ലോകകപ്പ് ആവേശമൊഴിഞ്ഞു

പത്തനംതിട്ട
ഒരു മാസക്കാലം നാടിനെയൊന്നാകെ ആവേശത്തിലാഴ്‌ത്തിയ ഫുട്‌ബോൾ ലോകകപ്പിന് അവസാനം. ഞായർ രാത്രി 12.30ന് നടന്ന ഫൈനൽ മത്സരത്തിൽ സ്‌പെയിൻ ജേതാക്കളായതോടെ കാൽപ്പന്തുകളിക്ക് പുതിയ വിശ്വചാമ്പ്യൻമാരെ ലഭിച്ചു. നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയുടെ ജഴ്‌സിയുമണിഞ്ഞ് കിരീടം നിലനിർത്തുന്നത് ആഘോഷിക്കാനെത്തിയവർക്ക് കനത്ത തിരിച്ചടിയായി ടീമിന്റെ പരാജയം. അധിക സമയത്ത് സ്പെയിൻ നേടിയ ഒറ്റഗോളിലാണ് കളിയുടെ ഫലം തീരുമാനിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സംഘടനകളും ക്ലബുകളും ബിഗ് സ്‌ക്രീനിൽ മത്സരം പ്രദർശിപ്പിച്ചു. അർധരാത്രി 12.30 തുടങ്ങിയ മത്സരം തിങ്കൾ പുലർച്ചെ 3.30വരെ തുടർന്നു. ഇടയ്‌ക്കിടെ പെയ്ത മഴ പ്രതിസന്ധിയായെങ്കിലും പ്രിയപ്പെട്ട ടീം കപ്പുയർത്തുന്നത് കാണാൻ ആരാധാകർ ഉറക്കം വെടിഞ്ഞിരുന്നു.
കോന്നി എംഎൽഎ കെ യു ജനീഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ വലിയ സ്‌ക്രീനിൽ പ്രദർശനം ഉണ്ടായിരുന്നു. നൂറുകണക്കിനുപേർ ഇവിടെ തടിച്ചുകൂടി. ഡിവൈഎഫ്‌ഐയുടെയും എസ്‌എഫ്‌ഐയുടെയും നേതൃത്വത്തിൽ വിവിധയിടങ്ങളിൽ സ്‌ക്രീനിങ്ങ് ഉണ്ടായിരുന്നു. പ്രായഭേദമെന്യേ ഫുട്‌ബോൾ ആരാധകരെല്ലാം ബിഗ്സ്‌ക്രീൻ അനുഭവം തേടി പലയിടങ്ങളിലും സ്ഥാനം പിടിച്ചിരുന്നു.










0 comments