കുട്ടികളുടെ സംരക്ഷണാവകാശം വേണം
മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ്
കുറ്റിപ്പുറം
കുട്ടികളെ കാണണമെന്നും സംരക്ഷണാവകാശം ലഭിക്കണമെന്നും ആവശ്യപ്പെട്ട് മൊബൈൽ ടവറിന്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. തമിഴ്നാട് സ്വദേശിയായ കാളിദാസനാണ് കുറ്റിപ്പുറം മിനി പമ്പക്കടുത്തുള്ള മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. വ്യാഴം വൈകിട്ടായിരുന്നു സംഭവം. നാട്ടുകാരും പൊലീസും ഇടപെട്ട് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടർന്ന് ഇയാളിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് കുറ്റിപ്പുറം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മക്കൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ രണ്ടത്താണിയിലെ ശാന്തിഭവനിലുണ്ടെന്ന് കണ്ടെത്തി. പത്തും പന്ത്രണ്ടും വയസുള്ള ഇവരെ സ്ഥലത്തെത്തിച്ചാണ് ഇയാളെ ടവറിനുമുകളിൽനിന്ന് താഴെയിറക്കിയത്. വർഷങ്ങൾക്കുമുമ്പ് കേരളത്തിലെത്തിയ ഇയാളും ഭാര്യയും മക്കളും പുത്തനത്താണി അല്ലൂരിലാണ് താമസിച്ചിരുന്നത്. ഭാര്യ ഉപേക്ഷിച്ചുപോയി എന്നാണ് യുവാവ് പറയുന്നത്. മക്കളുടെ സംരക്ഷണാവകാശം ഇയാൾക്ക് ലഭിക്കണമെന്നും പൊലീസിനോട് ഇയാൾ ആവശ്യപ്പെട്ടു. സിഡബ്ല്യുസി ആവശ്യം പരിഗണിക്കുമെന്നും നിയമങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും സിഡബ്ല്യുസി ചെയർമാൻ അറിയിച്ചു.










0 comments