ad
Deshabhimani

വിജയാരവം

a

തിരൂരിൽ നടന്ന എൽഡിഎഫ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, തിരൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി അബ്ദുറഹിമാനും താനൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി മുഹമ്മദ് സമീറിനുമൊപ്പം ജനങ്ങളെ അഭിവാദ്യംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 30, 2026, 12:15 AM | 2 min read

ജിജോ ജോർജ്‌


മലപ്പുറം

നാടെങ്ങും എൽഡിഎഫിന്റെ വിജയാരവം മുഴക്കി ജനനായകൻ എത്തി, ജനങ്ങൾ ഇരമ്പിയാർത്തു. ജില്ലയെ ഇളക്കിമറിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പര്യടനം. രാവിലെ പതിവ് വാർത്താ സമ്മേളനം കഴിഞ്ഞ്‌ 10.50ഓടെ തിരൂർ സെൻട്രൽ ജങ്ഷൻ ഗ്രൗണ്ടിൽ തിരൂർ മണ്ഡലം പൊതുയോഗത്തിലേക്ക്‌ മുഖ്യമന്ത്രി എത്തുമ്പോഴേക്കും ഗ്രൗണ്ടും പരിസരവും ജനസഞ്ചയമായിരുന്നു. ഗ്രൗണ്ട്‌ നിറഞ്ഞുകവിഞ്ഞ് ജനങ്ങൾ റോഡിലേക്ക് നീണ്ടു. മുഖ്യമന്ത്രിയുടെ വാഹനം എത്തിയപ്പോൾ ആവേശം അലതല്ലി. സ്ഥാനാർഥി വി അബ്ദുറഹിമാനുശേഷം മുഖ്യമന്ത്രിയുടെ പ്രസംഗം. വർഗീയതയോടുള്ള കോൺഗ്രസിന്റെ മൃദുസമീപനം തുറന്നുകാട്ടി മൂർച്ചയുള്ള വാക്കുകൾ. വർഗീയതയോട് സന്ധിചെയ്യില്ലെന്ന ഇടതുപക്ഷ നിലപാട് ആവർത്തിച്ച മുഖ്യമന്ത്രി, തിരൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി അബ്ദുറഹിമാനും താനൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി മുഹമ്മദ് സമീറിനും വോട്ട് അഭ്യർഥിച്ച്‌ പ്രസംഗം അവസാനിക്കുമ്പോഴേക്കും ജനം എൽഡിഎഫിന്റെ വിജയമുറപ്പിച്ചിരുന്നു. പൊന്നാനിയിൽ ഇടതുപക്ഷ രാഷ്ട്രീയം കൃത്യമായി അടയാളപ്പെടുത്തുന്നതായിരുന്നു ജനക്കൂട്ടം. പകൽ നാലിന് ചുട്ടുപൊള്ളുന്ന വെയിലിൽ മുഖ്യമന്ത്രി എത്തുമ്പോഴേക്കും കുണ്ടുകടവ് ജങ്ഷനിലെ സ്വീകരണ കേന്ദ്രം ചുവന്ന കടലായിരുന്നു. കേരളത്തോടുള്ള കേന്ദ്ര അവഗണന ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചു. ഇടതുപക്ഷത്തിന്റെ വിളനിലമാണ് കേരളമെന്ന് മുഖ്യമന്ത്രി ഉറക്കെ പ്രഖ്യാപിച്ചു. എൽഡിഎഫ് സ്ഥാനാർഥി എം കെ സക്കീറിന് വോട്ട് അഭ്യർഥിച്ച്‌ പ്രസംഗം ചുരുക്കി. ദേശീയപാതയുള്‍പ്പെടെ മലപ്പുറത്തിന്റെ വികസനവഴികളിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പര്യടനം. കൃത്യം അഞ്ചിനുതന്നെ തവനൂർ മണ്ഡലത്തിലെ സ്വീകരണ കേന്ദ്രമായ എടപ്പാളിൽ മുഖ്യമന്ത്രി എത്തുമ്പോഴേക്കും ജനസാഗരം ഇരന്പിയാർത്തു. ആവേശം അണപൊട്ടി. എൽഡിഎഫിന്റെ പത്ത് വർഷത്തെ നേട്ടങ്ങൾ വിവരിച്ച് തവനൂരിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. കെ ടി ജലീൽ തകർത്ത് പ്രസംഗിക്കുമ്പോഴാണ് മുഖ്യമന്ത്രി വേദിയിലേക്ക് കടന്നുവന്നത്. എൽഡിഎഫിന്റെ പത്ത് വർഷത്തെ നേട്ടങ്ങൾ ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചു. അസാധ്യമായതെന്ന് കരുതിയത് സാധ്യമാക്കിയ സർക്കാരാണിതെന്നും അതിന്റെ തുടർച്ചയ്‌ക്ക്‌ ഡോ. കെ ടി ജലീലിന് ലോറി അടയാളത്തിൽ വോട്ട് രേഖപ്പെടുത്തണമെന്നും അഭ്യർഥന. ഇ എം എസിന്റെ ജന്മനാടായ പെരിന്തൽമണ്ണയിൽ ആയിരങ്ങളാണ് പിണറായി വിജയന്റെ വാക്കുകൾ കേൾക്കാനെത്തിയത്. 6.55ന് മുഖ്യമന്ത്രി വേദിയിലെത്തി. എൽഡിഎഫ് സ്ഥാനാർഥി വി പി മുഹമ്മദ് ഹനീഫയുടെ കൈപിടിച്ചുയർത്തി ജനങ്ങളെ അഭിവാദ്യംചെയ്തു. കഴിഞ്ഞ തവണ പറ്റിയ കൈപ്പിഴ തിരുമെന്ന് പെരിന്തൽമണ്ണയിലെ ജനത പ്രഖ്യാപിക്കുമ്പോൾ അതിനുള്ള കരുത്തും ആവേശവും പകരുന്നതായി പിണറായിയുടെ ഓരോ വാക്കുകളും. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജില്ലാ സെക്രട്ടറി വി പി അനിൽ‍‍, സംസ്ഥാന കമ്മിറ്റിയംഗം വി പി സാനു എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home