തിളങ്ങി മെഡിക്കൽ കോളേജ്


ടി വി സുരേഷ്
Published on Dec 10, 2025, 12:15 AM | 2 min read
മഞ്ചേരി
മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ശരിക്കും മെഡിക്കൽ കോളേജായി മാറിയത് എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിൽ. ആശുപത്രിയിൽ ഉപകരണങ്ങൾ വാങ്ങാൻ എൽഡിഎഫ് സർക്കാർ അനുവദിച്ചത് 100 കോടി രൂപയാണ്. 2011– 16ലെ യുഡിഎഫ് സർക്കാർ മഞ്ചേരി ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജായി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയി. എന്നാൽ ഇതിനുള്ള തുകയോ അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കിയില്ല. ഇന്ന് റേഡിയോളജി ബ്ലോക്ക്, സിടി സ്‌കാൻ, എംആർഐ, ശ്വാസകോശ രോഗങ്ങൾ കണ്ടെത്താനുള്ള അത്യാധുനിക ഉപകരണം, ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനുള്ള ഓട്ടോമേറ്റഡ് ബ്ലഡ് കൾച്ചർ സിസ്റ്റം (ബാക്റ്റ് ടി), വൈറോളജി ലാബ് എന്നിവയടക്കം സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സംവിധാനമാണ് മെഡിക്കൽ കോളേജിൽ ഒരുങ്ങിയത്.
റേഡിയോളജി ബ്ലോക്ക്
ഇൻവെസ്റ്റിഗേഷൻ ആൻഡ് റേഡിയോളജി ബ്ലോക്ക് 1.10 കോടി രൂപ ചെലവിട്ടാണ് പൂർത്തിയാക്കിയത്. 45,000 ചതുരശ്രഅടിയുള്ള ഇരുനില കെട്ടിടത്തിൽ അന്താരാഷ്ട്രനിലവാരമുള്ള സൗകര്യങ്ങൾ ഒരുക്കി. പ്രൊഫസർമാർ, വകുപ്പ് മേധാവികൾ എന്നിവർക്ക് ഒന്നാംനിലയിൽ മുറികൾ സജ്ജമാക്കി. ഡെമോൺസ്ട്രേഷൻ മുറികൾ, ടെക്നീഷ്യൻസ്, സീനിയർ/- ജൂനിയർ റസിഡന്റുമാർ എന്നിവർക്കുള്ള വിശ്രമമുറികളും ഒരുക്കും. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി വിശാലമായ കാത്തിരിപ്പ് കേന്ദ്രവും സജ്ജമാക്കി.
ആധുനിക സംവിധാനങ്ങളോടെ എംആര്‍ഐ യൂണിറ്റ് നിർമാണം അവസാനഘട്ടത്തിലാണ്. ആദ്യഘട്ടം 9.2 കോടി രൂപയാണ് അനുവദിച്ചത്.
സിടി സ്കാൻ
സിടി സ്കാനിങ് യൂണിറ്റ് സജ്ജം. കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെഎച്ച്ആർഡബ്ല്യുഎസ്) മുഖേന അഞ്ചുകോടി രൂപ ചെലവിലാണ് യന്ത്രം സ്ഥാപിച്ചത്.
ശ്വാസകോശരോഗങ്ങൾ നേരത്തെ കണ്ടെത്താം
ബാക്ടീരിയയുടെ സാന്നിധ്യവും ശ്വാസകോശരോഗങ്ങളും കണ്ടെത്താൻ ഇനി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട. തീയതി മുൻകൂട്ടി വാങ്ങി ദിവസങ്ങളോളം കാത്തുനിൽക്കുന്ന അവസ്ഥയും മാറി. ശ്വാസകോശരോഗങ്ങൾ നേരത്തെ കണ്ടുപിടിക്കാൻ കഴിയുന്ന നൂതന ഡിഎൽസിഒ (കാർബൺ മോണോക്സൈഡ് ഡിഫ്യൂഷൻ കപ്പാസിറ്റി) യന്ത്രം ആശുപത്രിയിൽ സജ്ജമായി. സംസ്ഥാന സർക്കാർ 17 ലക്ഷം ചെലവിട്ടാണ് യന്ത്രം സ്ഥാപിച്ചത്.
ബാക്ടീരിയയുണ്ടോ *പെട്ടെന്ന് അറിയാം
രോഗികളിൽ ബാക്ടീരിയയുടെ സാന്നിധ്യം ഉടനടി കണ്ടെത്തുന്നതിന് മൈക്രോ ബയോളജി വിഭാഗത്തിനുകീഴിൽ ഓട്ടോമേറ്റഡ് ബ്ലഡ് കൾച്ചർ സിസ്റ്റം (ബാക്റ്റ് ടി) പ്രവർത്തനസജ്ജമാണ്. 20 ലക്ഷം രൂപ മുടക്കിയാണ് ഉപകരണമെത്തിച്ചത്. രോഗിയിൽ ബാക്ടീരിയയുടെ സാന്നിധ്യവും അത് ഏതുതരമാണെന്ന കണ്ടെത്തലും ഓട്ടോമേറ്റഡ് ബ്ലഡ് കൾച്ചർ സിസ്റ്റം പ്രാവർത്തികമാകുന്നതോടെ എളുപ്പത്തിലാകും. അതുവഴി കൃത്യമായ ആന്റിബയോട്ടിക് രോഗിക്ക് നൽകാനാകും. നിലവിൽ ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിയാനും ഏതുതരമാണെന്ന് കണ്ടെത്താനും 34 ദിവസംവരെ കാത്തിരിക്കേണ്ടിയിരുന്നു.
രോഗനിർണയത്തിന് *നൂതന യന്ത്രങ്ങൾ
ത്വക്ക് രോഗ വിഭാഗത്തില്‍ ലേസര്‍ ചികിത്സക്ക് 15 ലക്ഷം രൂപയുടെ കാര്‍ബണ്‍ ഡൈഓക്സൈഡ് ലേസര്‍, ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ ഗ്ലൂക്കോമ ക്ലിനിക്കില്‍ 32 ലക്ഷം രൂപയുടെ യാഗ് ലേസര്‍, ഇഎന്‍ടി വിഭാഗത്തില്‍ 60.20 ലക്ഷം രൂപയുടെ ഹൈ എന്‍ഡ് ഓപറേറ്റിങ് മൈക്രോസ്‌കോപ്പ്, 50.22 ലക്ഷം രൂപയുടെ 4കെ ഇഎന്‍ടി ഇമേജിങ് സിസ്റ്റം, മൈക്രോബയോളജി വിഭാഗത്തില്‍ 17.70 ലക്ഷം രൂപയുടെ ഫുള്ളി ഓട്ടോമേറ്റഡ് ഇമ്യൂണോ അനലൈസര്‍ എന്നിവക്കും തുക അനുവദിച്ചു.
വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കാവശ്യമായ ആശുപത്രി ഉപകരണങ്ങള്‍, സാമഗ്രികള്‍, ലാബുകള്‍ക്കാവശ്യമായ റീയേജന്റ്, കെമിക്കലുകള്‍, എല്‍എസ്സിഎസ് കിറ്റ്, ഡിസ്പോസിബിള്‍ വെന്റിലേറ്റര്‍ ട്യൂബിങ്, ഡെലിവറി കിറ്റ് തുടങ്ങിയവയ്ക്കായി 3.94 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മള്‍ട്ടി പാരാ മോണിറ്റര്‍, ഇന്‍ഫ്യൂഷന്‍ പമ്പ്, ബൈനോകുലര്‍ മൈക്രോസ്‌കോപ്പ്, സര്‍ജിക്കല്‍ എന്‍ഡോ ട്രെയിനര്‍, ആര്‍ത്രോസ്‌കോപ്പി ടെലസ്‌കോപ്പ്, ഓട്ടോലെന്‍സോ മീറ്റര്‍, പീഡിയാട്രിക് എന്‍ഡോസ്‌കോപ്പ്, ഡിജിറ്റല്‍ വെയ്ന്‍ ഫൈന്‍ഡര്‍ എന്നിവയ്ക്കായി 1.65 കോടി രൂപ അനുവദിച്ചു.
വൈറോളജി ലാബ്
അക്കാദമിക് കെട്ടിടത്തിലെ ആർടിപിസിആർ ലാബിനോടുചേർന്നാണ് പുതിയ വൈറോളജി ലാബ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) അംഗീകാരമുണ്ട്. ജില്ലയിലെ നൂറോളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽനിന്നുള്ള സാമ്പിളുകൾ ഇവിടെ പരിശോധിക്കുന്നു. പഴുതടച്ച് സുരക്ഷിതമായ അന്തരീക്ഷത്തിലാണ് രോഗനിർണയം. പ്രത്യേക പരിശീലനം ലഭിച്ച സയന്റിസ്റ്റുകളും ആധുനിക ഉപകരണങ്ങളും കണ്ടെയ്ൻമെന്റ് സൗകര്യങ്ങളുമുണ്ട്. രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാലുവരെ സാമ്പിളുകൾ സ്വീകരിക്കും. അടിയന്തര പ്രാധാന്യമുള്ള സാമ്പിളുകൾ ഉടൻ പരിശോധിച്ച് നൽകും.










0 comments