ad
Deshabhimani

ഇത്‌ വേറെ ലെവൽ ‘ഫാൻ’

a
avatar
സി പ്രജോഷ്‌ കുമാർ

Published on Mar 11, 2026, 12:18 AM | 1 min read

മലപ്പുറം

തൊണ്ണൂറിലും പത്മാവതി അമ്മക്ക്‌ ക്രിക്കറ്റ്‌ ഭ്രാന്താണ്‌. ഇന്ത്യയുടെ എല്ലാ കളിയും കാണും. കളിക്കാരെക്കുറിച്ചുമാത്രമല്ല, വ്യക്തിഗത നേട്ടങ്ങളും കളിമികവുകളും ഹൃദ്യസ്ഥം. കളിയിൽ ഇന്ത്യ തോൽക്കാനായാൽ രക്തസമ്മർദം കൂടും. പിന്നെ വീട്ടിലെ പൂജാമുറിയിൽ അടച്ചിട്ട പ്രാർഥനയാണ്‌. അപ്പോഴേക്കും മക്കൾ ഗോരോജനാദി ഗുളികക്കായി ഓടും. ഇന്ത്യ ഏത്‌ കളി ജയിച്ചാലും മക്കൾക്കും പേരക്കുട്ടികൾക്കും പത്മാവതി അമ്മയുടെ ട്രീറ്റ്‌ ഉണ്ടാകും. ഇത്തവണ ഇന്ത്യ ട്വന്റി 20 ലോകകപ്പ്‌ ചാമ്പ്യനായതിന്റെ ചെലവിനായി കാത്തിരിക്കുകയാണ്‌ കുടുംബാംഗങ്ങൾ. ചെറുപ്രായത്തിൽ അങ്ങാടിപ്പുറത്ത്‌ അമ്മവീടിനുസമീപത്തെ ക്ഷേത്രം ഗ്ര‍ൗണ്ടിൽ ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ്‌ കളിച്ചായിരുന്നു തടക്കം. അച്ഛൻ ശങ്കുവാര്യർ ക്രിക്കറ്റ്‌ ആരാധകനായിരുന്നു. അച്ഛനൊപ്പം റേഡിയോയിൽ കമന്ററി കേൾക്കും. കൊളത്തുപ്പറന്പ്‌ സ്വദേശി വേലപ്പൻ നായരെ വിവാഹംകഴിച്ച്‌ ചെന്നൈയിലേക്ക്‌ താമസം മാറിയപ്പോഴും കളിക്കമ്പം ഒപ്പംകൂട്ടി. 1977ൽ നാട്ടിൽ സ്ഥിരതാമസമായി. 1983ൽ ഇന്ത്യ ലോകകപ്പ്‌ നേടിയ കളി ടിവിയിൽ കണ്ടതിന്റെ ഓർമ ഇപ്പോഴും പത്മാവതിക്കുണ്ട്‌. 85ലാണ്‌ തറവാട്ട്‌ വീട്ടിൽ ആദ്യമായി ടെലിവിഷൻ വാങ്ങിയത്‌. ‘ ഇന്ത്യയുടെ കളിയുള്ള ദിവസം അമ്മ ടിവിക്കുമുന്നിൽനിന്ന് എഴുന്നേൽക്കില്ല. മക്കളോടുപോലും സംസാരിക്കില്ല. ടിവിയിൽ കളിയില്ലെങ്കിൽ മൊബൈലിൽ കാണും. ഏത്‌ നട്ടപ്പാതിരയായാലും കളി കഴിഞ്ഞേ ഉറങ്ങൂ’ – മകൾ ഗീത അമ്മയുടെ കളിഭ്രാന്തിനെക്കുറിച്ച്‌ പറഞ്ഞു. വീടിനകത്ത്‌ പേരക്കുട്ടികളും അവരുടെ മക്കളുമെല്ലാം പത്മാവതി അമ്മയുടെ കളിക്കൂട്ടുകാരാണ്‌. മക്കൾ മുത്തശ്ശിയെകൊണ്ട്‌ ബോളും ബാറ്റും ചെയ്യിക്കും. കളി കാണൽമാത്രമല്ല, കളിക്കളങ്ങളുടെ ചരിത്രവും മനഃപാഠം. ‘ലോകകപ്പ്‌ ഫൈനൽ അഹമ്മദാബാദ്‌ ഗ്ര‍ൗണ്ടിലാണെന്ന്‌ അറിഞ്ഞപ്പോൾ പേടിയായിരുന്നു. മൂന്നുവർഷംമുമ്പ്‌ ഇന്ത്യ ലോകകപ്പ്‌ തോറ്റത്‌ ഇ‍ൗ ഗ്ര‍ൗണ്ടിലായിരുന്നു. ദക്ഷിണാഫ്രിക്കയുമായുള്ള മത്സരം തോറ്റതും ഇതേ ഗ്ര‍ൗണ്ടിൽ. പക്ഷെ, ഇന്ത്യ ആദ്യം ബാറ്റ്‌ ചെയ്‌താൽ ജയിക്കുമെന്ന്‌ ഉറപ്പായിരുന്നു. അതിനായി പ്രാർഥിച്ചു. അതുപോലെ സംഭവിച്ചു’– പ്രവചനം ഫലിച്ചതിന്റെ ചിരി. ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ടീമിന്റെ ആരാധകകൂടിയാണ്‌ ഇ‍ൗ മുത്തശ്ശി. സ്‌മൃതി മാന്ദനയും രാധാ യാദവുമാണ്‌ ഇഷ്ടതാരങ്ങൾ. പ്രിയതാരം സഞ്‌ജു സാംസനെ എന്നെങ്കിലും നേരിൽ കാണമെന്ന ആഗ്രഹവും പത്മാവതി അമ്മക്കുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home