കറുപ്പിലും വെളുപ്പിലും തെളിഞ്ഞ കാലം

മാനുക്കുട്ടി മാസ്റ്റർ വേങ്ങര ദീപ്തി സ്റ്റുഡിയോയിൽ
കെ കെ രാമകൃഷ്ണൻ
Published on Aug 19, 2025, 12:47 AM | 1 min read
വേങ്ങര
ഫോട്ടോഗ്രഫിയുടെ സുവർണ കാലഘട്ടത്തിന്റെ നിറംമങ്ങാത്ത ഓർമകളിലാണിന്നും കെ പി മാനുക്കുട്ടി. ഓർമകളെ ചേർത്തുപിടിക്കത്തക്കവണ്ണം പ്രതാപം നിലനിർത്തിക്കൊണ്ട് മാനുക്കുട്ടിയുടെ ദീപ്തി സ്റ്റുഡിയോ ഇന്നും തലയുയർത്തി നിൽപ്പുണ്ട് വേങ്ങരയിൽ. 1968ലാണ് കീഴ്മുറി പുരക്കൽ മാനുക്കുട്ടി എന്ന കെ പി മാനുക്കുട്ടി വേങ്ങരയിൽ ആദ്യ സ്റ്റുഡിയോ ആരംഭിക്കുന്നത്. അതിവേഗംതന്നെ വേങ്ങരയിലെ ഫോട്ടോഗ്രഫിയുടെ മറുവാക്കായി മാനുക്കുട്ടി. 58 വർഷത്തിനിടയിൽ പകർത്തിയ നിമിഷങ്ങളെല്ലാം വിലപ്പെട്ടതാണ്. പുതിയ കാലത്ത് സ്‌മാർട്ട് ഫോണുകൾ ഇറങ്ങിയതോടെ തൊഴിലിന്റെ മാന്യത തന്നെ നഷ്ടപ്പെട്ടു, ഇപ്പോൾ എല്ലാവരും ഫോട്ടോഗ്രാഫർമാരാണ് മാനുക്കുട്ടി പറയുന്നു. എം എഫ് ഹുസൈൻ, കാമരാജ്, ഇ എം എസ്, നായനാർ, കെ കരുണാകരൻ, ഹർകിഷൻ സിങ് സുർജിത്, സി എച്ച് മുഹമ്മദ് കോയ, മുഹമ്മദലി ശിഹാബ് തങ്ങൾ, എസ് കെ പൊറ്റെക്കാട്ട്, സി എൻ അഹമ്മദ് മൗലവി, വി എസ് തുടങ്ങി നിരവധി പ്രശസ്തരായ വ്യക്തികളുടെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. വേങ്ങര ബസ് സ്റ്റാൻഡ് കോംപ്ലക്സിലുള്ള സ്‌റ്റുഡിയോയിൽ ചെന്നാൽ അവിടെയുള്ള സൂക്ഷിപ്പിൽനിന്ന് വേങ്ങരയുടെ ചരിത്രം തന്നെ ഒപ്പിയെടുക്കാനാകും. തന്റെ മൂന്നാം തലമുറയിലേക്കും ഫോട്ടോഗ്രഫി പകർന്നുനൽകി എന്ന സൗഭാഗ്യവും മാനുക്കുട്ടിക്കുണ്ട്. മകൾ ജ്യോതി വിനോദും പേരമകൻ അശ്വിൻ വിനോദിനും പുറമേ നിരവധി ശിഷ്യഗണങ്ങളും ഇദ്ദേഹത്തിനുണ്ട്. മകൾക്കാണിപ്പോൾ സ്റ്റുഡിയോയുടെ ചുമതല.










0 comments