ad
Deshabhimani

ഉറ്റവർ പോയി, ഫാസിൽ ഇനി തനിച്ച്‌

a
avatar
കെ കെ രാമകൃഷ്ണൻ

Published on Jan 19, 2026, 12:13 AM | 1 min read

വേങ്ങര

പറപ്പൂർ വീണാലുക്കൽ ഉമ്മൂച്ചിക്കൽ വീട്ടിൽ ഇനി മുഹമ്മദ് ഫാസിലിന്‌ കൂട്ടായി ഉമ്മയും സഹോദരങ്ങളും ഇല്ല. ബാപ്പയുടെ മരണശേഷം നാലുപേർ ഒരുമിച്ച്‌ കഴിഞ്ഞ വീട്ടിൽ ഫാസിൽ തനിച്ചാണിനി. പറപ്പൂരിനെ നടുക്കിയ ദുരന്തത്തിൽ ഫാസിലിന്റെ ഉമ്മ സൈനബ, അനിയൻ ആഷിക്, അനിയത്തി ഫാത്തിമ ഫർസീല എന്നിവരാണ്‌ മരിച്ചത്‌. കണ്ണൂരിൽനിന്ന് വർഷങ്ങൾക്കുമുമ്പാണ്‌ ഫാസിലിന്റെ ബാപ്പ ഉമ്മൂച്ചിക്കൽ മൊയ്തീൻ പറപ്പൂർ കുഴിപ്പുറത്തെത്തിയത്‌. കൂലിപ്പണിക്കാരനായ മൊയ്തീന്റെ മരണശേഷം പിന്നീട് ഇവർ വീണാലുക്കലിലെ വിവിധ വാടക ക്വാർട്ടേഴ്സുകളിലായിരുന്നു താമസം. നിത്യവൃത്തിക്കായി സൈനബ വീടുകളിൽ പോയി ജോലിചെയ്തായിരുന്നു കുടുംബംപോറ്റിയിരുന്നത്. കുടുംബത്തിന്റൈ കഷ്ടപ്പാടും അനാഥത്വവും കണ്ട് അഞ്ചുവർഷംമുമ്പ് വീണാലുക്കൽ പൗരസമിതി ഇവർക്ക് വീട് നിർമിച്ചുനൽകുകയായിരുന്നു. തുടർന്ന് മൂത്തമകൻ മുഹമ്മദ് ഫാസിലും ഇടയ്‌ക്ക് ആഷികും ജോലിക്കുപോയി. ഫാത്തിമ ഫർസീല പറപ്പൂർ ഐ യു ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. പറപ്പൂർ വീണാലുക്കലിനുസമീപം താഴേക്കാട്ട് പടിയിലുള്ള പള്ളിക്കുളത്തിലാണ് മൂവരും മുങ്ങിമരിച്ചത്. കുളിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളി കുളത്തിൽ മനുഷ്യന്റെ നിഴൽപോലെ കിടക്കുന്നതുകണ്ട് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ പൊലീസിലും അഗ്നിസുരക്ഷാ സേനയിലും വിവരം അറിയിച്ചു. ഇവർ എത്തുംമുമ്പേ നാട്ടുകാർതന്നെ ചലനമറ്റ ശരീരങ്ങൾ മുങ്ങിയെടുത്തു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കുമാറ്റി. തിങ്കളാഴ്ച ഉച്ചയോടെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീണാലുക്കൽ മഹല്ല് കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിനുവയ്ക്കും. വീണാലുക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home