ഇന്ന് ലോക മലേറിയ ദിനം
രോഗബാധ കൂടുതല്‍ പുറത്തുനിന്നെത്തുന്നവരില്‍


പി അഭിഷേക്
Published on Apr 25, 2026, 12:04 AM | 1 min read
മലപ്പുറം
പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കുമ്പോഴും അഞ്ചുവര്‍ഷത്തിനിടെ ജില്ലയില്‍ മലേറിയ കേസുകളുടെ എണ്ണത്തില്‍ വര്‍ധന. ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവരിലാണ് കൂടുതലും രോഗം സ്ഥിരീകരിക്കുന്നത്. 2025ല്‍ റിപ്പോര്‍ട്ചെയ്ത 74 കേസുകളില്‍ 71 എണ്ണവും ഇതരസംസ്ഥാനങ്ങളില്‍നിന്ന് വന്നവരിലാണ്. അതിഥിത്തൊഴിലാളികളും ഇതര സംസ്ഥാനങ്ങളില്‍നിന്ന് നാട്ടിലെത്തുന്ന മലയാളികളും ഇതില്‍ ഉള്‍പ്പെടും. മുമ്പ് ചികിത്സിച്ച് ഭേദമാക്കിയെങ്കിലും വീണ്ടും രോഗബാധയേറ്റവരാണ് മൂന്നുപേര്‍. തദ്ദേശീയമായി ഒരാള്‍ക്കുപോലും രോഗബാധയേറ്റിട്ടില്ല. ഈവര്‍ഷം മാര്‍ച്ചുവരെ ഏഴുപേര്‍ക്ക് ജില്ലയില്‍ മലേറിയ പിടിപെട്ടു. ഇതില്‍ നാലുപേര്‍ ഇതരസംസ്ഥാനത്തുനിന്ന് വന്നവരാണ്. ഒരാള്‍ തദ്ദേശീയമായി രോഗബാധയേറ്റയാളാണ്. 2020ല്‍ ജില്ലയില്‍ 27 മലേറിയ കേസുകളാണ് റിപ്പോര്‍ട്ചെയ്തത്. 2021ല്‍ ഇത് 25 ആയി കുറഞ്ഞെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ വീണ്ടും കൂടി. 2022ല്‍ 38, 2023ല്‍ 39, 2024ല്‍ 57 എന്നിങ്ങനെ കേസുകളുണ്ടായി. ജാര്‍ഖണ്ഡ്, ബിഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവരിലാണ് കൂടുതലായി രോഗം സ്ഥിരീകരിക്കുന്നത്. ആയുര്‍വേദ ടൂറിസത്തിന്റെ ഭാഗമായി ജില്ലയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയിലും കഴിഞ്ഞവര്‍ഷം രോഗം സ്ഥിരീകരിച്ചിരുന്നു. ലക്ഷണങ്ങള്‍ "പ്ലാസ്‌മോഡിയം' പരാദജീവി അനോഫിലിസ് പെൺ കൊതുകുകളിലൂടെ മനുഷ്യശരീരത്തിലെത്തുന്നതാണ് മലേറിയക്ക് കാരണം. പനി, വിറയൽ, തലവേദന എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ഗുരുതരമായാല്‍ ക്ഷീണം, അപസ്മാരം, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയുമുണ്ടാകും. അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികൾ, ഗർഭിണികൾ, പെൺകുട്ടികൾ, യാത്രക്കാർ, എച്ച്ഐവി/ എയ്ഡ്സ് ബാധിതർ എന്നിവർക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രോഗബാധയുള്ള കൊതുക് കടിച്ച് 10–15 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.

"പ്രതിരോധം ഊര്‍ജിതം'
മലേറിയക്കെതിരെ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാണ്. എല്ലാവര്‍ഷവും ഓരോ തദ്ദേശസ്ഥാപനങ്ങളിലെയും 10 ശതമാനം ആളുകളെ പരിശോധനക്ക് വിധേയമാക്കുന്നു. കഴിഞ്ഞവര്‍ഷം ജില്ലയില്‍ അഞ്ചുലക്ഷത്തോളംപേരില്‍ പരിശോധന നടത്തി. മൊബൈല്‍ ഇമിഗ്രന്റ് സ്ക്രീനിങ് ടീം (മിസ്റ്റ്) നേതൃത്വത്തില്‍ അതിഥിത്തൊഴിലാളികളെയും പരിശോധിക്കുന്നു. പനിബാധിച്ചവരിലും ദീര്‍ഘദൂര യാത്ര നടത്തി തിരിച്ചെത്തിയവരിലും മലേറിയ പരിശോധന നടത്താറുണ്ട്.
ഡോ. കെ പ്രദീപ് (ജില്ലാ മലേറിയ ഓഫീസര്‍)









0 comments