താനൂരിന്റെ തരംഗം

മൂച്ചിക്കൽ കൂരിപ്പാടത്തെ വോട്ടർമാർക്കൊപ്പം സെൽഫിയെടുക്കുന്ന സ്ഥാനാർഥി മുഹമ്മദ് സമീർ ടി തിരുത്തിയിൽ
മനു വിശ്വനാഥ്
Published on Apr 05, 2026, 12:15 AM | 1 min read
താനൂർ
മീനച്ചൂടിൽ വെന്തുരുകിയ നാട്ടിൽ പുലർച്ചെ അപ്രതീക്ഷിതമായി എത്തിയ മഴയിലും പ്രചാരണ ചൂടിന് കുറവില്ല. എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് സമീർ ടി തിരുത്തിയിൽ എത്തുന്പോൾ നാടെങ്ങും ആവേശക്കൊടിയേറ്റം. ശനി രാവിലെ ആറോടെ വീട്ടിൽനിന്ന് ഇറങ്ങി. താനൂരിലെ ലീഗിന്റെ പതനത്തിന് തുടക്കമിട്ട പി കെ മുഹമ്മദ്കുട്ടിയെ സന്ദർശിച്ചായിരുന്നു പ്രചാരണത്തുടക്കം. കണ്ണന്തളിയിൽനിന്ന് എൽഡിഎഫ് പ്രവർത്തകരോടൊപ്പം പ്രഭാത നടത്തം. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയനും കൂടെ ചേർന്നതോടെ വികസന പ്രവർത്തനങ്ങളെ കുറിച്ചായി ചർച്ച. പ്രഭാത ഭക്ഷണത്തിനുശേഷം ഒഴൂർ തലക്കട്ടൂരിലെ വീടുകളിൽ വോട്ടർമാരെ കണ്ടു. മൂച്ചിക്കൽ കൂരിപ്പാടത്തെത്തുമെന്നറിഞ്ഞ് പ്രദേശത്തെ കുടുംബങ്ങൾ മുഴുവൻ കാത്തുനിന്നിരുന്നു. അവർ സ്ഥാനാർഥിയെ മുദ്രാവാക്യം വിളിച്ചാണ് എതിരേറ്റത്. കെ വി ഹമീദ് ഷാളണിയിച്ചും ആമിന അംജത്ത് പൂക്കൾ നൽകിയും സ്വീകരിച്ചു. "മ്മളെ നാട്ടിൽ വികസനം കണ്ടത് വി അബ്ദുറഹിമാൻ ജയിച്ചപ്പോളാണ്. യുഡിഎഫ് വന്നാൽ നാട്ടിൽ വികസനം നടക്കൂലാന്ന് എല്ലാർക്കും അറിയാം’ മഠത്തിൽ സൈനബ പറഞ്ഞു. "യുഡിഎഫ് 3000 രൂപ പെൻഷൻ തരുമെന്നാണ് പറയുന്നത്. പക്ഷേ ഞാൻ വിശ്വസിക്കുന്നില്ല.’ കോതകത്ത് ബാവയുടെ വാക്കുകൾ. കൈവിടാതെ കൂടെയുണ്ടാകുമെന്നും, ‘ലോറി' നിറയെ വികസനം താനൂരിലെത്തിക്കുമെന്നും ഉറപ്പ് നൽകിയാണ് സ്ഥാനാർഥി മുഹമ്മദ് സമീർ ടി തിരുത്തിയിൽ കൂരിപ്പാടത്തുനിന്ന് പിരിഞ്ഞത്. മീനടത്തൂർ സ്കൂൾ, കോരങ്കാവ്, താനാളൂർ, കെ ടി ജാറം, ഖുറൈശിപ്പാറ, നിരപ്പ്, അയ്യപ്പനിടവഴി, കുനിയിൽ പാറപ്പുറം, ആരോഗ്യപ്പടി, മാറ്റത്താണി, ചോലക്കാട്, കൂരിക്കുന്ന്, മണ്ടകത്തിങ്ങൽപറമ്പ് എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിലും വോട്ടഭ്യർഥിച്ചു. എൻ ആദിൽ, എം അനിൽകുമാർ, ബാലകൃഷ്ണൻ ചുള്ളിയത്ത്, കെ വി സിദ്ധീഖ്, പി സിറാജ്, അഡ്വ. രാജേഷ് പുതുക്കാട്, വി വിശാഖ് എന്നിവർ സംസാരിച്ചു. 2400 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കിയ വി അബ്ദുറഹിമാന്റെ പിൻഗാമിയായി മുഹമ്മദ് സമീർ ടി തിരുത്തിയിൽ തന്നെ വരണമെന്ന് താനൂരിലെ ജനത ഉറപ്പിച്ചുകഴിഞ്ഞു.










0 comments