തീരത്ത് വികസന വെട്ടം

ബീമാന്റെ പുരക്കൽ ആയിഷക്കുട്ടിയും കുടുംബവും ലെെഫ് വീടിനുമുന്നിൽ
വിനോദ് തലപ്പള്ളി
Published on Oct 03, 2025, 01:21 AM | 2 min read
തിരൂർ
‘ഇൗ മക്കളുമായി ഓലക്കുടിലിലായിരുന്നു താമസം. സുരക്ഷിതമായൊരു വീട്ടിലേക്ക് മാറാനാകുമെന്ന് വിചാരിച്ചതേ അല്ല’– ബീമാന്റെ പുരക്കൽ ആയിഷക്കുട്ടിയുടെ കണ്ണിൽ സുരക്ഷിതത്വത്തിന്റെ വെളിച്ചം നിറഞ്ഞു, ഒപ്പം ആനന്ദക്കണ്ണീരും. വെട്ടം പഞ്ചായത്തിലെ മത്സ്യത്തൊഴിലാളി കുടുംബാംഗമായ ആയിഷക്കുട്ടി അഞ്ച് പെൺമക്കളുമായി ഓലക്കുടിലിലായിരുന്നു താമസം. കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചതോടെ ആയിഷക്കുട്ടിയും മക്കളും ഒറ്റയ്‌ക്കായതാണ്. ഇതിനിടെയാണ് വെട്ടം പഞ്ചായത്ത് ലൈഫിൽ കുടുംബത്തിന് വീട് അനുവദിക്കുന്നത്. പതിനഞ്ചാം വാർഡിൽ വാക്കാട് ഹെൽത്ത് സെന്ററിനുസമീപം പുതുവീട്ടിൽ ഇവരിന്ന് സുരക്ഷിതരാണ്. സുരക്ഷിത ജീവിതം തുടങ്ങി. ആയിഷക്കുട്ടിയെ പോലെ 537 കുടുംബങ്ങൾക്കാണ് എൽഡിഎഫ് ഭരണസമിതി വീടുകൾ അനുവദിച്ചത്. ഇതിൽ 471 കുടുംബത്തിന് തുക കൈമാറിക്കഴിഞ്ഞു. പിഎംഎവൈ പദ്ധതിയിൽ 81 വീടുകളും അനുവദിച്ചു. എങ്ങും വെളിച്ചം ഗ്രാമജ്യോതി പദ്ധതിയിൽ വെട്ടത്തെ എല്ലാ റോഡിലും ഇന്ന് വെളിച്ചമുണ്ട്. രണ്ട് ഘട്ടങ്ങളിലായി ഗ്രാമീണ റോഡുകളിലടക്കം 83 ലക്ഷം രൂപ ചെലവഴിച്ചാണ് തെരുവുവിളക്കുകൾ സ്ഥാപിച്ചത്.
സുരക്ഷിത ഭവനം, ശുചിത്വ വെട്ടം
‘എത് നിമിഷവും കടലെടുക്കാവുന്ന തരത്തിൽ കുടിലിൽ കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കടക്കം സുരക്ഷിത ഭവനമൊരുക്കാൻ കഴിഞ്ഞതാണ് വലിയ നേട്ടം. പറവണ്ണ ബദാം ബീച്ച് ടൂറിസം വികസനത്തിനും മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കഴിഞ്ഞു. ശുചീകരണപ്രവർത്തനത്തിന് ജില്ലയിൽ രണ്ടാം സ്ഥാനവും ഭരണ സമിതിക്ക് ലഭിച്ച വലിയ അംഗീകാരമാണ്.’
നൗഷാദ് നെല്ലാഞ്ചേരി
(വെട്ടം പഞ്ചായത്ത് പ്രസിഡന്റ്)
നേട്ടങ്ങളുടെ നെറുകയിൽ
• ജില്ലയിലെ ഏറ്റവും മികച്ച എംസിഎഫിനുള്ള ജില്ലാ അവാർഡ്. • എല്ലായിടത്തും ബയോ ബിന്നുകളും റിങ് കമ്പോസ്റ്റുകളും. • നെറ്റ് സീറോ കാർബൺ പദ്ധതിയിൽ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ ഒന്ന്. • എല്ലാ വീടുകളിലും സോളാർ പാനലിന് സർവേ. • ജലജീവൻ മിഷൻ പദ്ധതിയിൽ എല്ലാ വീട്ടുകാർക്കും ശുദ്ധജലത്തിന് പൈപ്പ് ലൈൻ. • ഒറ്റത്തവണ കൃഷി ഇരട്ടിയാക്കി, തരിശ് ഭൂമികളിലും കൃഷി. • സർക്കാർ സഹായത്തോടെ വാക്കാട് സ്റ്റേഡിയം നവീകരണം തുടങ്ങി. • സ്‌ത്രീകൾക്കായി കാനൂരിൽ വനിതാ ഫിറ്റ്നെസ് സെന്റർ. • കിടപ്പുരോഗികൾക്ക് പാലിയേറ്റീവ് സംവിധാനം. • അങ്കണവാടികളിൽ പോഷകസമൃദ്ധ ഭക്ഷണം. • വാക്കാട്, വെട്ടത്തകാവ് ക്ഷേത്രം പരിസരങ്ങളിൽ ടേക്ക് എ ബ്രേക്ക്. • ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ സഹായത്തോടെ സീ വാൾ റോഡ്. • ഇടിയാട്ടിൽ തോട്, കോവളം തോട്, ആവി പുഴ, നിരപ്പാള -കരുപ്പായി തോട് എന്നിവ നവീകരിച്ചു. • വാർഡുകളിൽ അങ്കണവാടി കെട്ടിടവും ഒപ്പം ഓഡിറ്റോറിയവും. •മത്സ്യത്തൊഴിലാളികൾക്ക് വല, ഐസ് ബോക്‌സ്, മക്കൾക്ക് ലാപ്ടോപ്പ്, പഠനമുറികൾ, ഫർണിച്ചറുകൾ. • പട്ടികജാതിക്കാർക്ക് സ്മാർട്ട് കിച്ചൻ, പഠനമുറികൾ, ഫർണിച്ചറുകൾ നൽകി. • സ്വന്തമായി ഭൂമിയുള്ള അങ്കണവാടിക്കാർക്ക് കെട്ടിടം നിർമിച്ചുനൽകി. • ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ പറവണ്ണ ജിഎംയുപി സ്‌കൂളിൽ ഭക്ഷണ ഹാൾ. • പൊൽപ്പാച്ചിറ, പച്ചാട്ടിരി, പുത്തങ്ങാടി സബ് സെന്ററുകൾ വെൽനസ് സെന്ററായി ഉയർത്താൻ പദ്ധതി.









0 comments