വത്തിൽ മൂന്ന് അംഗ കമീഷനെ നിയോഗിച്ചു. ബോട്ട് ദുരന്തമായതിനാൽ സാങ്കേതിക വിദഗ്ധരായ സുരേഷ് കുമാർ, ഡോ. കെ പി നാരായണൻ എന്നിവരടങ്ങിയതാണ് ജുഡീഷ്യൽ കമീഷൻ. അപകടത്തിന്റെ കാരണം കണ്ടെത്തുക, അപകടത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുക, നിലവിലുള്ള ലൈസൻസിങ്, എൻഫോഴ്സ്മെന്റ് സംവിധാനം പര്യാപ്തമാണോയെന്ന് പരിശോധിക്കുക, അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട നടപടി നിർദേശിക്കുക തുടങ്ങിയവയായിരുന്നു ജുഡീഷ്യൽ കമീഷന്റെ പ്രധാന പരിഗണനാ വിഷയങ്ങൾ. 2023 മെയ് 12ന് കമീഷനെ നിയമിച്ച ഉത്തരവ് പുറത്തിറക്കി. ജസ്റ്റിസ് വി കെ മോഹനന്റെ നേതൃത്വത്തിൽ അന്വേഷണത്തിന്റെ ആദ്യഘട്ടമെന്നനിലയിൽ അപകടസ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. തുടർന്ന് ദുരന്തവുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ പത്രങ്ങളിൽ പരസ്യം നൽകുകയും തിരൂരിൽ ക്യാമ്പ് ആരംഭിക്കുകയുംചെയ്തു. 2025 ജനുവരി 21മുതൽ രണ്ടാംഘട്ടമായി സാക്ഷിവിസ്താരവും വിചാരണയും ആരംഭിച്ചു. മകൾ നഷ്ടപ്പെട്ട മലപ്പുറം മുണ്ടുപറമ്പ് സ്വദേശി നിഹാസ് മുതൽ സംസ്ഥാന ചീഫ് സെക്രട്ടറിവരെ 103 സാക്ഷികളുടെ ലിസ്റ്റ് തയ്യാറാക്കിയാണ് വിചാരണ നടത്തിയത്. അടുത്ത സിറ്റിങ്ങോടെ സാക്ഷിവിസ്താരം പൂർത്തിയാകും. തുടർന്ന് ബോട്ടപകടങ്ങൾ ഉണ്ടാവാതിരിക്കാൻ എടുക്കേണ്ട സുരക്ഷാ ഏർപ്പാടുകളെ കുറിച്ച് വിദഗ്ധരുടെ അഭിപ്രായങ്ങൾ തേടും. ജുഡീഷ്യൽ കമീഷനെ സഹായിക്കാൻ അഭിഭാഷകൻ ടി പി രമേഷ്, സർക്കാർ അഭിഭാഷകൻ അഡീ ഗവ. പ്ലീഡർ ടി പി അബ്ദുൾ ജബ്ബാർ എന്നിവരും കക്ഷികൾക്കായി വിവിധ അഭിഭാഷകരും സിറ്റിങ്ങിൽ പങ്കെടുത്തിരുന്നു.










0 comments