ആരോഗ്യം ആശങ്കയിൽ ക്ലീൻ ഷോട്ട് തുടരും

മലപ്പുറം കെഎസ്‌ആർടിസി ഡിപ്പോയിലെ വർക്ക്‌ഷോപ്പിന് മുന്നിലെ കുഴിയിൽ അഴുക്കുവെള്ളം കെട്ടികിടക്കുന്നു. ഇൗ കോംപൗണ്ട് മതിലിനോട് ചേർന്നാണ് ഓട്ടോ സ്റ്റാൻഡും മഞ്ചേരി ഭാഗത്തേക്കുള്ള സ്വകാര്യ ബസ്‌സ്റ്റാൻഡുമുള്ളത്
മലപ്പുറം
പകർച്ചവ്യാധി പ്രതിരോധ പരിപാടികളുടെ ഭാഗമായി ജില്ലയിൽ നടത്തിയ പരിശോധനയിൽ പൊതുയിടങ്ങളിൽ ശുചിത്വം കൃത്യമായി പരിപാലിക്കുന്നില്ലെന്ന് കണ്ടെത്തി. ഇതോടെ ക്ലീൻ ഷോട്ട് ക്യാമ്പയിൻ 15 വരെ തുടരാൻ തീരുമാനിച്ചു. ഹോട്ടലുകൾ, ചായക്കടകൾ, ബേക്കറികൾ, ജ്യൂസ് കടകൾ, കാറ്ററിങ് യൂണിറ്റുകൾ, തട്ടുകടകൾ എന്നിങ്ങനെ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന 7080 സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ്, തദ്ദേശവകുപ്പ്, ഭക്ഷ്യസുരക്ഷാവകുപ്പ് എന്നിവ സംയുക്ത പരിശോധന നടത്തി. ഇതിൽ 35 ശതമാനം സ്ഥാപനങ്ങളും മതിയായ രജിസ്ട്രേഷനോ ലൈസൻസോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ആകെ ഉള്ളതിൽ 15 ശതമാനം അതിഥി തൊഴിലാളികളാണ്. 33 ശതമാനം തൊഴിലാളികൾക്കും ഹെൽത്ത് കാർഡില്ല. ആകെയുള്ള കുടിവെള്ള സ്രോതസ്സുകളിൽ 34 ശതമാനംമാത്രമാണ് വർഷത്തിൽ ഒരിക്കലെങ്കിലും ക്ലോറിനേഷൻ നടത്തിയത്. 33 ശതമാനം കിണറുകൾ ക്ലോറിനേറ്റ് ചെയ്തിട്ടേയില്ല. 50 ശതമാനം കിണറുകളിലെ വെള്ളം മാത്രമേ ഗുണനിലവാര പരിശോധന നടത്തിയിട്ടുള്ളൂ. അതിൽ എട്ട് ശതമാനത്തിലും ഗുണനിലവാരം തൃപ്തികരമല്ല. ജില്ലയിലെ ആറ് ശതമാനം കടകളിലും തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ കൊടുക്കുന്നില്ല. 82 സ്ഥാപനങ്ങൾ (ഒരു ശതമാനം) പച്ചവെള്ളം മിക്സ് ചെയ്താണ് നൽകുന്നത്. 80 ശതമാനം സ്ഥാപനങ്ങളിലും തൊഴിലാളികൾക്ക് പ്രത്യേക ടോയ്‌ലറ്റ് സംവിധാനമില്ല. ഇൗ സാഹചര്യങ്ങൾ പരിഗണിച്ചാണ് നടപടി. ജില്ലാ പഞ്ചായത് പ്രസിഡന്റ്, കലക്ടർ, എൽഎസ്‌ജിഡി ജോ. ഡയറക്ടർ, ഡിഎംഒ, ഡിപിഎം, ഡിഎസ്‌ഒ എന്നിവർ പങ്കെടുത്ത അവലോകന യോഗത്തിലാണ് തീരുമാനം.











0 comments