ad
Deshabhimani

കോട്ടപ്പടി താലൂക്ക് ആശുപത്രി

വാർഡുകൾ നെച്ചിക്കുറ്റിയിലേക്ക് മാറ്റിയില്ല; രോഗികളും ജീവനക്കാരും ദുരിതത്തിൽ

a

കോട്ടപ്പടിയിലെ മലപ്പുറം താലൂക്ക് ആശുപത്രി

വെബ് ഡെസ്ക്

Published on Aug 23, 2026, 12:42 AM | 1 min read

സ്വന്തം ലേഖകൻ

മലപ്പുറം

കോട്ടപ്പടിയിലെ മലപ്പുറം താലൂക്ക് ആശുപത്രിയിലെ ശിശുരോഗവിഭാഗം കിടത്തിച്ചികിത്സയും ജനറൽ മെഡിസിൻ വിഭാഗം കിടത്തിച്ചികിത്സയും നെച്ചിക്കുറ്റിയിലെ ഷെൽട്ടർ ഹോമിലേക്ക് മാറ്റാനുള്ള തീരുമാനം നടപ്പായില്ല. പഴയ കെട്ടിടം പൊളിച്ചതിനെ തുടർന്ന് പരിമിതമായ സൗകര്യങ്ങളിൽ ചികിത്സ തുടരേണ്ടിവരുന്നത് രോഗികളെയും ജീവനക്കാരെയും ദുരിതത്തിലാക്കുന്നു. ആശുപത്രിയിലെ കിടത്തിച്ചികിത്സാ സൗകര്യങ്ങൾ താൽക്കാലികമായി നെച്ചിക്കുറ്റിയിലെ നഗരസഭാ ഷെൽട്ടർ ഹോമിലേക്ക് മാറ്റുന്നതിനാണ് നഗരസഭാ കൗൺസിൽ യോഗത്തിൽ ധാരണയായത്. ഇതിന്റെ ഭാഗമായി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും ജീവനക്കാരെ താൽക്കാലികമായി നിയമിക്കാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നഗരസഭാ ചെയർപേഴ്‌സൺ വി റിനിഷ മന്ത്രി കെ മുരളീധരന് കത്ത് നൽകിയിരുന്നു. ​ ഇതുസംബന്ധിച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും രണ്ട് തവണ ആരോഗ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നിട്ടും വാർഡുകൾ നെച്ചിക്കുറ്റിയിലേക്ക് മാറ്റുന്നതിനോ ആവശ്യമായ ജീവനക്കാരെ താൽക്കാലികമായി നിയമിക്കുന്നതിനോ ഇതുവരെ നടപടിയായിട്ടില്ല. പഴയ മൂന്നുനില കെട്ടിടം പൊളിച്ചതോടെ കിടത്തിച്ചികിത്സയ്ക്കുള്ള ബെഡുകളുടെ എണ്ണം 116ൽനിന്ന് 40 ആയി ചുരുങ്ങിയിരുന്നു. ശിശുരോഗ വിഭാഗത്തിന്റെയും ജനറൽ മെഡിസിൻ വിഭാഗത്തിന്റെയും കിടത്തിച്ചികിത്സ നെച്ചിക്കുറ്റിയിലേക്ക് മാറ്റുന്നതോടെ ആശുപത്രിയിലെ തിരക്ക് കുറയ്ക്കാനും രോഗികൾക്ക് കൂടുതൽ സൗകര്യം ഒരുക്കാനും കഴിയുമായിരുന്നു. എന്നാൽ ജീവനക്കാരെ ലഭ്യമാക്കാത്തതിനാൽ തീരുമാനം നടപ്പാക്കാനാകാത്ത സ്ഥിതിയാണ്. പുതിയ ആശുപത്രി കെട്ടിടം നിർമിക്കുന്നതുവരെ താൽക്കാലിക സംവിധാനമെന്ന നിലയിൽ നെച്ചിക്കുറ്റിയിലെ ഷെൽട്ടർ ഹോം പ്രയോജനപ്പെടുത്തി ചികിത്സാ സൗകര്യം വിപുലീകരിക്കണമെന്നാണ് ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home