ad
Deshabhimani

 മഞ്ചേരി ജനറല്‍ ആശുപത്രി

വസ്തുതകള്‍ മറച്ചുവച്ച് മീഡിയാവണ്‍ പ്രചാരണം

a
avatar
ടി വി സുരേഷ്

Published on Feb 04, 2026, 12:58 AM | 2 min read


മഞ്ചേരി

മഞ്ചേരി ജനറല്‍ ആശുപത്രിക്കായി സര്‍ക്കാര്‍ ഒന്നുംചെയ്യുന്നില്ലെന്ന ജമാഅത്തെ ഇസ്ലാമി ചാനല്‍ മീഡിയാവണ്ണിന്റെ പ്രചാരണം വസ്തുതകള്‍ മറച്ചുവച്ച്. 2013ല്‍ യുഡിഎഫ് സര്‍ക്കാരാണ് മുന്നൊരുക്കങ്ങളേതുമില്ലാതെ ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയായി ഉയര്‍ത്തിയത്. ജനറൽ ആശുപത്രിയുടെ സൗകര്യങ്ങള്‍ മെഡിക്കല്‍ കോളേജിനായി ഉപയോഗപ്പെടുത്തുകയായിരുന്നു. മാതൃശിശു വിഭാഗത്തിനായി ഒരുക്കിയ കെട്ടിടം അക്കാദമിക് ബ്ലോക്കായും മാറ്റി. ഫലത്തില്‍ സൗകര്യമില്ലാത്ത മെഡിക്കല്‍ കോളേജ് വന്നപ്പോള്‍ ജനറല്‍ ആശുപത്രിയും മാതൃശിശു ആശുപത്രിയും മലപ്പുറത്തിന് നഷ്ടപ്പെട്ടു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിക്കകത്തുതന്നെ സാങ്കേതികമായി ജനറല്‍ ആശുപത്രി നിലനില്‍ക്കുകയുംചെയ്തു.

ഡോക്ടര്‍മാരെ *വാടകയ്ക്കെടുത്തു

മഞ്ചേരി മെഡിക്കൽ കോളേജ് സ്ഥാപിച്ചതോടെ ജനറല്‍ ആശുപത്രിയിലെയും മാതൃശിശു വിഭാഗത്തിലെയുമടക്കം ആയിരത്തോളം കിടക്കകളാണ് ഒറ്റയടിക്ക് നഷ്ടമായത്. പരിശോധനാ സമയത്ത് മെഡിക്കൽ കോളേജിന്റെ അംഗീകാരം നിലനിർത്താൻ വാടകയ്ക്ക് ഡോക്ടർമാരെ കൊണ്ടുവന്ന ചരിത്രവുമുണ്ട്. "ബോര്‍ഡ് മാറ്റിത്തൂക്കി' സ്ഥാപിച്ച മെഡിക്കൽ കോളേജിനെ ഇന്നത്തെനിലയിലാക്കിയത് എൽഡിഎഫ് സർക്കാരാണ്.

​​വേട്ടേക്കോട്ടെ സ്ഥലം !

മഞ്ചേരി ഗവ. മെ‍ഡിക്കല്‍ കോളേജിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ വേട്ടേക്കോട്ട് സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന പ്രചാരണം തുടര്‍നടപടികളക്കുറിച്ച് ധാരണയില്ലാത്തതിനാല്‍. മലമുകളിലുള്ള പ്രസ്തുത സ്ഥലത്തെക്കുറിച്ച് റിയല്‍ എസ്റ്റേറ്റ് ലോബിയാണ് നിര്‍ദേശംവച്ചത്. ഇവിടെ കരിങ്കല്‍ ക്വാറിയുള്ള 25 ഏക്കര്‍ സൗജന്യമായി വിട്ടുനല്‍കാമെന്നും സമീപത്തെ 25 ഏക്കര്‍ വിലകൊടുത്ത് വാങ്ങണമെന്നുമാണ് അറിയിച്ചത്. എന്നാൽ, കലക്ടറും വിദഗ്ധ സമിതിയും നടത്തിയ പരിശോധനയിൽ പ്രദേശം കെട്ടിടനിർമാണത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തി. റോഡും കുടിവെള്ള സൗകര്യവും ഒരുക്കുന്നത് പ്രയാസമാണെന്ന കാരണത്താലാണ് ഭൂമി ഏറ്റെടുക്കാനാകില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

നഗരസഭയുടെ വീഴ്ച

​സംസ്ഥാനത്തെ എല്ലാ ജനറല്‍ ആശുപത്രികളുടെയും ഭരണച്ചുമതല അതത് തദ്ദേശസ്ഥാപനങ്ങള്‍‌ക്ക് നല്‍കി 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. മഞ്ചേരി ജനറല്‍ ആശുപത്രിയും ഇക്കൂട്ടത്തിലുണ്ട്. ഉത്തരവിലുള്ള മറ്റ് തദ്ദേശസ്ഥാപനങ്ങള്‍ ജനറല്‍ ആശുപത്രികള്‍ ഏറ്റെടുത്തപ്പോള്‍ യുഡിഎഫ് ഭരണസമിതിയുള്ള മഞ്ചേരി നഗരസഭ ഒളിച്ചുകളിച്ചു. സര്‍ക്കാര്‍ ഉത്തരവ് പൂഴ്‌ത്തിവച്ച് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. ജനറല്‍ ആശുപത്രിക്ക് സ്ഥലം കണ്ടെത്തുന്നതിന് നഗരസഭ നടത്തിയ ഇടപെടല്‍ എന്തെന്നും ചോദ്യമാണ്.


100 രൂപ ടോക്കണിന്റെ വസ്തുത

സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ഓരോവര്‍ഷവും 100 രൂപമാത്രമാണ് മഞ്ചേരി ജനറല്‍ ആശുപത്രിക്കായി നീക്കിവച്ചതെന്ന പ്രചാരണം നടപടിക്രമങ്ങളിലെ അജ്ഞതകൊണ്ട്. സ്ഥലം ലഭ്യമായാല്‍ ജനറല്‍ ആശുപത്രി മാറ്റിസ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനിയിലുള്ളതിനാലാണ് 100 രൂപ ഓരോ ബജറ്റിലും ടോക്കണ്‍ വയ്ക്കുന്നത്. മാത്രമല്ല, നവകേരള സദസ്സിൽ സിപിഐ എം മഞ്ചേരി ഏരിയാ കമ്മിറ്റി നൽകിയ നിവേദനം പരിഗണിച്ച് 10 കോടി രൂപ ജനറൽ ആശുപത്രിക്ക് അനുവദിച്ചിട്ടുമുണ്ട്. അത്യാഹിത വിഭാഗവും സ്പെഷ്യാലിറ്റി ഒപി ബ്ലോക്കും നിര്‍മിക്കാനാണിത്. കൂടാതെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കോടികളുടെ പദ്ധതി കണ്ടില്ലെന്ന് നടിക്കുകയാണ്. 300 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കിയത്. കാത്ത് ലാബും ഡയാലിസിസ് യൂണിറ്റും സജ്ജമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home