ad
Deshabhimani

ഇത് തനിനാടൻ വിദേശികൾ

a
avatar
പി അഭിഷേക്

Published on May 18, 2026, 12:37 AM | 1 min read

മലപ്പുറം

കോഡൂര്‍ പെരിങ്ങോട്ടുപുലത്തെ പഴേടത്ത് അബ്ദുള്‍ റഷീദിന്റെ തൊടിയിലിറങ്ങിയാല്‍ ചുറ്റും കൗതുകമുള്ള കാഴ്ചകളാണ്. കേരളത്തില്‍ അപൂര്‍വമായ പഴവര്‍ഗങ്ങളുടെ കലവറയാണിവിടം. ഡുക്കു, ബറാബ, അബിയു, മട്ടോവ, ചാമിലിയാങ്, ലോങ്ങന്‍, സ്വീറ്റ് ലൂവി, ഗ്രൂമി ചാമ, മെമി സപ്പോട്ട, ഗോള്‍ഡന്‍ ഫ്രൂട്ട് തുടങ്ങിയ വിദേശ ഇനങ്ങളാണ് നട്ടുവളര്‍ത്തിയിരിക്കുന്നത്. ‌മലേഷ്യ, വിയറ്റ്നാം, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, കംബോഡിയ, സ്‍പെയിന്‍, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്ന് കൊണ്ടുവന്ന തൈകളിലാണ് നാല്‍പ്പത്തിയെട്ടുകാരന്‍ വിജയംകൊയ്യുന്നത്. അപൂര്‍വമായ പഴങ്ങള്‍ നട്ടുവളര്‍ത്തി വിജയി‌ച്ചാല്‍ കൂടുതല്‍ തൈകള്‍ ഉല്‍പ്പാദിപ്പിച്ച് വില്‍‌ക്കുന്നതാണ് രീതി. ഇതിനായി വീടിനടുത്ത് ഒരു നഴ്സറിയുണ്ട്. ​തൊണ്ണൂറുകളുടെ അവസാനംമുതല്‍ അബ്ദുള്‍ റഷീദ് വിദേശരാജ്യങ്ങളിലെ സന്ദര്‍ശകനാണ്‌. 2002ല്‍ തായ്‌ലന്‍ഡ്‌ സന്ദർശിച്ചപ്പോൾ തദ്ദേശീയ പഴങ്ങള്‍ നാട്ടിലേക്ക്‌ വാങ്ങി. വീട്ടിലെത്തി വിത്ത് കുഴിച്ചിട്ടു. ഇത്‌ കായ്‌ച്ചതോടെ കൂടുതല്‍ വിദേശഫലങ്ങള്‍ കൊണ്ടുവരണമെന്നായി. കേളത്തിലെ പഴക്കര്‍ഷകരുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെ അപൂര്‍വയിനം തൈകള്‍ കൈമാറിക്കിട്ടി. നിലവില്‍ അറുന്നൂറിലധികം പഴവിളകൾ ഇവിടെയുണ്ട്. കിയോ സാമ്രോഡ്, ബനാന മാംഗോ, മിയാസാക്കി തുടങ്ങി നൂറിനം മാങ്ങകളും റഷ്യന്‍ സോള്‍ജിയര്‍, ഡയന്ന, തുര്‍ക്കി ബ്രൗണ്‍ തുടങ്ങി അറുപതിനം അത്തിപ്പഴവും വെറിഗേറ്റഡ്, പൊപ്പുലു, സാന്‍സിബാര്‍ തുടങ്ങി ഇരുപതിനം വാഴകളും കുന്താണി ഹാന്‍ഡ് പുള്‍, എംഡി2 തുടങ്ങി പത്തിനം കൈതച്ചക്കയും ചിലതുമാത്രം. "ലോങ്ങന്‍' എന്നറിയപ്പെടുന്ന പഴത്തിനാണ് ഇപ്പോള്‍ മാര്‍ക്കറ്റ്. ഡബിള്‍ ലോങ്ങന്‍, വിയറ്റ്നാം ട്രോപ്പിക്കല്‍, വൈറ്റ്, റൂബി, ഫോര്‍ സീസണ്‍ തുടങ്ങിയ 25 വകഭേദങ്ങളുണ്ട്. ലോങ്ങന്‍ പഴത്തിന് കിലോയ്ക്ക് 350 രൂപവരെ ലഭിക്കുമെങ്കിലും തൈകള്‍മാത്രമാണ് റഷീദ് വില്‍ക്കുന്നത്. ഭാര്യ നസീബയും മക്കളായ ഫാത്തിമ റിംഷ, മുഹമ്മദ് റിഷ്‍മല്‍, റസിന്‍ മുഹമ്മദ് എന്നിവരും പിന്തുണയുമായി ഒപ്പമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home