ആവശ്യരേഖാ അദാലത്ത്: കണ്ണിൽപൊടിയിടൽ തന്ത്രം

എടക്കര
നിലമ്പൂർ മണ്ഡലത്തിൽ സംഘടിപ്പിച്ച ഗോത്ര വിഭാഗം ആവശ്യരേഖാ അദാലത്ത് വെറുമൊരു കണ്ണിൽപൊടിയിടൽമാത്രമായിരുന്നെന്ന് ആക്ഷേപം. ഒരുമാസം നിരന്തരം യോഗങ്ങളും അവലോകനങ്ങളും നടത്തി സംഘടിപ്പിച്ച ക്യാമ്പിൽ ആകെ നൽകിയത് 1603 രേഖകൾമാത്രമാണ്. എന്നാൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിലമ്പൂർ മണ്ഡലത്തിൽമാത്രം 5000 രേഖകൾ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇത്രയെല്ലാം തയ്യാറെടുപ്പുകൾ നടത്തിയിട്ടും എല്ലാ ആദിവാസികൾക്കും രേഖകൾ നൽകാൻ സർക്കാരിന് സാധിച്ചില്ലെന്നും, രേഖകൾ ഇനി പഞ്ചായത്തുകൾവഴി നൽകുമെന്നാണ് ഒടുവിൽ അറിയിച്ചതെന്നും വിമർശമുയരുന്നുണ്ട്. അദാലത്തിനെത്തിയ ആദിവാസികൾ കടുത്ത ദുരിതങ്ങളാണ് അനുഭവിച്ചത്. കുടിവെള്ളം, ഭക്ഷണം, കക്കൂസ് സൗകര്യങ്ങൾ എന്നിവ ലഭിക്കാതെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വലഞ്ഞു. പകല്‍ 3.30 ആയിട്ടും ഉച്ചഭക്ഷണത്തിനായി നിരവധി സ്ത്രീകളും കുട്ടികളും കാത്തിരിക്കേണ്ടി വന്നത് ദയനീയ കാഴ്ചയായി മാറി. ഒടുവിൽ പലരും നിരാശയോടെ ഉന്നതികളിലേക്ക് മടങ്ങിപ്പോകുകയായിരുന്നു. വഴിക്കടവ് പുഞ്ചക്കൊല്ലി, അളയ്ക്കൽ, പോത്തുകല്ല് കുമ്പളപ്പാറ, വാണിയമ്പുഴ, ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, കരുളായി മാഞ്ചിരി, മുണ്ടക്കടവ് തുടങ്ങിയ ഉന്നതികളിൽനിന്നുള്ള ആദിവാസി കുടുംബങ്ങൾ രാവിലെ ആറിനുതന്നെ വീട്ടിൽ നിന്നിറങ്ങിയാണ് എത്തിയത്. രാവിലെ നൽകിയ ഉപ്പുമാവും ചായയും പകുതി പേർക്കുപോലും ലഭിച്ചില്ല. പിന്നീട് വെള്ളവും സമൂസയുമാണ് നൽകിയത്. ഉച്ചഭക്ഷണം ഒന്നിന് തുടങ്ങി നാലരയായിട്ടും പലർക്കും കിട്ടിയില്ല. സംഘാടനം പൂർണമായും പാളിയതോടെ ആദിവാസികൾ ബഹളംവയ്ക്കുകയും ഒടുവിൽ സ്വന്തം ഊരുകളിലേക്ക് മടങ്ങാൻ നിർബന്ധിതരാവുകയും ചെയ്തു.










0 comments