ad
Deshabhimani

മാറും വണ്ടൂരും

a
avatar
ജിജോ ജോര്‍ജ്

Published on Apr 05, 2026, 12:15 AM | 2 min read

വണ്ടൂർ

മന്പാട്‌ പഞ്ചായത്തിലെ വടപുറം ട‍ൗൺ. ശനിയാഴ്‌ച രാവിലെ ഒന്പതിന്‌ ബീറ്റ് റൂട്ട് നാസിക് ഡോൾ സംഘത്തിലെ ചെറുപ്പക്കാർ വന്ന് കൊട്ടിത്തുടങ്ങി. അതോടെ വടപുറം അങ്ങാടിയുടെ പല ഭാഗത്തുംനിന്നും ആളുകൾ സ്വീകരണ കേന്ദ്രത്തിലേക്ക് എത്തിത്തുടങ്ങി. വണ്ടൂർ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. കെ കെ ദാമോദരന്റെ വരവ്‌ അറിയിച്ചുകൊണ്ടാണ്‌ ആരവം മുഴക്കം. മൂന്നുംകൂടി ജങ്‌ഷനിൽ തിരക്കേറിവന്നു. പൈലറ്റ്‌ വാഹനത്തിലെത്തിയവർ എൽഡിഎഫിന്റെ നേട്ടങ്ങൾ വിവരിച്ചുകൊണ്ടിരിക്കെ ഒന്പതേമുക്കാലോടെ എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. കെ കെ ദാമോദരൻ തുറന്ന വാഹനത്തിൽ കടന്നുവന്നു. ഒരുകാലത്ത്‌ ചുവപ്പ്‌ കൊടി ഉയർത്താൻപോലും ലീഗുകാർ സമ്മതിക്കാതെ വടപുറം അങ്ങാടിയിൽ നൂറോളംവരുന്ന പ്രവർത്തകർ ആവേശത്തോടെ സ്ഥാനാർഥിയെ വരവേറ്റു. കടകളിൽ കയറി വോട്ടുചോദിച്ചശേഷം സ്ഥാനാർഥി സംസാരിച്ചുതുടങ്ങി. വാണിയന്പലത്ത്‌ റെയിൽവേ മേൽപ്പാലം ഇല്ലാത്തതിന്റെ പ്രശ്‌നങ്ങളും മണ്ഡലത്തിൽ ഗവൺമെന്റ്‌ കോളേജ്‌ തുടങ്ങാൻ എംഎൽഎയ്‌ക്ക്‌ കഴിയാത്തതുമടക്കം വണ്ടൂരിന്റെ വികസന മുരടിപ്പിനെക്കുറിച്ച്‌ ചുരുങ്ങിയ വാക്കുകളിൽ അദ്ദേഹം വിശദീകരിച്ചു. വണ്ടൂരിൽ മാറ്റംവേണമെന്ന്‌ ജനങ്ങൾ ആഗ്രഹിക്കുന്നു. ‘ഇവിടെ ഒന്നും നടക്കുന്നില്ല. ഇ‍ൗ നാടിനും വേണം വികസനം. അതിന്‌ ദാമോദരൻ മാഷ്‌ ജയിക്കണം, ഇത്തവണ വണ്ടൂർ മാറും – പാലപറന്പിലെ സ്വീകരണ കേന്ദ്രത്തിലെത്തിയ തെക്കുകൂടിയിൽ സരോജിനിയുടെയും വെളക്കുളി ദേവകിയുടെയും വാക്കുകൾ ഇതിനുള്ള തെളിവാണ്‌. പുളിക്കലോടി അങ്ങാടിയിലും സ്‌ത്രീകളും കുട്ടികളുമടക്കം നിരവധി പേർ സ്ഥാനാർഥിയെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. വോട്ട്‌ ചോദിക്കുന്നതിനിടെയാണ്‌ ലൈല ബീവി ടീച്ചറെ സ്ഥാനാർഥി കാണുന്നത്‌. മമ്പാട് എംഇഎസ് കോളേജിൽ ഡോ. ദാമോദരൻ ബികോമിന്‌ പഠിക്കുന്പോൾ അവിടെ മലയാളം അധ്യാപികയായിരുന്നു ലൈല ടീച്ചർ. ‘ കോളേജിൽ പഠിക്കുന്ന കാലത്തെ അവൻ മിടുക്കനായിരുന്നു. ഞാൻ മലയാളം അധ്യാപികയായതിനാൽ ദാമോദരനെ പഠിപ്പിച്ചിട്ടില്ല. പക്ഷേ അന്നേ അവനെ ശ്രദ്ധിച്ചിരുന്നു. കഠിനാധ്വാനംകൊണ്ടാണ്‌ പിഎച്ച്‌ഡി എല്ലാം നേടി ഇ‍ൗ നിലയിൽ എത്താൻ കഴിഞ്ഞത്‌. ദാമോദരൻ ജയിച്ചാൽ ഇ‍ൗ നാടിന്‌ വലിയ മാറ്റമുണ്ടാകും. ലൈല ടീച്ചറുടെ വാക്കുകളിൽ പ്രതീക്ഷയുടെ തിളക്കം. ലൈല ടീച്ചർ മാത്രമല്ല, വണ്ടൂരിലെ ഓരോരുത്തരും ഇതാണ്‌ ആഗ്രഹിക്കുന്നത്‌. വണ്ടൂരിലും കാറ്റ്‌ ഇടത്തോട്ട്‌ മാറിവീശുകയാണ്‌. രാവിലെ ചളിവാരിയിൽനിന്ന് ആരംഭിച്ച പര്യടനം വൈകിട്ട്‌ അന്പലപ്പടിയിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പ് മണ്ഡലം സെക്രട്ടറി എം ടി അഹമ്മദ്, എൻ കണ്ണൻ, അഡ്വ. അനിൽ നിരവിൽ, കെ റഹിം, സി ജയപ്രകാശ്, എം മോഹൻദാസ്, കെ പി സത്യനാഥൻ, ടി ജുനൈദ്, പി അയ്യപ്പൻ, ടി ഉമ്മർകുട്ടി, രജീഷ് വെള്ളാമ്പുറം, പി ഷൈജു, പി സബീർ ബാബു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home